സാങ്കേതിക പരിജ്ഞാനമോ പ്രത്യേക ടെക് ടീമോ ഇല്ലാതെ തന്നെ, ഒരൊറ്റ സംഭാഷണത്തിലൂടെ ഏതൊരു ബിസിനസ് ആശയത്തെയും സമ്പൂർണ മൊബൈൽ ആപ്പും സോഫ്റ്റ്വെയറുമാക്കി മാറ്റുന്ന നൂതന എഐ പ്ലാറ്റ്ഫോം പുറത്തിറക്കി കൊച്ചി ആസ്ഥാനമായുള്ള Aindriya Cosmos. കോവളത്ത് നടന്ന ‘ഹഡിൽ ഗ്ലോബൽ 2026’ (Huddle Global 2026) സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച ഈ പ്ലാറ്റ്ഫോമിലൂടെ വെറും 300 രൂപ മുതൽ മൊബൈൽ ആപ്പ്, കസ്റ്റം സോഫ്റ്റ്വെയർ, വെബ്സൈറ്റ്, പ്രൊമോ വീഡിയോകൾ, ഗാനങ്ങൾ, ഇൻവെസ്റ്റർ പിച്ച് ഡെക്കുകൾ എന്നിവ നിർമ്മിക്കാൻ സാധിക്കും.

സംരംഭകർ തങ്ങളുടെ ആശയം സ്വന്തം ഭാഷയിൽ വിവരിച്ചു നൽകിയാൽ മാത്രം മതി; പ്ലാറ്റ്ഫോമിലെ ‘കോസ്മി’ (Cosmi) എന്ന എഐ അസിസ്റ്റന്റ് ചോദ്യങ്ങളിലൂടെ ആവശ്യങ്ങൾ മനസ്സിലാക്കി ഡാറ്റാബേസ്, യൂസർ ലോഗിൻ, ഡാഷ്ബോർഡ്, ലൈവ് ഹോസ്റ്റിങ് എന്നിവയടക്കം പൂർണമായ ഡിജിറ്റൽ ഉൽപ്പന്നം നിർമ്മിച്ച് തത്സമയം ലഭ്യമാക്കും. വെബ്ബിലും മൊബൈലിലും ലഭ്യമായ ഈ സംവിധാനത്തിൽ സൗജന്യമായി സംഭാഷണം ആരംഭിക്കാനും ചെയ്യുന്ന ജോലികൾക്ക് മാത്രം പണം നൽകാനും സാധിക്കും.
ആപ്പ് നിർമ്മാണത്തിന് പുറമെ ഡൊമെയ്ൻ രജിസ്ട്രേഷൻ, ബ്രാൻഡ് ഐഡന്റിറ്റി, ലോഗോകൾ, ഓൺലൈൻ ഷോപ്പുകൾ, പേയ്മെന്റ് ക്യുആർ കോഡുകൾ, ബ്രോഷറുകൾ തുടങ്ങി ഒരു ബിസിനസ്സിന് ആവശ്യമായ ഒട്ടുമിക്ക സേവനങ്ങളും ഒരൊറ്റ ചാറ്റിലൂടെ ലഭ്യമാകും. കമ്പനികളുടെ നിലവിലുള്ള അക്കൗണ്ടിങ്, ഇൻവോയ്സിങ്, ഇ-കൊമേഴ്സ്, എച്ച്ആർ സംവിധാനങ്ങളെ ബന്ധിപ്പിച്ച് തത്സമയ ഡാറ്റാ വിശകലനം നടത്താൻ സഹായിക്കുന്ന ‘മൈ ബിസിനസ്’ (My Business) ഫീച്ചറും ഇതിന്റെ സവിശേഷതയാണ്.
വിമാന ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് സൗകര്യങ്ങൾ വരെ ഉൾപ്പെടുത്തിയിട്ടുള്ള ഈ പ്ലാറ്റ്ഫോം ‘പ്രോംപ്റ്റ് എൻജിനീയറിങ്’ വൈദഗ്ധ്യമില്ലാതെ തന്നെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ പ്രമുഖ ഇന്ത്യൻ ഭാഷകളിൽ സംസാരിച്ച് ഉപയോഗിക്കാനാകും. ലക്ഷങ്ങൾ ചെലവഴിക്കാതെ തന്നെ സാധാരണക്കാർക്കും പുതിയ സംരംഭകർക്കും മികച്ച സാങ്കേതികവിദ്യ ലഭ്യമാക്കി സംരംഭകത്വത്തിന്റെ വാതിലുകൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി സ്ഥാപകൻ ജ്യോതിസ് വ്യക്തമാക്കി.
Kochi-based startup Aindriya Cosmos launches an AI platform at Huddle Global 2026, enabling entrepreneurs to build mobile apps and software starting at just ₹300.
