ദുബായ് പോലീസ് സ്വന്തമാക്കാനിരിക്കുന്ന ഹോവര്‍ ബൈക്ക് നിസ്സാരക്കാരനല്ല. ഒരാള്‍ക്ക് പറക്കാവുന്ന ഇലക്ട്രിക് പവര്‍ ബൈക്ക്I അടിയന്തര ഘട്ടങ്ങളില്‍ റെസ്ക്യൂ ഓപ്പറേഷനുകള്‍ക്കും ട്രാഫിക് സംവിധാനങ്ങള്‍ നിരീക്ഷിക്കാനും ഉപയോഗിക്കാം. മണിക്കൂറില്‍ 62 മീറ്റര്‍ വേഗത്തില്‍ പറക്കും. ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ 40 മിനിറ്റുകള്‍ വരെ തുടര്‍ച്ചയായി പറത്താം. അങ്ങനെ ഹോവര്‍ ബൈക്കിന്റെ പ്രത്യേകതകള്‍ നിരവധിയാണ്.
തിരക്കേറിയ റോഡുകളില്‍ അപകടസമയത്ത് അടിയന്തര സഹായമെത്തിക്കാനും മറ്റുമായിട്ടാണ് ഹോവര്‍ബൈക്ക് ദുബായ് പൊലീസ് സ്വന്തമാക്കുന്നത്. ഗള്‍ഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി എക്സിബിഷനിലാണ് ബൈക്ക് ദുബായ് പൊലീസ് അവതരിപ്പിച്ചത്.
റഷ്യന്‍ കമ്പനിയായ ഹോവര്‍സര്‍ഫ് നിര്‍മിച്ച സ്കോര്പിയോണ് 3 ഹോവര്ബൈക്കാണ് ദുബായ് പൊലീസ് സ്വന്തമാക്കുന്നത്. ട്രാഫിക് പ്രശ്നങ്ങള്‍ മാനേജ് ചെയ്യുന്നതിലുള്‍പ്പെടെ ബൈക്കിന്റെ സേവനം പ്രയോജനപ്പെടുത്താമെന്നാണ് ദുബായ് പൊലീസിന്റെ വിലയിരുത്തല്‍.
സുരക്ഷ മുന്‍നിര്‍ത്തി നിലവില്‍ ആറ് മീറ്റര്‍ വരെ ഉയരത്തില്‍ പറക്കാനാണ് ഹോവര്‍ ബൈക്കിന് അനുമതിയുളളത്. പ്രത്യേക പരിശീലനം നേടിയവരാണ് ബൈക്ക് പറത്തുക. അടുത്തിടെ റോബോട്ടിക് ടാക്സി സര്‍വ്വീസിലും ദുബായ് പരീക്ഷണം നടത്തിയിരുന്നു. 2030 ഓടെ നഗരത്തിലെ 30 ശതമാനത്തോളം ട്രാന്സ്പോര്ട്ടേഷന് ടെക്നോളജിയുടെ സഹായത്തോടെ യന്ത്രവല്കൃതമാകുമെന്നാണ് ദുബായ് വിലയിരുത്തുന്നത്. ഇതിനുളള മുന്നൊരുക്കങ്ങളാണ് ദുബായ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്.