കേരളത്തിലെ ടെക്നോളജി, സോഫ്റ്റ്വെയര് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ സപ്പോര്‍ട്ടുമായി സര്‍ക്കാര്‍. സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നും ജിഎസ്ടി കൂടാതെ 20 ലക്ഷം രൂപ വരെയുളള ഡയറക്ട് പര്‍ച്ചേസിന് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് അനുമതി നല്കി. നേരത്തെ 5 ലക്ഷം രൂപ വരെയുളള പ്രൊഡക്ടുകളായിരുന്നു സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് സര്‍ക്കാരിന് ഡയറക്ട് പര്‍ച്ചേസ് അനുവദിച്ചിരുന്നത്. പരിധി ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.
ഒരു പര്‍ച്ചേസ് ഓഫീസര്‍ ഒരേ സംരംഭകനില്‍ നിന്ന് രണ്ടിലധികം ആപ്ലിക്കേഷനുകള്‍ ഒരു വര്‍ഷം സ്വീകരിക്കാന്‍ കഴിയില്ലെന്ന് നിബന്ധനയുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന് ക്ലിയര്‍ ചെയ്ത മൊബൈല്‍ ആപ്പ്, സോഫ്റ്റ് വെയര്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് മാത്രമാണ് ഡയറക്ട് പര്‍ച്ചേസിന് അനുമതി നല്‍കിയത്. ക്രമേണ മറ്റ് പ്രൊഡക്ടുകള്‍ക്കും ഇത് ബാധകമാക്കുമെന്നാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ പ്രതീക്ഷ. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ക്ക് സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് ഡയറക്ട് പര്‍ച്ചേസിനുളള അനുമതി നല്‍കിയത്.
ജിഎസ്ടി കൂടി ചേരുമ്പോള്‍ ഉത്തരവിന്റെ യഥാര്‍ത്ഥ പ്രയോജനം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തുകയുടെ പരിധി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിട്ടത്.