രാജ്യത്തെ റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ ഓടിക്കുന്നതിനുളള ആദ്യ ലൈസൻസിന് അംഗീകാരം നൽകി യുഎഇ. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ട്വിറ്റിലൂടെ ഇക്കാര്യം അറിയിച്ചത്. യുഎഇ മന്ത്രിസഭാ യോഗത്തിൽ ഷെയ്ഖ് മുഹമ്മദിന്റെ അധ്യക്ഷതയിലായിരുന്നു തീരുമാനം.
ചൈനയിലെ ഗ്വാങ്‌ഷൂ ആസ്ഥാനമായ WeRide എന്ന കമ്പനിയാണ് സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾ നിരത്തിലിറക്കുക. “രാജ്യത്തിന്റെ ഭാവി മൊബിലിറ്റി പാറ്റേണുകളിലെ മാറ്റം പ്രതിഫലിപ്പിക്കുന്ന എല്ലാത്തരം ഓട്ടോണമസ് വാഹനങ്ങളും WeRide രാജ്യത്ത് പരീക്ഷിക്കും,” അദ്ദേഹം ട്വീറ്റ് ചെയ്തു. യുഎഇയിലെ ഗതാഗതമേഖലയിൽ നിർണായകമാകുന്ന വ്യത്യസ്ത തരം ഓട്ടോണമസ് വാഹനങ്ങൾ കമ്പനി പരീക്ഷിക്കും.
അബുദാബിയിലും കേന്ദ്രങ്ങളുളള WeRide ലോകത്തെ 26-ലധികം നഗരങ്ങളിൽ സ്വയംഭരണ ഡ്രൈവിംഗ് ഗവേഷണവും പ്രവർത്തനങ്ങളും നടത്തുന്നു. കമ്പനിയുടെ ഉൽപ്പന്നങ്ങളിൽ റോബോടാക്‌സികൾ, റോബോബസുകൾ, ഡെലിവറി സേവനങ്ങൾക്കായി റോബോവാനുകൾ, ഏത് കാലാവസ്ഥയിലും 24 മണിക്കൂറും പ്രവർത്തിക്കാൻ കഴിയുന്ന റോബോസ്വീപ്പറുകൾ എന്നിവ ഉൾപ്പെടുന്നു. ഓൺലൈൻ റൈഡ്-ഹെയ്ലിംഗ്, ഓൺ-ഡിമാൻഡ് ട്രാൻസ്പോർട്ട്, അർബൻ ലോജിസ്റ്റിക്സ് എന്നിവ സേവനങ്ങളിൽ ഉൾപ്പെടുന്നു.
ഫെഡറൽ ഇലക്ട്രിക് വാഹന നയത്തിന് അംഗീകാരം നൽകിയതായും ഷെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചു. വൈദ്യുത വാഹന ചാർജറുകളുടെ ഒരു ദേശീയ ശൃംഖല നിർമ്മിക്കുക, വിപണി നിയന്ത്രിക്കുക, കുറഞ്ഞ മലിനീകരണവും ഊർജ്ജ ഉപഭോഗവും ഉറപ്പാക്കുന്നതിന് അനുബന്ധ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇത് ലക്ഷ്യമിടുന്നത്. ഗതാഗത മേഖലയിലെ ഊർജ ഉപഭോഗം 20 ശതമാനം കുറയ്ക്കാൻ നയം സഹായിക്കും.