സൂപ്പര്‍ സോണിക് ഹ്യൂമന്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റ് എന്ന സ്വപ്‌നത്തിലേക്ക് ഒരുപടി കൂടി അടുക്കുകയാണ് റിച്ചാര്‍ഡ് ബ്രാന്‍സന്‍. ബ്രാന്‍സന്റെ നേതൃത്വത്തിലുളള വെര്‍ജിന്‍ ഗലാറ്റിക് കമ്പനി, സൂപ്പര്‍സോണിക് സ്‌പെയ്‌സ് ഫ്‌ളൈറ്റിന്റെ രണ്ടാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. കാലിഫോര്‍ണിയയിലെ മൊഹാവി എയര്‍ ആന്‍ഡ് സ്‌പെയ്‌സ് പോര്‍ട്ടില്‍ നിന്നാണ് കരിയര്‍ എയര്‍ക്രാഫ്റ്റുകളുടെ ചിറകിലേറി സ്‌പെയ്‌സ് ഫ്‌ളൈറ്റ് പറന്നുയര്‍ന്നത്.
കരിയര്‍ എയര്‍ക്രാഫ്റ്റുകളില്‍ നിന്ന് സ്വതന്ത്രമായി 31 സെക്കന്‍ഡുകള്‍ക്കുളളില്‍ സ്‌പെയ്‌സ് ഫ്‌ളൈറ്റിലെ റോക്കറ്റുകള്‍ ബേണ്‍ ചെയ്ത് സ്വയം കുതിക്കാനുളള ഊര്‍ജ്ജം നേടി. 1.9 മാക് വേഗത്തിലെത്തിയ സ്‌പെയ്‌സ് ഫ്‌ളൈറ്റ്, 114,500 അടി വരെ ഉയരത്തിലെത്തിയതായി വെര്‍ജിന്‍ ഗലാറ്റിക് വ്യക്തമാക്കി. സൂപ്പര്‍സോണിക് ഫ്‌ളൈറ്റുകളുടെ സ്വഭാവം കൂടുതലറിയാനും കണ്‍ട്രോള്‍ സംവിധാനങ്ങളുടെ വിശദമായി പരിശോധനയുമായിരുന്നു രണ്ടാം പരീക്ഷണത്തില്‍ ലക്ഷ്യമിട്ടത്.
പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാന്‍ റിച്ചാര്‍ഡ് ബ്രാന്‍സനും എത്തിയിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആദ്യ പരീക്ഷണം. രണ്ടാം ഘട്ടത്തില്‍ നിന്ന് ലഭിച്ച ഫ്‌ളൈറ്റ് ഡാറ്റകള്‍ പഠിച്ച ശേഷമാകും അടുത്ത പരീക്ഷണത്തിന് വെര്‍ജിന്‍ ഗെലാറ്റിക്‌സ് തയ്യാറെടുക്കുക.