മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്റഗ്രേറ്റഡ് ടെർമിനലിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വിമാനത്താവളത്തിന്റെ വാർഷിക യാത്രക്കാരുടെ ശേഷി 25 ലക്ഷത്തിൽ നിന്ന് 52 ലക്ഷമായി ഉയർത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2029 അവസാനത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

നിലവിൽ 48,574 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ടെർമിനൽ പ്രതിവർഷം ഏകദേശം 20 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിനാണ് നിർമ്മിച്ചിരുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം ഈ പരിധി കടന്നതോടെയാണ് വികസനം അനിവാര്യമായത്. പുതിയ പദ്ധതിയിലൂടെ 27,100 ചതുരശ്ര മീറ്റർ സ്ഥലം കൂടി ടെർമിനലിനോട് കൂട്ടിച്ചേർക്കും.
വികസനം പൂർത്തിയാകുന്നതോടെ ചെക്ക്-ഇൻ, സുരക്ഷാ പരിശോധന, എമിഗ്രേഷൻ, ബാഗേജ് കൈകാര്യം ചെയ്യൽ, അറൈവൽ-ഡിപ്പാർച്ചർ മേഖലകൾ എന്നിവിടങ്ങളിൽ കൂടുതൽ സ്ഥലസൗകര്യവും ആധുനിക സംവിധാനങ്ങളും ലഭ്യമാകും. ഇതിനുപുറമെ 800-ലധികം വാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുന്ന മൾട്ടി ലെവൽ പാർക്കിങ് സൗകര്യം, ആധുനിക ഓഫീസുകൾ, ഭക്ഷണശാലകൾ, യാത്രക്കാർക്കുള്ള മറ്റ് വിനോദ-വിശ്രമ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന ബഹുനില കെട്ടിടവും നിർമ്മിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.
Work begins on the Mangaluru International Airport terminal expansion, aiming to boost passenger capacity to 5.2 million by 2029
