ബാങ്കിങ്ങ് മേഖലയിൽ സമഗ്ര മാറ്റങ്ങൾക്കിടയാക്കുന്ന നിർദ്ദേശങ്ങളാണ് RBI പാനൽ കഴിഞ്ഞ ദിവസം ശുപാർശ ചെയ്യത്. വൻകിട വ്യവസായ ഗ്രൂപ്പുകൾക്ക് ബാങ്കിംഗ് ലൈസൻസ് അനുവദിക്കുന്നതിനെ കുറിച്ചും വമ്പൻ കോർപറേറ്റ്, വ്യവസായ ഗ്രൂപ്പുകളെ ബാങ്കുകളുടെ പ്രമോട്ടർമാരാക്കുന്നതിനുമാണ് RBI ഇന്റേണൽ വർക്കിംഗ് ഗ്രൂപ്പ് ശുപാർശ.
ബാങ്കുകളുടെ പ്രമോട്ടർമാരായി കോർപ്പറേറ്റുകളെ അനുവദിക്കുന്നത് മൂലധനത്തിന് ഒരു പ്രധാന ഉറവിടമാകുമെന്ന് റിസർവ് ബാങ്കിന്റെ വർക്കിംഗ് ഗ്രൂപ്പ് കരുതുന്നു. ഇന്ത്യ പോലുള്ള വികസ്വര സമ്പദ്വ്യവസ്ഥയിൽ ഇത് ഗുണം ചെയ്യുമെന്നും അവർ വിലയിരുത്തുന്നു. കൂടാതെ,കോർപ്പറേറ്റുകൾക്ക് മാനേജുമെന്റ് വൈദഗ്ദ്ധ്യം, എക്സ്പീരിയൻസ്, സ്ട്രാറ്റജിക് ഡയറക്ഷൻ എന്നിവ ബാങ്കിംഗിലേക്ക് കൊണ്ടുവരാൻ കഴിയുമെന്നും കണക്കു കൂട്ടുന്നു. അന്താരാഷ്ട്ര തലത്തിൽ വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളെ തടയുന്ന വിധമുളള ജൂറിസ്ഡിക്ഷൻ കുറവാണെന്നും ഗ്രൂപ്പ് അഭിപ്രായപ്പെടുന്നു
ഈ കാരണങ്ങളെല്ലാം ഫലത്തിൽ യാഥാർത്ഥ്യമാണെങ്കിലും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ബാങ്കിംഗ് മേഖലയിൽ കോർപ്പറേറ്റ് ഇൻവോൾവ്മെന്റ് അനുവദിക്കാത്തതിന് പിന്നിലും ചില കാരണങ്ങളുണ്ട്. ആർബിഐ പാനൽ ഈ വിഷയത്തിൽ വിദഗ്ധരുമായി ചർച്ച ചെയ്തതിൽ ഒന്നൊഴികെ എല്ലാവരും തന്നെ ബാങ്കിനെ വ്യവസായ സ്ഥാപനങ്ങൾ പ്രമോട്ട് ചെയ്യുന്നതിനെ എതിർക്കുകയാണുണ്ടായത്.
ഇന്ത്യൻ കമ്പനികളിലെ കോർപ്പറേറ്റ് ഗവേണൻസ് അന്താരാഷ്ട്ര നിലവാരത്തിലല്ല, അതിനാൽ പ്രമോട്ടർമാരുടെ സാമ്പത്തികേതര പ്രവർത്തനങ്ങൾക്ക് അതിർവരമ്പ് നിശ്ചയിക്കുക ദുഷ്കരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രൊമോട്ടർമാർ തത്പരകക്ഷികൾക്ക് ലോൺ നൽകുന്ന സാഹചര്യവും ഉണ്ടായേക്കാം തുടങ്ങിയുള്ള വാദങ്ങളാണ് അവർ ഉന്നയിക്കുന്നത്
1969 ൽ ബാങ്ക് ദേശസാൽക്കരണം നടക്കുന്നതിന് മുമ്പ് ചില സ്വകാര്യ ബാങ്കുകൾ വലിയ കോർപ്പറേറ്റുകളുടെ ഉടമസ്ഥതയിലായിരുന്നു. അക്കാലത്ത് വൻകിട വ്യവസായികൾ സ്വന്തം അധികാര കേന്ദ്രങ്ങൾക്ക് തന്നെ വായ്പ നൽകാറുണ്ടായിരുന്നുവെന്ന് ബാങ്കിങ്ങ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
2018 മാർച്ചിൽ ഇന്ത്യൻ ബാങ്കുകളുടെ ആഭ്യന്തര ലോണുകളിലെ കിട്ടാക്കടം 9.62 ട്രില്യൺ രൂപയിലെത്തി. ഇതിൽ 73.2% അഥവാ 7.04 ട്രില്യൺ രൂപ വ്യവസായലോകത്തിന്റെ സംഭാവനയാണ്. ഈ വിധത്തിൽ നോക്കിയാൽ ഇന്ത്യൻ ബാങ്കിംഗ് മേഖലയെ തകർക്കുന്ന വലിയൊരു ബാധ്യതയ്ക്ക് കോർപ്പറേറ്റുകൾ ഉത്തരവാദികളെന്നും ഒരു പക്ഷം വാദിക്കുന്നു. അത്തരമൊരു അപകടകരമായ സാഹചര്യത്തിൽ, ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് വളരെയധികം ജാഗ്രതയും മേൽനോട്ടവും ആവശ്യമാണെന്നാണ് പാനൽ നിർദ്ദേശത്തെ എതിർക്കുന്നവരുടെ വാദം
വായ്പ വാങ്ങുന്നവൻ തന്നെ ബാങ്കിന്റെ മേൽനോട്ടത്തിലേക്ക് വന്നാൽ എങ്ങനെ മികച്ച പ്രവർത്തനം സാധ്യമാകുമെന്നാണ് RBI മുൻ ഗവർണർ രഘുറാം രാജനും മുൻ ഡപ്യൂട്ടി ഗവർണറായിരുന്ന വിരാൾ ആചാര്യയും ഉൾപ്പെടെയുള്ളവർ ചോദിക്കുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങളെ ബാങ്കിംഗിന് അനുവദിക്കുന്നതിന് മുമ്പ് റിസർവ് ബാങ്കിന്റെ അധികാരങ്ങൾ വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 1949 ലെ Banking Regulation Act ൽ ആഭ്യന്തര വർക്കിംഗ് ഗ്രൂപ്പ് കാര്യമായ ഭേദഗതികൾ നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ കാലങ്ങളിലേതിൽ നിന്നും വ്യത്യസ്തമായി, ശക്തമായ നിരീക്ഷണവും ധനകാര്യ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കർശനമായ നടപടികൾ ഉള്ളതും ബാങ്കിംഗ് മേഖലയിൽ ഇത്തരമൊരു പരിഷ്ക്കാരത്തിന് ഗുണകരമാണെന്ന വാദവും ശക്തമാണ്. കോർപ്പറേറ്റുകൾക്ക് ബാങ്കിംഗ് മേഖല തുറന്ന് കൊടുക്കുന്നത് ആ മേഖലയുടെ നവീകരണത്തിനും ഓപ്പറേഷനും സഹായകരമാകുമെന്ന് കരുതാം