നിതേഷ് തിവാരി സംവിധാനം ചെയ്ത ‘രാമായണം പാർട്ട് വൺ’ സിനിമ തിയേറ്ററുകളിൽ എത്തിയതോടെ രാമായണത്തിലെ ധീരകഥാപാത്രമായ ജടായുവിന്റെ ഇതിഹാസകഥ വീണ്ടും ശ്രദ്ധ നേടുകയാണ്. അതിനൊപ്പം കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ ഏറ്റവും ശ്രദ്ധേയമായ ആകർഷണങ്ങളിലൊന്നായ കൊല്ലം ചടയമംഗലത്തെ ജടായു എർത്ത് സെന്ററും ചർച്ചയാകുന്നു.

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപമെന്നറിയപ്പെടുന്ന ജടായു ശിൽപമാണ് ഇവിടത്തെ പ്രധാന ആകർഷണം. രാമായണത്തിലെ ജടായുവിന്റെ ത്യാഗത്തിന്റെയും ധീരതയുടെയും സ്മരണയ്ക്കായി നിർമ്മിച്ച ഈ കൂറ്റൻ ശിൽപം കേരളത്തിലെ സാംസ്കാരിക ടൂറിസത്തിന്റെ ശ്രദ്ധേയമായ അടയാളങ്ങളിലൊന്നാണ്.
രൺബീർ കപൂർ, സായ് പല്ലവി, യാഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘രാമായണം പാർട്ട് വൺ’ നവംബർ അഞ്ചിനാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്.
ഇന്ത്യൻ ഇതിഹാസത്തെ ആധുനിക സിനിമാസാങ്കേതികവിദ്യയുടെ സഹായത്തോടെ വലിയ ദൃശ്യാനുഭവമായി അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ്, രാമായണത്തിലെ കഥാപാത്രങ്ങളെയും അവരുമായി ബന്ധപ്പെട്ട സ്ഥലങ്ങളെയും കുറിച്ചുള്ള ചർച്ചകൾക്കും അവസരമൊരുക്കിയിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ് കൊല്ലത്തെ ജടായു എർത്ത് സെന്ററിന്റെ പ്രാധാന്യം വീണ്ടും ഉയരുന്നത്.
കേരളത്തിലെത്തുന്ന വിനോദസഞ്ചാരികൾക്ക് രാമായണവുമായി ബന്ധപ്പെട്ട ഒരു ഇതിഹാസകഥയെ ശിൽപകലയിലൂടെ അനുഭവിച്ചറിയാനുള്ള അവസരമാണ് ജടായുപ്പാറ ഒരുക്കുന്നത്.
200 അടി നീളമുള്ള വിസ്മയശിൽപം ജടായു എർത്ത് സെന്ററിലെ പക്ഷിശിൽപത്തിന്റെ വലിപ്പം തന്നെ അതിശയിപ്പിക്കുന്നതാണ്. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുള്ള ശിൽപം ചടയമംഗലത്തെ പാറക്കെട്ടുകൾക്ക് മുകളിലാണ് നിർമ്മിച്ചിരിക്കുന്നത്. ചലച്ചിത്ര സംവിധായകനും ശിൽപിയുമായ രാജീവ് അഞ്ചലും സംഘവുമാണ് ഈ ശിൽപത്തിന് രൂപം നൽകിയത്. ഒരു ചിറക് നഷ്ടപ്പെട്ട നിലയിൽ നിലത്തുവീണുകിടക്കുന്ന ജടായുവിനെയാണ് ശിൽപം അവതരിപ്പിക്കുന്നത്. വിടർത്തിയ ചിറകും ഉയർത്തിയ കൊക്കും കൂർത്ത നഖങ്ങളും ഉൾപ്പെടുന്ന രൂപകൽപന രാമായണത്തിലെ നിർണായക പോരാട്ടത്തിന്റെ ഓർമപ്പെടുത്തലാണ്. ഒരു പക്ഷിയുടെ കൂറ്റൻ രൂപം മാത്രമല്ല ഈ നിർമ്മിതി. ധീരതയുടെയും ത്യാഗത്തിന്റെയും കഥ ശിൽപകലയിലൂടെ അവതരിപ്പിക്കുന്ന സാംസ്കാരിക സ്മാരകം കൂടിയാണിത്.
രാമായണത്തിലെ ഏറ്റവും വൈകാരികമായ സന്ദർഭങ്ങളിലൊന്നാണ് ജടായുവും രാവണനും തമ്മിലുള്ള പോരാട്ടം. സീതയെ രാവണൻ തട്ടിക്കൊണ്ടുപോകുന്നത് കാണുന്ന ജടായു, രാവണനെ തടയാൻ ശ്രമിക്കുന്നു. പ്രായാധിക്യമുണ്ടായിരുന്നിട്ടും സീതയെ രക്ഷിക്കാനുള്ള ശ്രമത്തിൽനിന്ന് ജടായു പിന്മാറുന്നില്ല. രാവണനുമായി അതിശക്തമായ പോരാട്ടം നടത്തുന്നു. എന്നാൽ പോരാട്ടത്തിനൊടുവിൽ രാവണൻ ജടായുവിന്റെ ചിറകുകൾ വെട്ടിമാറ്റുകയും ജടായു നിലത്തുവീഴുകയും ചെയ്യുന്നു. പിന്നീട് സീതയെ അന്വേഷിച്ചെത്തുന്ന ശ്രീരാമന് സീതയെ കൊണ്ടുപോയ ദിശയെക്കുറിച്ചുള്ള വിവരം നൽകുന്ന ജടായു ജീവൻ വെടിയുന്നു എന്നാണ് ഇതിഹാസം വിവരിക്കുന്നത്. സ്വന്തം ജീവൻപോലും പരിഗണിക്കാതെ മറ്റൊരാളെ രക്ഷിക്കാൻ ശ്രമിച്ച ജടായു ധീരതയുടെയും ത്യാഗത്തിന്റെയും പ്രതീകമായി മാറുന്നത് ഈ സംഭവത്തിലൂടെയാണ്.
ഈ ഇതിഹാസ മുഹൂർത്തമാണ് ജടായു എർത്ത് സെന്ററിലെ ശിൽപത്തിന്റെ പ്രമേയം.
ജടായുപ്പാറ സന്ദര്‍ശിക്കാനും ഇതിഹാസകഥ നേരിട്ടറിയാനും എല്ലാവരെയും ക്ഷണിക്കുന്നതായി മുഖ്യമന്ത്രി വി ഡി സതീശൻ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇതിഹാസകാവ്യമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി സംവിധാനം ചെയ്ത സിനിമയായ രാമായണം പാര്‍ട്ട് വണ്‍ തിയേറ്ററിലെത്തിയ പശ്ചാത്തലത്തില്‍ കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിലെ ജടായു ശില്പത്തെ ശ്രദ്ധയില്‍പെടുത്തി മുഖ്യമന്ത്രി വി.ഡി സതീശന്. ഈ സിനിമയിലൂടെ ജടായു എന്ന ഇതിഹാസ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും ആദരവ് ഉണര്‍ത്താനും സാധിച്ചുവെന്ന് മുഖ്യമന്ത്രി സമൂഹമാധ്യമത്തില്‍ കുറിച്ചു. തെക്കൻ കേരളത്തിലെ പ്രധാന ടൂറിസം സ്പോട്ടായ ജടായു എർത്ത് സെന്ററിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.
With Nitesh Tiwari’s Ramayana Part One hitting theatres worldwide, the legendary character Jatayu has once again captured public attention. The massive Jatayu sculpture at Jatayu Earth’s Center in Chadayamangalam, Kollam, Kerala, commemorates the heroic bird that sacrificed its life while attempting to rescue Sita from Ravana. Recognised as the world’s largest bird sculpture, the magnificent structure measures 200 feet in length, 150 feet in width, and 75 feet in height. It was created under the leadership of renowned filmmaker and sculptor Rajiv Anchal. As the film revives interest in Jatayu’s legendary sacrifice, Kerala’s iconic tourist attraction is gaining renewed attention. In a social media post, V. D. Satheesan invited visitors to explore Jatayu Earth’s Center and experience the legendary story firsthand
