ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് ആതിഥേയ നഗരമായ ഹാങ്ചൗവിലെത്തുന്ന കായിക പ്രേമികളെയും, കായിക താരങ്ങളെയും കാത്തിരിക്കുന്നത് ഒരു കൂട്ടം അത്ഭുതങ്ങളാണ്. ലോകത്തിനു മണ്ണിൽ തങ്ങളുടെ ടെക്നോളജി മേന്മ കാഴ്ചവയ്ക്കാൻ ചൈനക്ക് ഇതിലും വലിയ മറ്റൊരവസരം ലഭിക്കാനുമില്ല.
നിരത്തുകളിലും ട്രാക്കുകളിലും, കെട്ടിടങ്ങളിലുമൊക്കെ ചൈനീസ് വിസ്മയങ്ങൾ ഒളിഞ്ഞിരിക്കാം.
ഇക്കൂട്ടത്തിൽ ലോക ശ്രദ്ധ ആകർഷിക്കുന്ന ഒന്നാകും ഗെയിംസ് വില്ലേജുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന അത്യാധുനിക 5G മിനി ബസുകൾ. അത്‌ലറ്റുകളെയും, അതിഥികളെയും ഒരു വേദിയിൽ നിന്നും അടുത്ത വേദിയിലേക്ക് കൊണ്ട് പോകാൻ സദാ സേവന സന്നദ്ധരായി ഇവരുണ്ടാകും. പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ട്. ഡ്രൈവറും കണ്ടക്ടറും മാത്രം ഉണ്ടാകില്ല. കരണമെന്തെന്നോ. ഇത് ഡ്രൈവറില്ലാ റോബോ ബസ്സുകളാണ്. അത് തന്നെയാണ് ചൈനയുടെ മാസ്റ്റർകാർഡും.
നിലവിൽ ചൈനയുടെ തിരെഞ്ഞെടുത്ത നഗരങ്ങളിൽ ഈ ‘റോബോ ബസുകൾ’ പൊതു ഗതാഗത സംവിധാനത്തിന്റെ ഭാഗമായി പരീക്ഷാടിസ്ഥാനത്തിൽ ഓടിക്കൊണ്ടിരിക്കുകയാണ്. യാത്രക്കാർ കയറിയാൽ പിന്നെ നിയന്ത്രണം റോബോ സെൻസറുകൾ ഏറ്റെടുക്കും.
6.5 മീറ്റർ നീളം മാത്രമുള്ള മിനി ബസിൽ പരമാവധി 30 യാത്രക്കാരെ ഉൾക്കൊള്ളാനാകും. 50 കിലോമീറ്ററാണ് വേഗപരിധി. റോഡിലെ തിരക്ക്, ട്രാഫിക് സിഗ്നലുകൾ, കാൽനടയാത്രക്കാർ, മറ്റു തടസ്സങ്ങൾ എന്നിവയെല്ലാം മറികടന്ന് ‘റോബോ ബസ്’ കുതിക്കുന്നത് സെൻസറുകളുടെ സഹായത്തോടെയാണ്.
5 ജി സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഓട്ടമേറ്റഡ് ഇലക്ട്രിക് ബസുകളാണ് ഏഷ്യൻ ഗെയിംസിനായി ചൈന നിരത്തിലിറക്കുന്നത്. മത്സരവേദികളെ തമ്മിൽ ബന്ധിപ്പിച്ച് ഷട്ടിൽ സർവീസ് നടത്തുന്ന ബസുകൾക്ക് നിശ്ചിത സ്റ്റോപ്പുകളുമുണ്ടാകും. മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്‌തും, തത്സമയം ബുക്കിംഗ് എടുത്തും കായിക പ്രേമികൾക്കും അതിഥികൾക്കും ഈ ബസ്സിന്റെ സേവനം വിനിയോഗിക്കാം.
റോബോ ബസ്സ് മാത്രമാകില്ല ചൈന രംഗത്തെത്തിക്കുക.
ഏഷ്യൻ ഗെയിംസിനോടനുബന്ധിച്ച് ആതിഥേയ നഗരമായ ഹാങ്ചൗവിനെയും മറ്റു ചൈനീസ് നഗരങ്ങളെയും ബന്ധിപ്പിച്ച് പ്രത്യേക ബുള്ളറ്റ് ട്രെയിനും ചൈന ട്രാക്കിലിറക്കുന്നുണ്ട്. 578 പേർക്ക് യാത്ര ചെയ്യാവുന്ന ട്രെയിനിന്റെ പരമാവധി വേഗം മണിക്കൂറിൽ 350 കിലോമീറ്ററാണ്. ഏറെ അകലെയുള്ള മത്സര വേദികളെ മിനിറ്റുകൾ കൊണ്ട് ബന്ധിപ്പിക്കുകയാണ് ലക്‌ഷ്യം.