പെണ്ണഴകിന് പ്രൗഢി നല്കുന്ന വസ്ത്രമേതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉണ്ടാകൂ- സാരി. കുഞ്ഞുനാളുകളില്‍ അമ്മയെ പോലെ സാരിയുടുക്കാന്‍ ശ്രമിക്കാത്ത പെണ്‍കുട്ടികളുണ്ടാകില്ല. സഹോദരിമാരായ സുജാത ബിശ്വാസും താനിയ ബിശ്വാസും അതുപോലെയായിരുന്നു. അമ്മയും മുത്തശ്ശിയും ഉടുത്ത് കണ്ടിരുന്ന സാരികളോട് തോന്നിയ ഭ്രമം ഇരുവരെയും Suta എന്ന സംരംഭത്തില്‍ എത്തിച്ചു.
കോര്‍പ്പറേറ്റ് ജോലി രാജിവെച്ച് കൈത്തറി വസ്ത്രവിപണന രംഗത്തേക്ക് എത്തിയ ഇവരുടെ സംരംഭകയാത്ര ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇരുവരുടെയും പേരുകളിലെ ആദ്യ രണ്ടക്ഷരം കൊണ്ടാണ് സംരംഭത്തിന് പേര് നല്‍കിയത്. ഇതിലെ ഏറ്റവും രസകരമായ കാര്യം Suta എന്ന വാക്കിന് നൂല് എന്നൊരു അര്ത്ഥവുമുണ്ടെന്നതാണ്.
2016ലാണ് ഇരുവരും ചേര്‍ന്ന് Suta ആരംഭിച്ചത്. എഞ്ചിനീയറിംഗും എംബിഎയും കഴിഞ്ഞ സുജാത IIT ബോംബെയില്‍ ഉള്‍പ്പടെ 8 വര്‍ഷത്തോളം ജോലി ചെയ്തു. താനിയ എഞ്ചിനീയറും IIM ലക്നൗ ഗ്രാജുവേറ്റുമാണ്. ഏതൊരു സംരംഭവും പോലെ വെല്ലുവിളികളിലൂടെയായിരുന്നു സുതയുടെയും യാത്ര. മികച്ച തുണിത്തരങ്ങള്‍ക്കും നെയ്ത്തുകാര്‍ക്കും വേണ്ടി ഈ സഹോദരിമാര്‍ ഇന്ത്യയുടെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചു.രണ്ട് യുവതികള്‍ തുടങ്ങിയ Suta ഇന്ന് മുംബൈയില്‍ 20 അംഗ ടീമായാണ് പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തുടനീളം ഇവര്‍ക്ക് അമ്പതിലധികം നെയ്ത്തുകാരുണ്ട്. മനോഹരമായ ഹാന്‍ഡ്ലൂം സാരികള്‍, ജംദാനി,മാല്‍മാല്‍, മാല്കേഷ്, ബനാറസ് കൂടാതെ പൂര്‍ണമായി കൈ കൊണ്ട് നെയ്ത വസ്തങ്ങള്‍ തുടങ്ങിയവയ്ക്കെല്ലാം രാജ്യത്തിനകത്തും പുറത്തും നിരധി ആവശ്യക്കാരുണ്ട്. 2017ല്‍ മുംബൈയില്‍ ഒരു എക്സിബിഷനില്‍ സ്റ്റാളിന് തീപിടിച്ച് കൈത്തറി വസ്ത്രങ്ങള്‍ കത്തിയമര്‍ന്നത് നെഞ്ച് തകര്‍ത്ത കാഴ്ചയായിരുന്നു. എന്നാല്‍ പോരാടാന്‍ ഇരുവരുടെയും ഭര്ത്താക്കന്മാരും കൂടെ നിന്നു. കൂടുതല്‍ കരുത്തോടെ Suta വളര്‍ന്നു.
ഈ വര്‍ഷം അഞ്ചര കോടിയുടെ വരുമാനമാണ് Suta നേടിയത്. പ്രതിമാസ വളര്‍ച്ച 10ശതമാനമായി. വരും വര്‍ഷങ്ങളില്‍ സുതയെ കൂടുതല്‍ ഉയരങ്ങളിലേക്കെത്തിക്കാനുള്ള പ്രയത്നത്തിലാണ് ഇരുവരും.