മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ 94 കോടി രൂപ ചെലവിൽ വികസിപ്പിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. മംഗളൂരു ജംഗ്ഷനിൽ വെച്ച് മഡ്ഗാവ്-യശ്വന്ത്പൂർ (ഗോവ-മംഗളൂരു-ബെംഗളൂരു) വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്റ്റേഷൻ നവീകരണത്തിനുള്ള ഡിപിആർ ഇതിനോടകം തയ്യാറായിക്കഴിഞ്ഞതായും മന്ത്രി അറിയിച്ചു.

ഹാസൻ-മംഗളൂരു പാത ഇരട്ടിപ്പിക്കലിനായുള്ള സർവേ പൂർത്തിയായതായും ഡിപിആർ തയ്യാറായി വരികയാണെന്നും മന്ത്രി വ്യക്തമാക്കി. കൊങ്കൺ റെയിൽവേയെ ഇന്ത്യൻ റെയിൽവേയിൽ ലയിപ്പിക്കുന്ന കാര്യത്തിൽ പങ്കാളികളായ നാല് സംസ്ഥാനങ്ങളുടെയും സമ്മതം ആവശ്യമാണെന്നും ഇതിനായി മുഖ്യമന്ത്രിമാരുമായി ചർച്ചകൾ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ പാണ്ഡേശ്വർ ലെവൽ ക്രോസിംഗ് പ്രശ്നം പരിഹരിക്കാൻ ഡൽഹിയിൽ നിന്ന് പ്രത്യേക സംഘത്തെ അയക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി മംഗളൂരു സൗത്ത് എം.എൽ.എ ഡി. വേദവ്യാസ് കാമത്ത് അറിയിച്ചു.
Railway Minister Ashwini Vaishnaw announces ₹94 crore redevelopment plan for Mangaluru Central station and flags off new Madgaon-Yesvantpur Vande Bharat.
