യുഎസിലെ ബിൽ,ഇന്ത്യയിൽ എന്താകും?
വരുമാനം പങ്കിടുന്നതിനായി Google, Facebook എന്നിവയുൾപ്പെടെയുള്ള ബിഗ് ടെക് പ്ലാറ്റ്ഫോമുകളുമായി മാധ്യമ സ്ഥാപനങ്ങൾക്ക് കൂട്ടായ ചർച്ചകൾ നടത്തുന്നതിന് യുഎസിൽ ഒരു ബിൽ അവതരിപ്പിച്ചത് കഴിഞ്ഞ ദിവസമാണ്. വരുമാനത്തിന്റെ ന്യായമായ വിഹിതം നിയമപരമായും ന്യായമായും അവകാശപ്പെടാനുള്ള അധികാരം മാധ്യമ സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുളള ഈ നീക്കം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന സംഭവവികാസമാണ്. 2021 മാർച്ചിൽ അവതരിപ്പിച്ച ബില്ലിന്റെ പരിഷ്കരിച്ച പതിപ്പാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ജേണലിസം കോമ്പറ്റീഷൻ ആന്റ് പ്രിസർവേഷൻ ആക്റ്റ്.വാർത്തകളുടെ മൂല്യത്തിന് പണം നൽകാതെ സ്ഥിരമായി വാർത്താ ഉള്ളടക്കം ആക്സസ് ചെയ്യുന്ന ഗേറ്റ്കീപ്പർ പ്ലാറ്റ്ഫോമുകളുമായി കൂട്ടായ ചർച്ചകൾ നടത്താനും ന്യായമായ വ്യവസ്ഥകൾ തയ്യാറാക്കാനും വാർത്താ മാധ്യമങ്ങൾക്കുളള നിയമപരമായ തടസ്സങ്ങൾ നീക്കുന്നതാണ് ബിൽ എന്നാണ് യുഎസിലെ നിയമനിർമ്മാതാക്കൾ പറയുന്നത്. ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റും മെറ്റയും അംഗമായ കമ്പ്യൂട്ടർ & കമ്മ്യൂണിക്കേഷൻസ് ഇൻഡസ്ട്രി അസോസിയേഷൻ ആൻഡ് നെറ്റ് ചോയിസ് ബില്ലിന്റെ മുൻ പതിപ്പിനെ ശക്തമായി എതിർത്തിരുന്നു.
ബിഗ്ടെക്കുകളുടെ ചെവിക്ക് പിടിക്കാൻ ഇന്ത്യയും
ഇന്ത്യയിൽ ടെക് ഭീമന്മാരുടെ പ്രതിനിധികൾ മത്സര വിരുദ്ധ നടപടികളുമായി ബന്ധപ്പെട്ട് പാർലമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുന്ന സമയത്താണ് യുഎസ് ബിൽ വരുന്നതെന്നതാണ് ശ്രദ്ധേയം.ധനകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ, നെറ്റ്ഫ്ലിക്സ് എന്നിവയുടെ പ്രതിനിധികളെ ചോദ്യം ചെയ്തിരുന്നു. ഫ്ലിപ്കാർട്ട്, ഒല, ഒയോ എന്നിവയുടെ പ്രതിനിധികളെയും ചോദ്യം ചെയ്യാൻ ഒരുങ്ങുന്നു. ഡിജിറ്റൽ മാധ്യമ സംഘടനാ പ്ലാറ്റ്ഫോമായ ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്സ് അസോസിയേഷൻ (DNPA) യുഎസിലെ ബില്ലിനെ സ്വാഗതം ചെയ്തിരുന്നു. ഈ വർഷമാദ്യം, ഡിജിറ്റൽ വാർത്താ സ്ഥാപനങ്ങളുമായി വരുമാനം പങ്കിടുന്നതിൽ ദുരുപയോഗം ആരോപിച്ച് ഡിഎൻപിഎയുടെ പരാതിയെ തുടർന്ന് കോമ്പറ്റീഷൻ കമ്മിറ്റി ഓഫ് ഇന്ത്യ (CCI) ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചിരുന്നു.റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 30-ന് ഇന്ത്യയിലെ ഐടി നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ആദ്യ ഓഡിറ്റ് ഐടി മന്ത്രാലയം പുറത്തിറക്കും. മറ്റൊരു റിപ്പോർട്ട് അനുസരിച്ച് കേന്ദ്രം ഡിജിറ്റൽ ഇന്ത്യ ആക്റ്റ് എന്ന ഒരു പുതിയ ഐടി നിയമവുമായി വരുന്നു.ഇതിനായി യൂറോപ്യൻ യൂണിയന്റെ ഉൾപ്പെടെ 20 ഓളം രാജ്യങ്ങളുടെ നിയമങ്ങൾ ഇന്ത്യ പരിശോധിക്കുന്നുണ്ട്.പുതിയ നിയമത്തിൽ ബിഗ് ടെക്കുകളുടെ കുത്തകകളെ നിയന്ത്രിക്കുന്നതിനുളള വ്യവസ്ഥകൾ ഉൾപ്പെടുത്താം. വിപണി ആധിപത്യം സംബന്ധിച്ച ഗേറ്റ്കീപ്പിംഗ് നിയമങ്ങളും കൊണ്ടുവരാം.യൂറോപ്യന് യൂണിയന്, കാനഡ, ഓസ്ട്രേലിയ തുടങ്ങിയയിടങ്ങളിലും സമാനമായ നിയമനിർമാണം നടന്നിരുന്നു.