ബഹിരാകാശ സാങ്കേതികവിദ്യയിലും സ്വകാര്യ ബഹിരാകാശ യാത്രകളിലും കുതിച്ചുചാട്ടം നടത്താൻ അംബാനി, അദാനി, ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യയിലെ വൻകിട വ്യവസായ ഗ്രൂപ്പുകൾ കൈകോർത്ത് സ്വകാര്യ കൺസോർഷ്യം രൂപീകരിക്കണമെന്ന് ഗഗൻയാൻ യാത്രികൻ എയർ കമ്മഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആഹ്വാനം ചെയ്തു. ന്യൂഡൽഹിയിൽ നടക്കുന്ന അഞ്ചാമത് ഇന്ത്യ ഇന്റർനാഷണൽ സ്പേസ് കോൺക്ലേവിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പേസ് എക്സിന്റെ (SpaceX) ക്രൂ ഡ്രാഗൺ, സ്റ്റാർഷിപ്പ് തുടങ്ങിയ നേട്ടങ്ങൾ സ്വകാര്യ നിക്ഷേപത്തിന്റെ കരുത്താണ് കാണിക്കുന്നതെന്നും, പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനങ്ങൾ (Reusable Launch Vehicles) ഉൾപ്പെടെയുള്ളവ നിർമ്മിക്കാൻ ഇന്ത്യൻ സ്വകാര്യ മേഖല മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ അമേരിക്കയ്ക്ക് ശേഷം സ്വകാര്യ മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾ നടത്തുന്ന രണ്ടാമത്തെ രാജ്യമായി ഇന്ത്യയ്ക്ക് മാറാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ തന്ത്രപരമായ സ്വയംഭരണത്തിന് നിർമ്മിത ബുദ്ധിയിലെ (AI) സ്വയംപര്യാപ്തത പോലെ തന്നെ പ്രധാനമാണ് ബഹിരാകാശ മേഖലയിലെ സ്വയംപര്യാപ്തതയെന്നും പ്രശാന്ത് നായർ ചൂണ്ടിക്കാട്ടി. സർക്കാർ, ഐസ്ആർഒ, വ്യോമസേന, ഇൻ-സ്പേസ്, സ്റ്റാർട്ടപ്പുകൾ എന്നിവ ‘മിഷൻ മോഡിൽ’ ഒന്നിച്ച് പ്രവർത്തിക്കണം. ഗഗൻയാൻ ദൗത്യത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിച്ച അദ്ദേഹം, രാജ്യത്ത് മുൻപ് മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ സാങ്കേതികവിദ്യാ വികസനവും യാത്രികരുടെ പരിശീലനവും ഒരേസമയമാണ് മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കി.
‘വ്യോമമിത്ര’ എന്ന ഹ്യൂമനോയിഡ് റോബോട്ടിനെ വഹിച്ചുള്ള ആദ്യ ആളില്ലാ പരീക്ഷണ വിക്ഷേപണം ദൗത്യത്തിന്റെ നിർണ്ണായക ഘട്ടമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പരീക്ഷണത്തിൽ ലൈഫ് സപ്പോർട്ട് സംവിധാനങ്ങൾ പൂർണ്ണമായി ഉപയോഗിക്കില്ലെങ്കിലും, വിക്ഷേപണം മുതൽ പേടകം കടലിൽ ഇറങ്ങുന്നത് വരെയുള്ള മുഴുവൻ പ്രക്രിയകളും ഏജൻസികൾ തമ്മിലുള്ള ഏകോപനവും ഇതിലൂടെ വിലയിരുത്തപ്പെടും. മനുഷ്യജീവൻ പണയപ്പെടുത്തുന്നതിന് മുൻപ് സുരക്ഷാ സംവിധാനങ്ങളും അടിയന്തര രക്ഷാപ്രവർത്തന രീതികളും കുറ്റമറ്റതാണെന്ന് ഉറപ്പാക്കാൻ ഈ പരീക്ഷണത്തിലെ വിവരങ്ങൾ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Gaganyaan astronaut Prasanth Nair has urged industrial giants like Ambani, Adani, Tata, and Mahindra to form a consortium to build India’s own SpaceX.
