കൊറോണ ലോക്ഡൗണ്‍ വീണ്ടും പല വീടുകളെയും ഇല്ലായ്മയുടെ മധ്യത്തിലേക്കാണ് തള്ളിവിടുന്നത്. അന്നന്നത്തെ അധ്വാനത്തില്‍ കുടുംബം പോറ്റിയിരുന്നവര്‍ക്ക് തിരിച്ചടിയാകുന്ന കാലം. എന്നാല്‍ മനുഷ്യത്വം എന്നതിന് ഏത് പ്രതിസന്ധിയേയും ഒറ്റക്കെട്ടായി നേരിടാന്‍ സാധിക്കുമെന്നും സ്നേഹത്തിലൂന്നിയുള്ള സമീപനമാണ് മികച്ച നിക്ഷേപമെന്നും തെളിയിക്കുകയാണ് ഡിസൈനറും സംരംഭകയുമായ ലക്ഷ്മി മേനോന്.
കോവിഡ് എന്ന പേര് വെച്ച് തന്നെ ലക്ഷ്മി അവതരിപ്പിച്ച കോ-വീട് എന്ന ആശയമാണ് ഇപ്പോള്‍ ഏവരും നിറകയ്യടിയോടെ സ്വീകരിക്കുന്നത്. മഹാ പ്രളയം തളര്‍ത്ത ചേന്ദമംഗലത്തിന്റെ കണ്ണീരൊപ്പാന്‍ ചേക്കുട്ടി പാവയും, വിത്തു പേനയും തുടങ്ങി തെരുവിലുറങ്ങുന്നവര്‍ക്കായി ശയ്യയുമെല്ലാം ഒരുക്കി ഈ സംരംഭക ജനമനസുകളില്‍ ഇടം നേടിയിരുന്നു.
കാര്‍ഡ് ബോര്‍ഡ് കൊണ്ടൊരു കോവീട്
കാര്‍ഡ്ബോര്‍ഡുകൊണ്ട് വീട്ടില്‍ ഒരു കൊച്ചു വീടൊരുക്കുക. കാരുണ്യത്തിന്റെ, സഹകരണത്തിന്റെ കുഞ്ഞു വീട്. ഇതില്‍ എല്ലാ ദിവസവും ഒരു പിടി പയര്‍, അവല്, കടല അങ്ങനെ എന്തെങ്കിലുമൊക്കെ നിക്ഷേപിക്കുക. ഓരോ കുഞ്ഞ് കോവീടിലും നമുക്ക് ഉള്ളതിന്റെ ഒരു ചെറിയ ഭാഗം പകുത്തുവയ്ക്കാം. ഇത് ഓരോന്നും ഒരു കരുതലിന്റെ പ്രതീകങ്ങളാണ്. ഈ ലോക്ഡൗണ്‍ കാലം പൂര്‍ത്തിയാകുമ്പോഴേയ്ക്കും അതൊരു വലിയ അളവായിട്ടുണ്ടാകും. ഇത് അയല്‍വീട്ടിലെ അര്‍ഹരായവര്‍ക്ക് സമ്മാനിക്കാം.
ഇനിയുള്ള കാലം ഇതു നമുക്ക് ശീലമാക്കാം എന്നും ലക്ഷ്മി പറയുന്നു. ഒരു കുഞ്ഞു വീടിന്റെ ആകൃതിയില്‍ നിര്‍മിക്കുമ്പോള്‍ അതൊരു സമ്മാനമായി മാറുന്നു. കുട്ടികള്‍ക്കും ഇതിനോട് ഒരു ആകര്‍ഷണം തോന്നും എന്ന് മാത്രമല്ല പഴയതെന്നു കരുതി നമ്മള് തള്ളിക്കളഞ്ഞ പതിവ് പുതുതലമുറയും ശീലമാക്കും.
ആശയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ദിനം തന്നെ
ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസം തന്നെ മനസില്‍ ഉദിച്ച ആശയം ലക്ഷ്മി സുഹൃത്തുക്കളുമായി പങ്കുവച്ചപ്പോള്‍ പലരും താല്പര്യം കാണിച്ച് മുന്നോട്ടു വന്നു. എങ്ങനെ ഈ കോവീട് എപ്രകാരം നിര്‍മിക്കാം എന്നു പഠിപ്പിക്കുന്ന വിഡിയോ എന്ന വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന്റെ ടെപ്ലേറ്റും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. കോവിഡ് നിര്‍മ്മാണം ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ വീട്ടിലിരിക്കുന്നവര്‍ക്ക് പ്രൊഡക്ടീവായ നേരം പോക്കാണെന്നും ലക്ഷ്മി പറയുന്നു.