സംസ്ഥാനത്തെ എം.എസ്.എം.ഇകൾ, വനിതാ സ്വയംസഹായ സംഘങ്ങൾ, കരകൗശല വിദഗ്ധർ എന്നിവരിൽ നിന്നുള്ള ഉൽപ്പന്ന സംഭരണം വ്യാപിപ്പിക്കാൻ അമേരിക്കൻ റീട്ടെയിൽ ഭീമനായ വോള്മാർട്ടിനോട് ആവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് സർക്കാർ. 31-ാമത് സി.ഐ.ഐ പാർട്ണർഷിപ്പ് ഉച്ചകോടിയുടെ ഭാഗമായി നടന്ന ചർച്ചയിൽ ഐ.ടി-മാനവ വിഭവശേഷി വകുപ്പ് മന്ത്രി നാര ലോകേഷ്, വോള്‍മാർട്ട് ഗ്ലോബൽ ഗവൺമെന്റ് അഫയേഴ്സ് സീനിയർ വൈസ് പ്രസിഡന്റ് പോൾ ഡൈക്കുമായാണ് ഇക്കാര്യം ചർച്ച ചെയ്തത്. സമുദ്രോൽപ്പന്നങ്ങൾക്കും ഫാർമസ്യൂട്ടിക്കൽസ് ഉൽപ്പന്നങ്ങൾക്കും പുറമെ ചെറുകിട വ്യവസായങ്ങൾ, വനിതാ കൂട്ടായ്മകൾ, കരകൗശല വസ്തുക്കൾ എന്നിവയും വോള്മാർട്ടിന്റെയും ഫ്ലിപ്കാർട്ടിന്റെയും സംഭരണ ശൃംഖലയിലേക്ക് ഉൾപ്പെടുത്തണമെന്ന് സർക്കാർ ഔദ്യോഗിക പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

ആന്ധ്രയിലെ ചെറുകിട സംരംഭങ്ങളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നതിനായി പ്രത്യേക എം.എസ്.എം.ഇ സോഴ്സിങ് ഇവന്റ് സംഘടിപ്പിക്കണമെന്നും ‘സ്വയം എ.പി’, ‘ലേപാക്ഷി’ ബ്രാൻഡുകൾക്ക് കീഴിലുള്ള ഉൽപ്പന്നങ്ങൾക്കായി പ്രത്യേക വിതരണ ശൃംഖല രൂപീകരിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. ആന്ധ്രാപ്രദേശിൽ നിന്നുള്ള ചെമ്മീന്റെയും മറ്റ് ഉൽപ്പന്നങ്ങളുടെയും പ്രധാന ബയേർസാണ് വോള്‍മാർട്ട് എന്ന് പോൾ ഡൈക്ക് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിശോധിക്കാമെന്നും അദ്ദേഹം ഉറപ്പുനൽകി.
andhra pradesh urges walmart to expand product sourcing from local msmes, women self-help groups, and artisans to boost global market access.

