സോളാര്‍ സുരേഷിന്റെ സ്വയം പര്യാപ്തമായ വീട്
ചെന്നൈയിലെ കീഴ്പാക്കത്തുള്ള 17 വാസു സ്ട്രീറ്റില്‍ ഒരു വീടുണ്ട്. സ്വയംപര്യാപ്തമായ വീട്. പൂര്‍ണമായും സൗരോര്‍ജം ഉപയോഗിക്കുന്ന, ബയോഗ്യാസ് യൂണിറ്റുള്ള, മഴവെള്ള സംഭരണിയും അടുക്കളത്തോട്ടവുമെല്ലാമായി ഒരു വീട്. ആ വീടിന്റെ ഉടമസ്ഥന്‍ അറിയപ്പെടുന്നത് സോളാര്‍ സുരേഷ് എന്ന പേരിലാണ്.
ജര്‍മ്മനി യാത്ര നല്‍കിയ തിരിച്ചറിവ്
ഐഐടി മദ്രാസിലും ഐഐഎം അഹമ്മദാബാദിലും പഠിച്ചിട്ടുള്ള ഡി.സുരേഷ് എന്ന സോളാര്‍ സുരേഷ് ടെക്‌സ്‌റ്റൈല്‍ കമ്പനികളുടെ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് ഒരു ടെക്‌സറ്റൈല്‍ ഗ്രൂപ്പിന്റെ എംഡി സ്ഥാനത്തേക്ക് എത്തിപ്പെട്ടയാളാണ്. ഒരിക്കല്‍ ജര്‍മ്മനി സന്ദര്‍ശിച്ച വേളയിലാണ് സൗരോര്‍ജത്തെ കുറിച്ചുള്ള ആശയം ലഭിച്ചത്. കുറഞ്ഞ സൗരോര്‍ജം ലഭ്യമാകുന്ന രാജ്യം അതിന്റെ ഉപയോഗം പരമാവധി ഉപയോഗപ്പെടുത്തുന്നത് കണ്ടപ്പോള്‍ എന്തുകൊണ്ട് ഇന്ത്യയില്‍, പ്രത്യേകിച്ച് ചെന്നൈയില്‍, സൗരോര്‍ജപദ്ധതി നടപ്പാക്കിക്കൂടാ എന്ന് ചിന്തിച്ചു. നാട്ടില്‍ തിരിച്ചെത്തിയ സുരേഷ് ആദ്യം ചെയ്തതും വീട്ടിലൊരു സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുകയായിരുന്നു.
സ്വയം ഡിസൈന്‍ ചെയ്ത സോളാര്‍ പ്ലാന്റ്
സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ പല കമ്പനികളുടെയും സഹായം തേടിയെങ്കിലും ചെറിയ പ്രൊജക്ട് ഏറ്റെടുക്കാന്‍ ആരും താല്‍പ്പര്യം കാണിച്ചില്ല. തുടര്‍ന്ന് ഒരു ലോക്കല്‍ വെന്‍ഡറുടെ സഹായത്തോടെ സ്വന്തമായി ഡിസൈന്‍ ചെയ്ത് വീട്ടിലേക്ക് ആവശ്യമായ 1 കിലോവാട്ടിന്റെ സോളാര്‍ പവര്‍ പ്ലാന്റ് സുരേഷ് ഉണ്ടാക്കി. 2015 ഏപ്രിലില്‍ പവര്‍ പ്ലാന്റിന്റെ കപ്പാസിറ്റി 3 കിലോവാട്ടായി ഉയര്‍ത്തി.
അടുക്കളയിലേക്കുള്ള ഗ്യാസിന് ബയോഗ്യാസ് പ്ലാന്റ്
സോളാര്‍ പ്ലാന്റ് വിജയിച്ചതോടെയാണ് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിക്കുന്നതിനെ കുറിച്ച് സുരേഷ് ആലോചിച്ചത്. വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാനായി ബയോഗ്യാസ് പ്ലാന്റില്‍ നിന്നാണ് ഗ്യാസ് പ്രൊഡ്യൂസ് ചെയ്യുന്നത്.അടുക്കളയില്‍ മിച്ചം വരുന്ന ഭക്ഷണം, അടുത്തുള്ള വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഓര്‍ഗാനിക് വേസ്റ്റ്, തൊട്ടടുത്തുള്ള പച്ചക്കറി മാര്‍ക്കറ്റിലെ റോ മെറ്റീരിയല്‍സ് എന്നിവ ബയോഗ്യാസ് പ്ലാന്റിലേക്കായി സുരേഷ് കളക്ട് ചെയ്യുന്നു.
മഴവെള്ളസംഭരണിയും അടുക്കളത്തോട്ടവും
തീര്‍ന്നില്ല, 20 വര്‍ഷം മുമ്പ് വീടിന്റെ ടെറസില്‍ നിന്നുള്ള മഴവെള്ളം ശേഖരിച്ച് ഓര്‍ഗാനിക്ക് ഫില്‍റ്ററേഷന്‍ പ്ലാന്റ് വഴി വീട്ടില്‍ മഴവെള്ള സംഭരണിയും വെച്ചു. വിവിധ തരത്തിലുള്ള പച്ചക്കറികളാണ് സുരേഷിന്റെ അടുക്കളത്തോട്ടത്തിലുള്ളത്. വീട്ടിലേക്കാവശ്യമായ പച്ചക്കറികളെല്ലാം ഈ അടുക്കളത്തോട്ടത്തില്‍ നിന്നാണ് ശേഖരിക്കുന്നത്.
മാതൃകയാക്കാം സോളാര്‍ സുരേഷിനെ
സ്വയം പരീക്ഷിച്ച് വിജയിച്ച പദ്ധതികള്‍ മറ്റുള്ളവരിലേക്ക് എത്തിക്കാനും സുരേഷ് ശ്രമിക്കുന്നു. ചെന്നൈ, ബംഗലൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ മൂന്ന് ഓഫീസുകളിലും നാല് സ്‌കൂളുകളിലും ഏഴ് വീടുകളിലും സുരേഷിന്റെ സഹായത്തോടെ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചെന്നൈയിലും ഹൈദരാബാദിലുമായി ആറ് ഇടങ്ങളില്‍ ബയോഗ്യാസ് പ്ലാന്റും, ചെന്നൈയില്‍ വിവിധ സ്ഥലങ്ങളില്‍ അടുക്കളത്തോട്ടവും സ്ഥാപിച്ചു. കീഴ്പാക്കത്തെ സുരേഷിന്റെ വീട് കാണാനും മാതൃകയാക്കാനുമായി വിദ്യാര്‍ഥികളും അല്ലാത്തവരുമായി നിരവധി പേരാണ് എത്തുന്നത്. തന്റെ അറിവുകളും അനുഭവങ്ങളും മറ്റുള്ളവരിലേക്കും പകര്‍ന്നു നല്‍കി ഹരിത വിപ്ലവം തീര്‍ക്കുകയാണ് സോളാര്‍ സുരേഷ് എന്ന സ്വയം സംരംഭകന്‍.