Networking

വിമണ്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി കേരളത്തോട് പറയുന്നത്

സ്ത്രീ മികച്ച മാനേജരാണ്, ഏറ്റവും വലിയ മാനേജ്മന്റ് പാഠങ്ങള്‍ മുഴുവന്‍ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങള്‍ സ്ത്രീയെ പഠിപ്പിക്കുന്നു. എന്തിലും ശുഭാപ്തിവിശ്വാസം കാണാന്‍ സാധിക്കുന്നത് സ്ത്രീകള്‍ക്ക് മാത്രമേയുള്ളൂ. അതു കൊണ്ടു തന്നെയാണ് വിജയിക്കില്ലെന്ന് പലരും നിരുത്സാഹപ്പെടുത്തിയിട്ടും സംരംഭകരായി ഇത്രയുമധികം വനിതകള്‍ മുന്നിലുള്ളതെന്നും പ്രശസ്ത സംവിധായക അഞ്ജലി മേനോന്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ വനിതാസംരംഭകരെ അഭിസംബോധന ചെയ്യുകയായിരുന്നു അഞ്ജലി മേനോന്‍. കൊച്ചിയില്‍ നടന്ന വിമണ്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റ് ആഴത്തില്‍ പറഞ്ഞത്, സ്ത്രീകളുടെ ലീഡര്‍ഷിപ്പിനെയും സംരംഭത്തെയും കുറിച്ചാണ്.

സ്ത്രീ ശാക്തീകരണത്തിനുള്ള സുപ്രധാന ചുവടു വയ്പ്

വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും തങ്ങള്‍ക്ക് ലഭിക്കുന്ന അവസരങ്ങളെക്കുറിച്ച് ബോധവതികളല്ലെന്ന് വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ഡോ. മൃദുല്‍ ഈപ്പന്‍ പറഞ്ഞു. വനിതാ സംരംഭങ്ങള്‍ സാമ്പത്തിക പുരോഗതിക്കുള്ള സ്രോതസ്സ് മാത്രമല്ല, മറിച്ച് സ്ത്രീ ശാക്തീകരണത്തിനുള്ള സുപ്രധാന ചുവടു വയ്പ് കൂടിയാണെന്നും ഡോ. മൃദുല്‍ ഈപ്പന്‍ പറഞ്ഞു.

എന്‍ട്രപ്രണര്‍ഷിപ്പിലെ ഇന്ത്യന്‍ സ്ത്രീകള്‍

സിനിമ-സംരംഭം- ടെക്നോളജി -ഇന്‍വെസ്റ്റ്മെന്റ് എല്ലാ മേഖലകളിലെയും പ്രമുഖ വനിതകളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായിരുന്നു കേരള സ്റ്റാര്‍ട്ടപ് മിഷന്‍ ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ് കോംപ്ക്സില്‍ സംഘടിപ്പിച്ച സമ്മിറ്റ്, എന്‍ട്രപ്രണര്‍ഷിപ്പില്‍ ഇന്ത്യന്‍ സ്ത്രീകളുടെ വിഷയങ്ങളെ അഡ്രസ് ചെയ്തു.

വിമണ്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി കേരളത്തോട് പറയുന്നത്

ഇന്നവേഷനില്‍ ഇന്ത്യയ്ക്ക് മാതൃകയാകാന്‍ കേരളത്തിലെ വനിതകളിലൂടെ സാധ്യമാകുമെന്ന് ഐടി സെക്രട്ടറി എം.ശിവശങ്കര്‍ ഐഎഎസ് പറഞ്ഞു. പരിചയസമ്പന്നരായ വനിത പ്രൊഫഷണലുകള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളിലേക്ക് കടന്നു വരണം. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ സ്ഥാപകാംഗങ്ങളില്‍ ഒരു വനിതയെങ്കിലുമുള്ളവ 18 ശതമാനം വരെയുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് കൂടുതലാണെങ്കിലും കേരളത്തില്‍ സ്ഥിതി മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വനിത സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയുടെ ലക്ഷ്യം

വനിതാ സംരംഭകര്‍ക്കു വേണ്ടി എന്തു തരത്തിലുള്ള നയരൂപീകരണമാണ് നടത്തേണ്ടതെന്ന് സര്‍ക്കാരിനോട് പറയാനുള്ള അവസരമാണ് വനിതാ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിലെ വനിതകള്‍ സ്തുത്യര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് എല്ലാ സഹായവും സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഭാഗത്തു നിന്നുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വനിതകള്‍ക്ക് ആത്മവിശ്വാസമേകാന്‍

ഇത്തരം ഇനിഷ്യേറ്റീവുകള്‍ സ്ത്രീകള്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനുള്ള ആത്മവിശ്വാസം നല്‍കുമെന്ന് ഫെഡറല്‍ ബാങ്ക് സിഒഒ ശാലിനി വാര്യര്‍ പറഞ്ഞു.തങ്ങളുടെ കഴിവുകള്‍ പിന്തുണയ്ക്കാനും വിജയത്തിലെത്തിക്കാനുമായി സപ്പോര്‍ട്ട് സിസ്റ്റവും ഇന്‍ഫ്രാസ്ട്രെക്ചറും സ്ത്രീയെയും പുരുഷനെയും ഒരു പോലെ പരിഗണിക്കുന്ന ഒരു നെറ്റ്വര്‍ക്കുമുണ്ടെന്ന് സ്ത്രീകള്‍ക്ക് ഉറപ്പു നല്‍കാന്‍ ഇത്തരം ശ്രമങ്ങള്‍ക്ക് കഴിയുമെന്നും ശാലിനി വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

പാനല്‍ ഡിസ്‌കഷന്‍ ചര്‍ച്ച ചെയ്തത്

ടെക്നോളജിയെ സമൂഹത്തിന് ആവശ്യമുള്ള സംരംഭകത്വ സാധ്യതയാക്കി മാറ്റുന്നതിന്റെ പ്രാധാന്യവും സംരംഭക എക്കോസിസ്റ്റം ഇന്‍ക്ലൂസീവായി ബില്‍ഡ് ചെയ്യേണ്ടതിന്റെ ആവശ്യകതയുമാണ് സ്പീക്കേഴ്സും പാനല്‍ ഡിസ്‌കഷനില്‍ പങ്കെടുത്ത പ്രമുഖരും മുന്നോട്ട് വെച്ചത്.

ഇതൊരു തുടക്കം മാത്രം

വളരെ നല്ലൊരു ഇനീഷ്യേറ്റീവാണ് വിമണ്‍ സ്റ്റാര്‍ട്ടപ്പ് സമ്മിറ്റെന്ന് എന്‍ട്രപ്രണറും എഴുത്തുകാരിയുമായ രശ്മി ബന്‍സാല്‍ പറഞ്ഞു. ഒരു രാത്രി കൊണ്ട് ഒരു മാറ്റവും സംഭവിക്കില്ല. ഇതൊരു വലിയ പ്രോസസാണ്. ഇതൊരു തുടക്കം മാത്രമാണെന്നും രശ്മി Channeliamനോട് പറഞ്ഞു. സ്ത്രീകള്‍ക്ക് അവരുടെ കഴിവും ആശയങ്ങളും എക്സ്പ്ലോര്‍ ചെയ്യാനുള്ള അവസരമാണ് വിമണ്‍ സ്റ്റാര്‍ട്ടപ്പ് പോലുള്ള ഓപ്പണിംഗും വെന്‍ച്വേഴ്സും നല്‍കുന്നതെന്ന് നടി മുത്തുമണി പറഞ്ഞു. സ്ത്രീകള്‍ക്ക് അവരുടെ ലക്ഷ്യത്തെ കുറിച്ചൊരു സെന്‍സുണ്ടെങ്കില്‍ ആളുകള്‍ അത് സീരിയസായി തന്നെ എടുക്കുമെന്ന് Open Bank സിഎഫ്ഒ ഡീന ജേക്കബ്.

നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെ

ഷീ ലവ്സ് ടെക്ക് ഗ്ളോബല്‍ കോംപറ്റീഷന്റെ നാഷണല്‍ ഗ്രാന്‍ഡ് ഫിനാലെയും സമ്മിറ്റിന്റെ ഭാഗമായി നടന്നു. ഇന്ത്യയില്‍ ആദ്യമായി ഹോസ്റ്റ് ചെയ്യുന്ന ഷീ ലവ്സ് ടെക്കില്‍ CyCa OncoSolutions ഫൗണ്ടര്‍ Nusrat Jahan വിജയിയായി. മികച്ച വിമന്‍ ഇന്‍ക്ലൂസീവ് സ്റ്റാര്‍ട്ടപ്പായി നിയോവൈബ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ അഖില്‍ പിള്ള തെരഞ്ഞെടുക്കപ്പെട്ടു. വിജയികള്‍ക്ക് അഞ്ജലി മേനോന്‍ പുരസ്‌ക്കാരങ്ങള്‍ നല്‍കി. ഷീ ലവ്സ് ടെക്കിന്റെ സ്ഥാപക വെര്‍ജീനിയ ടാന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സദസ്സിനെ അഭിസംബോധന ചെയ്തു. വനിത സംരംഭങ്ങളുടെ കൂട്ടായ്മകള്‍ക്ക് സാമ്പത്തിക മേഖലയില്‍ ക്രിയാത്മകമായി ഇടപെടാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

സമ്മിറ്റ് പറയുന്നത്

ജെന്റര്‍ സെന്‍സിറ്റിവിറ്റിയില്‍ ചര്‍ച്ചകള്‍ നടത്തുന്നതിലല്ല കാര്യം, സ്ത്രീകളുടെ പ്രവര്‍ത്തനത്തിലൂടെ പുതിയ മാതൃകകള്‍ സൃഷ്ടിക്കുന്നതിലാണെന്ന് സമ്മിറ്റ് അടിവരയിടുന്നു. കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍സ്ട്രിയുടെ പിന്തുണയോടെയാണ് സമ്മിറ്റ് നടന്നത്.

Tags

Leave a Reply

Back to top button
Close