Woman Engine

അസംഘടിതരായ സ്ത്രീ തൊഴിലാളികളെ ശക്തരാക്കിയ സംഘടന: സേവയെ അടുത്തറിയാം

രാജ്യത്ത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും സ്വയം തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്കുമായി ആരംഭിച്ച തൊഴിലാളി സംഘടനയാണ് സേവ (self employed womans association). ഗുജറാത്തിലെ അഹമ്മദാഹാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ പൗരാവകാശ പ്രവര്‍ത്തകയും ഗാന്ധിയയുമായ ഇളാ ഭട്ടാണ് സ്ഥാപിച്ചത്. അസംഘടിതമായ തൊഴിലാളികളില്‍ ഭൂരിപക്ഷമായി പ്രവര്‍ത്തിക്കുന്ന സ്ത്രീ തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്ന സേവ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ടെക്സ്‌റ്റൈല്‍ ലേബര്‍ അസോസിയേഷന്റെ ബ്രാഞ്ചായി ആരംഭിച്ച സേവയ്ക്ക് അംഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ബാങ്ക് വരെയുണ്ട്.

ശ്രീ മഹിളാ സേവാ സഹകാരി ബാങ്ക് അഥവാ സേവാ കോ ഓപ്പറേറ്റീവ് ബാങ്ക് എന്നാണ് ഇത് അറിയപ്പെടുന്നത്. സേവിങ്സ് ബാങ്ക് സേവനം മുതല്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം വരെ നല്‍കുന്ന സേവാ ബാങ്കിന്റെ ആരംഭം 1974ല്‍ ആണ്. പത്തു രൂപ വീതം 4000 സ്ത്രീകള്‍ നല്‍കിയ മൂലധനത്തില്‍ നിന്നാണ് സേവാ ബാങ്കിന്റെ ആരംഭം. 1974 മെയ് മാസം റിസര്‍വ് ബാങ്കിന്റെയും ഗുജറാത്ത് സംസ്ഥാനത്തിന്റെയും മേല്‍നോട്ടത്തില്‍ സേവാ ബാങ്ക് റജിസ്റ്റര്‍ ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും നിരക്ഷരരുമായ ഒട്ടേറെ സ്ത്രീകള്‍ക്ക് സാമ്പത്തികമായ പിന്തുണ നല്‍കുന്ന വലിയ പ്രസ്ഥാനമായി മാറാന്‍ സേവാ ബാങ്കിന് സാധിച്ചിട്ടുണ്ട്. സേവയുടെ ആദ്യത്തെ വലിയ പ്രോജക്ടും ഈ ബാങ്ക് തന്നെയാണ്.

സേവയുടെ ലക്ഷ്യം

സമൂഹത്തില്‍ അംഗീകരിക്കപ്പെടാത്തതും അവഗണിക്കപ്പെട്ടവരുമായ അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളെ ഒന്നിപ്പിക്കുക എന്നതായിരുന്നു സേവ എന്ന സംഘടനയുടെ പിറവിയ്ക്ക് പിന്നില്‍. സാമ്പത്തികമായി മാത്രമല്ല വിദ്യാഭ്യാസം, ആരോഗ്യം, നിയമസഹായം തുടങ്ങി ഒട്ടേറെ സേവനങ്ങള്‍ നല്‍കിക്കൊണ്ട് സ്ത്രീ ശാക്തീകരണം നടപ്പാക്കാന്‍ സേവയ്ക്ക് കഴിഞ്ഞു. 1918ല്‍ ഗാന്ധിജി ആരംഭിച്ച ടെക്സ്‌റ്റൈല്‍ ലേബര്‍ അസോസിയേഷന്റെ വനിതാ വിഭാഗത്തിന്റെ മുന്‍കൈയോടെയാണ് സേവ ആരംഭിക്കുന്നത്.

ടെക്സ്റ്റൈല്‍ മില്ലുകള്‍ക്ക് പുറമേ ജോലി ചെയ്യുന്ന സ്ത്രീകളില്‍ നിന്നും ചെറിയ തോതില്‍ പണം സമാഹരിക്കുന്നതിനും ആദ്യകാലത്ത് സാധിച്ചു. അസംഘടിത മേഖലയിലെ സ്ത്രീ തൊഴിലാളികളില്‍ 97 ശതമാനവും കഴിയുന്നത് ചേരിയിലും 93 ശതമാനം ആളുകള്‍ നിരക്ഷരരും ശരാശരി ആളുകള്‍ക്കും നാലു കുട്ടികള്‍ വീതം ഉണ്ടെന്നും മൂന്ന് സ്ത്രീകളില്‍ ഒരാള്‍ എന്ന കണക്കില്‍ ഒറ്റയ്ക്ക് കുടുബം പുലര്‍ത്തുന്നുണ്ടെന്നും സേവ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു.

സേവയ്ക്ക് പിന്നിലെ സ്ത്രീശക്തി

സേവയുടെ പിറവിയ്ക്ക് മുന്‍കൈ എടുത്തതില്‍ പ്രാഥമിക സ്ഥാനം അഹമ്മദാബാദ് സ്വദേശിനിയും പൗരാവകാശ പ്രവര്‍ത്തകയും ഗാന്ധിയന്‍ ചിന്തകയുമായ ഇളാ ഭട്ടിനാണ്. 1933ല്‍ അഹമ്മദാബാദിലെ ബ്രാഹ്മിണ്‍ കുടുംബത്തിലാണ് ഇളാ ഭട്ട് ജനിച്ചത്. അഭിഭാഷകര്‍ ഏറെയുള്ള കുടുംബമായതിനാല്‍ ഇളയും അതിലേക്ക് തന്നെ എത്തി. 1950കളില്‍ ടെക്സ്‌റ്റൈല്‍ ലേബര്‍ അസോസിയേഷന് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങിയപ്പോഴാണ് അഹമ്മദാബാദിലെ സാധാരണക്കാരായ സ്ത്രീകളില്‍ വെറും തൊഴിലാളികള്‍ മാത്രമല്ല വഴിയോര വ്യാപാരികള്‍ മുതല്‍ നിര്‍മ്മാണ തൊഴിലാളികള്‍ വരെയുണ്ടെന്ന് ഇള മനസിലാക്കിയത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മികച്ച സംഭവന നല്‍കുന്ന ഇവര്‍ പല രീതിയിലും തഴയപ്പെടുന്നുണ്ടെന്നും ഇവര്‍ക്ക് സംഘടിക്കാന്‍ സാധിച്ചിട്ടില്ലെന്നും ഇള മനസിലാക്കിയതോടെയാണ് സേവ പിറവിയെടുക്കുന്നത്.

സ്ത്രീ തൊഴിലാളികളുടെ മേഖല അനുസരിച്ച് അവരെ സംഘങ്ങളായി തിരിക്കാനും മികച്ച നേതൃത്വം വഴി അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുന്നതിനും പുത്തന്‍ ആശയങ്ങള്‍ എത്തിക്കുന്നതിനും സേവയ്ക്ക് സാധിച്ചു. ഇതിനായി സേവാ ലീഡര്‍ഷിപ്പ് കൗണ്‍സിലുകള്‍ വരെയുണ്ട്. സ്ത്രീ ശാക്തീകരണം മുന്നേറണമെന്ന് ആഗ്രഹിച്ച ഒട്ടേറെ പേര്‍ സേവയുടെ പിറവി മുതല്‍ ഒപ്പമുണ്ട്. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്നും പബ്ലിക്ക് ഹെല്‍ക്കില്‍ ബിരുദം നേടിയ മിറായി ചാറ്റര്‍ജി മുതല്‍ സേവാ ബാങ്കിന്റെ അമരത്തേക്ക് എത്തിയ ജയശ്രീ വ്യാസ്, റീമാ ബെന്‍, നാനാവതി എന്നിവരടക്കം സേവയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചവരാണ്.

ബാങ്കിങ് മുതല്‍ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും വരെ തിളങ്ങി സേവ

സേവയുടെ സംരംഭങ്ങളില്‍ ഏറ്റവും വലുത് ബാങ്കാണെങ്കിലും സ്ത്രീകള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കുന്നതിനായി തൊഴില്‍, വരുമാനം, പോഷകാഹാരം, ആരോഗ്യം, ശിശു സംരക്ഷണം, പാര്‍പ്പിടം, സാക്ഷരത എന്നീ മേഖലകളില്‍ സേവ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. സാധാരണക്കാരായ ആളുകള്‍ പണത്തിനാണ് കൊള്ളപലിശക്കാരെ ആശ്രയിക്കേണ്ടി വരുന്ന സ്ഥിതിയ്ക്ക് സേവാ ബാങ്ക് വലിയ മാറ്റമാണ് കൊണ്ടു വന്നത്. അംഗങ്ങളില്‍ നിന്ന് തന്നെ ഫണ്ട് ശേഖരിക്കുന്ന സേവാ ബാങ്ക് അവര്‍ക്ക് തന്നെ ബാങ്ക് ഓഹരി പങ്കാളിത്തം മുതല്‍ സ്വയം സംരംഭങ്ങള്‍ക്കായി തീര്‍ത്തും കുറഞ്ഞ പലിശയ്ക്ക് വായ്പയും നല്‍കുന്നു. 2013ല്‍ അഹമ്മദാഹാദില്‍ ആദ്യത്തെ എടിഎം വരെ ആരംഭിക്കാന്‍ സേവാ ബാങ്കിന് സാധിച്ചു. ആദ്യ ഘട്ടത്തില്‍ 200 അംഗങ്ങള്‍ക്ക് എടിഎം കാര്‍ഡ് നല്‍കിയ ബാങ്കിന് ചുരുങ്ങിയ മാസങ്ങള്‍ക്കകം എല്ലാവര്‍ക്കും കാര്‍ഡ് നല്‍കാനും സാധിച്ചു.

Leave a Reply

Back to top button