ആഗോള കപ്പൽ നിർമാണ രംഗത്ത് ഇന്ത്യയുടെ കരുത്ത് വർധിപ്പിക്കുന്നതിനായി ആന്ധ്രാപ്രദേശിലെ ദുഗരാജപട്ടണത്ത് 30,000 കോടി രൂപയുടെ വമ്പൻ കപ്പൽ നിർമാണ ക്ലസ്റ്റർ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി. വിശാഖപട്ടണത്ത് നടന്ന സി.ഐ.ഐ പാർട്ണർഷിപ്പ് ഉച്ചകോടിയിൽ കേന്ദ്ര തുറമുഖ-ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാളാണ് ദേശീയ കപ്പൽ നിർമാണ ദൗത്യത്തിന് കീഴിലുള്ള ഈ സുപ്രധാന പദ്ധതി പ്രഖ്യാപിച്ചത്. 3,488 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ഈ കേന്ദ്രം ഇന്ത്യയുടെ കിഴക്കൻ തീരത്ത് പ്രതിവർഷം 1.2 മില്യൺ ഗ്രോസ് ടൺ (GT) കപ്പൽ നിർമാണ ശേഷി കൂട്ടിച്ചേർക്കും.

കപ്പൽ നിർമാണ ശാലകൾക്ക് പുറമെ കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ, ഹെവി എൻജിനീയറിംഗ് യൂണിറ്റുകൾ, ഡ്രൈ ഡോക്കുകൾ, 2.1 കിലോമീറ്റർ വാട്ടർഫ്രണ്ട് സൗകര്യങ്ങൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ആന്ധ്രാപ്രദേശ് മാരിടൈം ബോർഡും വിശാഖപട്ടണം പോർട്ട് അതോറിറ്റിയും സംയുക്തമായി രൂപീകരിച്ച പ്രത്യേക കമ്പനിയാണ് (NSHIP-AP) നിക്ഷേപകരെ ആകർഷിക്കുന്നതും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും. ദുഗരാജപട്ടണത്തിന് പുറമെ തമിഴ്നാട്ടിലെ തൂത്തുക്കുടി, ഗുജറാത്തിലെ കുച്ച്ഡി, മഹാരാഷ്ട്രയിലെ ദിഗി, ഒഡീഷയിലെ കേന്ദ്രപ്പാറ എന്നിവയാണ് കേന്ദ്രം തിരഞ്ഞെടുത്ത മറ്റ് നാല് കപ്പൽ നിർമാണ കേന്ദ്രങ്ങൾ.
Central government approves a ₹30,000 crore mega shipbuilding cluster at Dugarajapatnam, Andhra Pradesh, with a 1.2 million GT annual capacity.

