മഷ്റൂം ബിരിയാണി, സൂപ്പ്, മെഴുക്കുപുരട്ടി അങ്ങനെ നീണ്ടുപോകും പട്ടിക. പക്ഷേ, കൊല്ലം പത്തനാപുരം തലവൂരിലെ ലാലു തോമസ് കൂൺ കൊണ്ടുണ്ടാക്കിയത് കോഫിയാണ്, കിടിലനൊരു മഷ്റൂം കോഫി.
ഗൾഫിൽ 15 വർഷം ഷെഫായിരുന്ന ലാലുവിന്റെ മനസിൽ ഇങ്ങനൊരു കോമ്പിനേഷനിൽ രുചിക്കൂട്ട് തെളിഞ്ഞില്ലങ്കിലേ അത്ഭുതമുള്ളൂ. ഷെഫിന്റെ കിച്ചണിലെ ഈ മഷ്റൂം കോഫിയുടെ ഗന്ധം ഇന്ന് പതിനായിരകണക്കിന് ആളുകളുടെ വീടുകളിൽ നിന്നും ഉയരുന്നുണ്ട്. ലാ ബേ മഷ്റൂം കോഫി എന്ന പേരിലാണ് ലാലു ഇത് വിപണിയിലെത്തിച്ചത്.
കോഫിയിൽ തിളച്ച് മഷ്റൂം
കൂൺ ചേർത്ത കോഫീ എന്നു കേൾക്കുമ്പോൾ പലരും മുഖം ചുളിക്കും, കാപ്പിയിൽ എങ്ങനെ കൂണിന്റെ രുചി ചേരും?
നല്ല ചൂട് മഷ്റൂം കോഫി ഒരു കവിൾ കുടിച്ചാൽ ആ സംശയമെല്ലാം പറപറക്കും. കൂണിന്റെ ഗുണങ്ങളും കാപ്പിയുടെ രുചിയുമാണ് മഷ്റൂം കോഫിക്ക്. പൊടി രൂപത്തിലുള്ള ലാ ബേ മഷ്റൂം കോഫിയിൽ 30 ശതമാനമേ കാപ്പിയുള്ളു, ബാക്കി 70% കൂണാണ് ചേർത്തിരിക്കുന്നത്.പലരെയും പോലെ കോവിഡാണ് ലാലുവിനെയും സംരംഭകനാക്കിയത്. 15 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് കോവിഡ് ലോക്ഡൗണിൽ നാട്ടിലേക്ക് തിരിക്കാൻ ലാലുവിനെ പ്രേരിപ്പിച്ചു.
ഗൾഫിൽ ഇത്തിഹാദ് വിമാനക്കമ്പനിയിൽ ഷെഫായിരുന്ന ലാലു നാട്ടിലെത്തി ഇനി എന്ത് എന്ന ചിന്തയിൽ ഇരിക്കുമ്പോഴാണ് കൂൺ കൃഷി മനസിൽ മുളച്ച് പൊന്തിയത്. ഭാര്യ ആൻസി ലാലുവുമായി ചേർന്ന് അങ്ങനെ ലാലു കൂൺ കൃഷിയിലേക്ക് തിരിഞ്ഞു. എന്നാൽ വിചാരിച്ച പോലെ കൃഷിയിൽ നിന്ന് വരുമാനമുണ്ടായില്ല. വിളവെടുപ്പ് കഴിഞ്ഞാൽ 3 ദിവസം വരെ കൂൺ കേടാവാതെ സൂക്ഷിക്കാമെങ്കിലും കേരളത്തിലെ ചൂട് കൂടിയ കാലാവസ്ഥയിൽ ഫലം തിരിച്ചായിരുന്നു. 32 ഡിഗ്രി സെൽഷ്യസിൽ പച്ചക്കറി കടകളിൽ കിടന്ന് കേടായി പോയ കൂണുകളാണ് ലാലുവിന്റെ മഷ്റൂം കോഫിക്ക് അടിസ്ഥാനം.
പല പരീക്ഷണങ്ങൾ
കൂൺ കൊണ്ട് എന്തെല്ലാം ഉത്പന്നങ്ങൾ ഉണ്ടാക്കാമെന്നായി അടുത്ത ചിന്ത. ആദ്യം മഷ്റൂം സൂപ്പുകളിലായിരുന്നു ലാലു ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ, കേരളത്തിൽ അതിന് മാർക്കറ്റ് കുറവായത് കൊണ്ട് വേണ്ടെന്നുവെച്ചു. കൊല്ലം സദാനന്ദപുരത്തെ കൃഷി വിജ്ഞാൻ കേന്ദ്രത്തിന്റെ പിന്തുണയോടെ ലാലു മഷ്റൂം ഉപയോഗിച്ച് ചായയും കാപ്പിയും പരീക്ഷിച്ചു.
തലവൂർ കൃഷിഭവനും സഹായിച്ചു. ചായ പൊടിയിലെ കീടനാശിനിയും മറ്റും മഷ്റൂം കോഫി മതിയെന്ന തീരുമാനത്തിലെത്തിച്ചു. വയനാട്ടിൽ പോയി കാപ്പിയെ കുറിച്ച് കൂടുതൽ മനസിലാക്കി. അവിടെ തന്നെയുള്ള കോഫി പ്രൊഡ്യൂസിംഗ് കമ്പനിയിൽ നിന്നാണ് കാപ്പിക്കുരു വാങ്ങുന്നത്. മികച്ച ഗുണമേന്മയുള്ള അറബിക്ക ട്രിപ്പിൾ എ ഗ്രേഡ് കാപ്പിക്കുരുവാണ് മഷ്റൂം കോഫിയിൽ ചേർത്തിരിക്കുന്നത്.
Also Read
5 കൂണിന്റെ ഗുണം
5 തരം കൂണുകളാണ് മഷ്റൂം കോഫിയിൽ ഉപയോഗിച്ചിരിക്കുന്നത്. ടർക്കി, ബോൺ, മിൽക്കി, ഓയ്സ്റ്റർ, ലൈൻസ്മാൻ എന്നീ കൂണുകളാണ് കോഫിയിൽ ഉപയോഗിച്ചിരിക്കുന്നത്. അഞ്ചുതരം കൂണുകളുടെ പോഷകഗുണങ്ങൾ ഈ കോഫിയിലുണ്ടെന്ന് സാരം.
വിറ്റമിൻ ഡിയുടെ കലവറയായ ഓയ്സ്റ്റർ മഷ്റൂം, തലച്ചോറിന്റെ പ്രവർത്തനത്തിന് ലൈൻസ്മാൻ, അസ്ഥികൾ ബലത്തിന് ടർക്കി, ഫൈബർ അടങ്ങിയ മിൽക്കി മഷ്റൂം എന്നിവയാണ് പ്രമേഹരോഗികൾക്കും മഷ്റൂം കോഫി ഉപയോഗിക്കാം. സോളാർ ടെക്നോളജി ഉപയോഗിച്ചാണ് ലാലുവിന്റെ കൂൺ കൃഷി. കോഫിക്കാവശ്യമായ കൂൺ നാട്ടിലെ മറ്റു കൃഷിക്കാരിൽ നിന്നും ശേഖരിക്കുന്നുണ്ട്. തലവൂർ ഗ്രാമപ്പഞ്ചായത്തുമായി ചേർന്ന് നാട്ടിലെ നൂറോളം കൃഷിക്കാർക്ക് കൂൺ കൃഷിയിൽ പരിശീലനം നൽകാനും ലാലുവിന് പദ്ധതിയുണ്ട്. ഇതുവഴി തലവൂരിനെ കൂൺ ഗ്രാമമാക്കി മാറ്റുകയാണ് ലാലുവിന്റെ ലക്ഷ്യം.
കൂൺ കർഷകർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് കൃഷിയിൽ നിന്നുണ്ടാകുന്ന മാലിന്യത്തിന്റെ സംസ്കരണം.
Also Read
ഇതിനും ലാലു വഴി കണ്ടെത്തിയിട്ടുണ്ട്. ഫാമിംഗിൽ നിന്നുണ്ടാകുന്ന ജൈവമാലിന്യം വെർമികംപോസ്റ്റ് ആക്കാനുള്ള പദ്ധതിയും ലാലുവിനുണ്ട്. കൂൺ ചേർത്ത ചോക്ലേറ്റ്, കുക്കീസ്, സൂപ്പ് പൗഡർ, ചിപ്പ്സ് എന്നിവയും വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് ലാലു. മഷ്റൂം കോഫി ഖത്തറിലേക്ക് കയറ്റുമതി ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.