കശ്മീരിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രസ്താവന ഇറക്കി ഹ്യൂണ്ടായ് ഇന്ത്യ
ട്വീറ്റ് പാകിസ്ഥാനിൽ, പുലിവാല് പിടിച്ചത് ഇന്ത്യയിൽ
കശ്മീരിനെ കുറിച്ച് ദക്ഷിണകൊറിയൻ വാഹന നിർമാതാവ് ഹ്യുണ്ടായിയുടെ പാകിസ്ഥാൻ യൂണിറ്റ് സോഷ്യൽ മീഡിയയിൽ ഐക്യദാർഢ്യ സന്ദേശങ്ങൾ പങ്കുവെച്ചതിന് പിന്നാലെ വിശദീകരണവുമായി ഹ്യുണ്ടായ് ഇന്ത്യ. ഹ്യുണ്ടായ് പാകിസ്ഥാൻ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഫെബ്രുവരി 5 ന്, ഐക്യദാർഢ്യസന്ദേശം പ്രത്യക്ഷപ്പെട്ടത്. കശ്മീരിലെ വിഘടനവാദ പ്രസ്ഥാനത്തിന് പിന്തുണ നൽകുന്നതിനായിട്ടാണ് പാകിസ്ഥാൻ ഫെബ്രുവരി 5 ‘കശ്മീർ ഐക്യദാർഢ്യ ദിനം’ ആയി ആചരിക്കുന്നത്. പാകിസ്ഥാനിലെ യൂണിറ്റിന്റെ പോസ്റ്റിന് പിന്നാലെ പുലിവാല് പിടിച്ചത് ഹ്യുണ്ടായ് ഇന്ത്യ ആയിരുന്നു. കമ്പനിക്കെതിരെ ഇന്ത്യയിൽ വ്യാപക പ്രതിഷേധമുയർന്നു. ഹ്യുണ്ടായി കമ്പനി ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കില്‍ രാജ്യം വിടണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. സോഷ്യൽ മീഡിയ പോസ്റ്റുകൾ പിന്നീട് നീക്കം ചെയ്തുവെങ്കിലും #BoycottHyundai ഇന്ത്യയിൽ ട്വിറ്ററിൽ ട്രെൻഡിംഗാകുകയായിരുന്നു. ഹ്യുണ്ടായ് ഇന്ത്യ ഇതോടെ വിശദീകരണവുമായി രംഗത്തെത്തി.
India ഹ്യുണ്ടായിയുടെ രണ്ടാമത്തെ ഭവനം
ദേശീയതയെ ബഹുമാനിക്കുന്ന ശക്തമായ ധാർമ്മികതയിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഹ്യുണ്ടായി ഇന്ത്യ വിശദീകരണക്കുറിപ്പിൽ പറഞ്ഞു. ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയെ ബന്ധിപ്പിക്കുന്ന അനാവശ്യമായ സോഷ്യൽ മീഡിയ പോസ്റ്റ് ഈ മഹത്തായ രാജ്യത്തോടുള്ള ഞങ്ങളുടെ സമാനതകളില്ലാത്ത പ്രതിബദ്ധതയെയും സേവനത്തെയും വ്രണപ്പെടുത്തുന്നു. ഇന്ത്യ ഹ്യുണ്ടായ് ബ്രാൻഡിന്റെ രണ്ടാമത്തെ ഭവനമാണ്. ഇത്രയും വൈകാരികമായ പ്രതികരണങ്ങളോട് ഞങ്ങൾ സഹിഷ്ണുത കാണിക്കുന്നില്ല, അത്തരം വീക്ഷണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, ഹ്യുണ്ടായ് ഇന്ത്യയുടെ പ്രസ്താവന പറയുന്നു. മാരുതി സുസുക്കി ഇന്ത്യ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. പാകിസ്താനിലെ നിഷാത് ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ നിഷാത് മിൽസുമായി ഹ്യുണ്ടായ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിട്ടുണ്ട്.