ചൈനീസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് സഹസ്ഥാപകനും ദീർഘകാല മേധാവിയുമായ ജെൻസൺ ഹുവാങ് രാജിവെച്ചതോടെ, ആഗോള എഐ ചിപ്പ് നിർമ്മാണ ഭീമനായ എൻവിഡിയയുടെ ഇടക്കാല സിഇഒ ആയി കൊളെറ്റ് ക്രെസ് ചുമതലയേറ്റു. സ്ഥിരം സിഇഒയെ കണ്ടെത്തുന്നത് വരെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ (സിഎഫ്ഒ) എന്നീ നിലവിലെ പദവികൾക്കൊപ്പമായിരിക്കും ഇവർ കമ്പനിയെ നയിക്കുക.

13 വർഷത്തിലേറെയായി എൻവിഡിയയുടെ സാമ്പത്തിക വിഭാഗത്തെ നയിക്കുന്ന വ്യക്തിയാണ് കൊളെറ്റ് ക്രെസ്. 2013 സെപ്റ്റംബറിൽ കമ്പനിയിൽ ചേർന്ന ഇവർ, എൻവിഡിയയെ സാധാരണ ഗ്രാഫിക്സ് ചിപ്പ് നിർമ്മാതാക്കളിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ എഐ ചിപ്പ് സാമ്രാജ്യമായി വളർത്തുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 2013-ൽ 4.13 ബില്യൺ ഡോളറായിരുന്ന കമ്പനിയുടെ വാർഷിക വരുമാനം 2026 സാമ്പത്തിക വർഷത്തിൽ 215.9 ബില്യൺ ഡോളറായി കുതിച്ചുയർന്നതിന് പിന്നിൽ ഇവരുടെ സാമ്പത്തിക തന്ത്രങ്ങളുമുണ്ട്.
ടെക് ലോകത്തെ 25 വർഷത്തെ പരിചയസമ്പത്ത്
അരിസോണ സർവ്വകലാശാലയിൽ നിന്ന് ഫിനാൻസിൽ ബിരുദവും, സതേൺ മെത്തഡിസ്റ്റ് സർവ്വകലാശാലയിൽ നിന്ന് എംബിഎയും നേടിയ ശേഷമാണ് കൊളെറ്റ് ക്രെസ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. എൻവിഡിയയിൽ എത്തുന്നതിന് മുമ്പ് ഏകദേശം 25 വർഷത്തോളം ലോകോത്തര ടെക് കമ്പനികളുടെ സാമ്പത്തിക വിഭാഗങ്ങളിൽ കൊളെറ്റ് പ്രവർത്തിച്ചിട്ടുണ്ട്.
ടെക്സസ് ഇൻസ്ട്രുമെന്റ്സിൽ എട്ട് വർഷം പ്രവർത്തിച്ച ശേഷം 1997-ൽ മൈക്രോസോഫ്റ്റിലെത്തിയ കൊളെറ്റ്, 2006-ൽ മൈക്രോസോഫ്റ്റിന്റെ സെർവർ ആൻഡ് ടൂൾസ് വിഭാഗം സിഎഫ്ഒ ആയി. തുടർന്ന് 2010 മുതൽ 2013 വരെ സിസ്കോയുടെ ബിസിനസ് ടെക്നോളജി ആൻഡ് ഓപ്പറേഷൻസ് ഫിനാൻസ് വിഭാഗത്തിന്റെ സീനിയർ വൈസ് പ്രസിഡന്റും സിഎഫ്ഒയുമായി സേവനമനുഷ്ഠിച്ച ശേഷമാണ് എൻവിഡിയയുടെ ഭാഗമായത്.
2026-ലെ ഫോബ്സ് പട്ടിക പ്രകാരം അമേരിക്കയിലെ സ്വന്തം പ്രയത്നത്തിലൂടെ സമ്പന്നരായ വനിതകളിൽ 32-ാം സ്ഥാനത്താണ് കൊളെറ്റ് ക്രെസ്. ഏകദേശം 750 മില്യൺ ഡോളർ (ഏകദേശം 6,300 കോടിയിലേറെ രൂപ) മൂല്യമുള്ള എൻവിഡിയ ഓഹരികൾ കൊളെറ്റിന്റെ പക്കലുണ്ട്.
ജെൻസൺ ഹുവാങ്ങിന്റെ പാത പിന്തുടരുമെന്ന് ക്രെസ്
കഴിഞ്ഞ 33 വർഷമായി ജെൻസൺ ഹുവാങ് കെട്ടിപ്പടുത്ത ശക്തമായ അടിത്തറയിൽ നിന്നുകൊണ്ട് കമ്പനിയെ മുന്നോട്ട് നയിക്കാൻ പ്രതിജ്ഞാബദ്ധയാണെന്ന് സ്ഥാനമേറ്റെടുത്തുകൊണ്ട് കൊളെറ്റ് ക്രെസ് വ്യക്തമാക്കി. എൻവിഡിയയുടെ അസാധാരണ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ച കൊളെറ്റ് ക്രെസ്സിലും നേതൃനിരയിലും ബോർഡിന് പൂർണ്ണ വിശ്വാസമുണ്ടെന്നും, കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്നും എൻവിഡിയ ബോർഡ് ചെയർമാൻ ഹാർവി ജോൺസ് പറഞ്ഞു.
colette kress steps in as nvidia interim ceo following jensen huang’s resignation. learn about her background, career history, and role as cfo.

