വിമാന എൻജിനുകളുടെ പ്രകമ്പനം കാരണമുണ്ടാകുന്ന ശബ്ദത്തെക്കുറിച്ച് പഠിക്കുന്നതിനും ക്യാബിനുള്ളിലെ ശബ്ദം കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനുമായി പ്രമുഖ എൻജിൻ നിർമ്മാതാക്കളായ റോൾസ്-റോയ്സും ഐ.ഐ.ടി കാൺപൂരും സംയുക്ത ഗവേഷണ പദ്ധതി ആരംഭിച്ചു. യാത്രക്കാരുടെ സുഖസൗകര്യങ്ങളെ നേരിട്ട് ബാധിക്കുന്ന ‘സ്ട്രക്ചർ-ബോൺ നോയ്സ്’ (structure-borne noise) നിയന്ത്രിക്കുന്നതിലാണ് ആറ് മാസം ദൈർഘ്യമുള്ള ഈ പദ്ധതി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

റോൾസ്-റോയ്സ് വികസിപ്പിച്ചെടുത്ത ന്യൂമറിക്കൽ രീതികൾ ഐ.ഐ.ടി കാൺപൂരിൽ സജ്ജീകരിക്കുന്ന പ്രത്യേക പരീക്ഷണ സംവിധാനത്തിലൂടെ (test-rig setup) പരിശോധിച്ച് ഉറപ്പുവരുത്തും. വിമാനത്തിന്റെ ഉൾഭാഗം അനുകരിക്കുന്ന പ്രത്യേക മാതൃകയും അത്യാധുനിക അക്കൗസ്റ്റിക്-വൈബ്രേഷൻ സെൻസറുകളും ഉപയോഗിച്ചാണ് എൻജിൻ പ്രകമ്പനം ക്യാബിനിലെ ശബ്ദത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ഗവേഷകർ പഠിക്കുക. ഈ വർഷം ആദ്യം ഇരു സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർച്ചയായാണ് ഈ ഗവേഷണ സഹകരണം നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഭാവിയിൽ കൂടുതൽ വിപുലമായ ഗവേഷണ ഘട്ടങ്ങളിലേക്ക് കടക്കാനും ലക്ഷ്യമിടുന്നതായി ഐ.ഐ.ടി കാൺപൂർ ഡയറക്ടർ പ്രൊഫ. മണീന്ദ്ര അഗർവാൾ വ്യക്തമാക്കി.
Rolls Royce and IIT Kanpur launch a six-month research project to study engine vibrations and develop advanced technologies to reduce aircraft cabin noise.
