ശബരിമല തീർത്ഥാടകർക്കായി എയർപോർട്ടുകളിൽ നിന്ന് പമ്പയിലേക്ക് കെഎസ്ആർടിസി ഡയറക്ട് എസി ബസ് സർവീസുകൾ ആരംഭിക്കുന്നു. 2026–27 മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ തീർത്ഥാടകരുടെ യാത്രാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരം, കൊച്ചി എയർപോർട്ടുകളിൽ നിന്നാണ് പമ്പയിലേക്ക് കെഎസ്ആർടിസി എസി ബസ് സർവീസുകൾ നടത്തുന്നത്. ഇരു എയർപോർട്ടുകളിലെയും സർവീസുകൾ സംബന്ധിച്ച് കെഎസ്ആർടിസി അധികൃതരും എയർപോർട്ട് അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തയ്യാറാക്കിയത്.

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോൺ വെറ്റ്-ലീസ് (wet-lease) ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര എയർപോർട്ടിൽ നിന്ന് രാത്രി 9.30-നാണ് പമ്പയിലേക്കുള്ള സർവീസ് പുറപ്പെടുക. പമ്പയിൽ നിന്നുള്ള മടക്കയാത്ര വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം എയർപോർട്ടിൽ എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര എയർപോർട്ടിൽ നിന്ന് രാത്രി 8.30-നാണ് പമ്പയിലേക്കുള്ള സർവീസ് ആരംഭിക്കുന്നത്. പമ്പയിൽ നിന്നുള്ള മടക്ക സർവീസ് വൈകുന്നേരം 7 മണിക്ക് കൊച്ചി എയർപോർട്ടിൽ എത്തും.
വ്യത്യസ്ത വിമാനങ്ങളിൽ എത്തുന്ന തീർത്ഥാടകർക്കായി എയർപോർട്ടുകളിൽ വിരിവെക്കാനും വിശ്രമിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കെഎസ്ആർടിസി വെബ്സൈറ്റിന് പുറമെ വിമാന ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകൾ വഴിയും ബസ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കും. കൂടാതെ, ഗ്രൂപ്പുകൾക്കായി ചാർട്ടേർഡ് ബസുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. എയർപോർട്ടുകളിൽ നിന്നുള്ള വിമാനങ്ങളുടെ തത്സമയ വിവരങ്ങൾ പമ്പ ബസ് സ്റ്റേഷനിൽ പ്രദർശിപ്പിക്കുന്നതിനും ധാരണയായിട്ടുണ്ട്. വിമാനമാർഗ്ഗം കേരളത്തിലെത്തുന്ന തീർത്ഥാടകർക്ക് എയർപോർട്ടുകളിൽ നിന്ന് നേരിട്ട് പമ്പയിലേക്കും തിരിച്ചും യാത്ര ചെയ്യാൻ പുതിയ സർവീസുകൾ ഏറെ പ്രയോജനപ്പെടും. തീർത്ഥാടകരുടെ യാത്ര കൂടുതൽ സുഖകരവും തടസ്സരഹിതവുമാക്കുകയാണ് കെഎസ്ആർടിസി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
KSRTC launches direct AC bus services from Cochin and Thiruvananthapuram airports to Pampa for Sabarimala pilgrims, featuring flight tracking and flight booking site integration.

