മുകേഷ് അംബാനിയും ഗൗതം അദാനിയും സമ്പത്തിലും വ്യവസായ സാമ്രാജ്യത്തിലും മുൻപനാരെന്നതിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ഒരാൾ ടെലികോം, റീട്ടെയിൽ എന്നിവയിൽ ഒരു സാമ്രാജ്യം കെട്ടിപ്പടുത്തപ്പോൾ, മറ്റൊരാൾ ഗതാഗത ഊർജ്ജ വിതരണമേഖലകളിൽ അതികായനായി മാറിയിരിക്കുന്നു. ഇന്ത്യയിലെ ഗുജറാത്ത് സംസ്ഥാനത്തു നിന്നുള്ള രണ്ട് ശതകോടീശ്വരന്മാർ തമ്മിൽ ബിസിനസിൽ പോരാട്ടം മുറുകുമ്പോൾ അത് രാജ്യത്തിന്റെ ബിസിനസ്സ് ലാൻഡ്സ്കേപ്പിനെ മാറ്റിമറിച്ചേക്കാവുന്ന ഒരു സംഘട്ടനത്തിന് കളമൊരുക്കുന്നു. അധികാര രാഷ്ട്രീയവുമായുളള ഇരുവരുടെയും അടുപ്പം കണക്കിലെടുക്കുമ്പോൾ, ഈ പോരാട്ടത്തിന്റെ അലയൊലി അധികാരത്തിന്റെ ഇടനാഴികളിലൂം പ്രതിധ്വനിക്കും.


സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിൽ നിന്നുളള അരാംകോയുടെ ഓഹരി വാങ്ങുന്നതിനുളള ചർച്ചകളിലാണ് അദാനി ഗ്രൂപ്പെന്ന വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും അരാംകോയും രണ്ട് വർഷത്തിലേറെയായി നടത്തിയ ചർച്ചകൾ അവസാനിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് അദാനിയുടെ നീക്കം. പങ്കാളിത്തം ഉറപ്പിക്കുന്നതിനുള്ള ശ്രമത്തിൽ, റിലയൻസ് കഴിഞ്ഞ വർഷം അരാംകോ ചെയർമാൻ യാസിർ അൽ-റുമയ്യനെ ഒരു സ്വതന്ത്ര ഡയറക്ടറായി റിലയൻസ് ബോർഡിൽ ചേർക്കുകയും ചെയ്തു.
ലോകത്തിലെ ഒന്നാം സ്ഥാനത്തുള്ള അസംസ്കൃത എണ്ണ ഉൽപ്പാദകരായ അരാംകോ ലോകത്തിലെ ഏറ്റവും വലിയ റിഫൈനിംഗ് കോംപ്ലക്സ് ഗുജറാത്തിലെ ജാംനഗറിൽ സ്വന്തമായുള്ള റിലയൻസുമായി ഇപ്പോഴും മികച്ച ബന്ധത്തിലുമാണ്. പോളിമറുകൾ, പോളിസ്റ്റർ, ഫൈബർ-ഇന്റർമീഡിയേറ്റ്സ് എന്നിവയുടെ ഒരു മുൻനിര നിർമ്മാതാവ് കൂടിയാണ് റിലയൻസ്. ഗുജറാത്തിലെ മുന്ദ്ര പോർട്ടിന് സമീപം 4 ബില്യൺ ഡോളർ നിക്ഷേപത്തിൽ അക്രിലിക് കോംപ്ലക്സ് സ്ഥാപിച്ച് പെട്രോകെമിക്കൽസ് ബിസിനസിൽ പ്രവേശിക്കാൻ ഗൗതം അദാനിയും ആഗ്രഹിച്ചിരുന്നു.

അന്താരാഷ്ട്രസഹകരണത്തിലുളള പദ്ധതിക്ക് തടസ്സമായത് കോവിഡായിരുന്നു. ഹൈഡ്രോകാർബണിൽ അദാനിയുടെ പ്രധാന താൽപ്പര്യം കൽക്കരിയാണ്. ഇന്ത്യയിലും ഇന്തോനേഷ്യയിലും കൽക്കരി ഖനനം ചെയ്യുന്നു, മുന്ദ്രയിലെ പ്ലാന്റുകളിൽ കൽക്കരി ഇന്ധനം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. എന്നാൽ കൽക്കരിയുടെ ഭാവി ഇന്ത്യയിൽ ഇനി പരിമിതമാണെന്ന തിരിച്ചറിവാണ് സൗരോർജ്ജത്തിലേക്കും ഹൈഡ്രജനിലേക്കും കളം മാറ്റി ചവിട്ടാൻ അദാനിയെ പ്രേരിപ്പിച്ചത്. സമാനമായി ക്ലീൻ എനർജിയിൽ വൻ പദ്ധതികൾ റിലയൻസും പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷം അദാനി ഒരു പുതിയ പെട്രോകെമിക്കൽസ് സബ്സിഡിയറി സ്ഥാപിച്ചതോടെ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായിരുന്നു. ഈ രംഗത്തെ റിലയൻസ് ഗ്രൂപ്പിന്റെ മേധാവിത്വം വരുംകാലങ്ങളിൽ തകർക്കാൻ അദാനിക്ക് കഴിയുമെന്ന് ബിസിനസ് ലോകവും വിലയിരുത്തി. പോർട്ടും എയർപോർട്ടും കയ്യടക്കി മുന്നേറുന്ന അദാനി ഗ്രൂപ്പ് കൈ വയ്ക്കുന്ന മേഖലകളിലെല്ലാം കളം നിറയുന്ന പ്രതിഭാസമാണ് കുറച്ച് കാലങ്ങളായി ഇന്ത്യ കാണുന്നത്.അദാനിയുടെ ആഗ്രഹങ്ങളിൽ ഒരു റിഫൈനറിയും ഉണ്ടോയെന്ന് ബിസിനസ് ലോകം സംശയിച്ചു തുടങ്ങി. റിന്യുവബിൾ എനർജിയിൽ ഉൾപ്പെടെ അദാനിയുമായുളള പങ്കാളിത്ത ചർച്ചകൾ മുന്നോട്ട് നീങ്ങുമ്പോൾ ഇത്തവണ പ്രതീക്ഷകൾ അധികമാണ്.അത് ശതകോടീശ്വരന്മാരെ നേരിട്ടുള്ള മത്സരത്തിലേക്ക് നയിക്കും.

അരാംകോ 2018 മുതൽ ഇന്ത്യയിലെ നിക്ഷേപത്തിനുളള വിവിധ ചർച്ചകളിലാണ്. എന്നാൽ പദ്ധതികളൊന്നും എങ്ങുമെത്തിയില്ല.
2030-ഓടെ ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ നിർമ്മാതാവാകാൻ ആഗ്രഹിച്ചത് അദാനിയായിരുന്നു. ജാംനഗറിലെ നാല് ജിഗാഫാക്ടറികൾ – സോളാർ പാനലുകൾ, ബാറ്ററികൾ, ഗ്രീൻ ഹൈഡ്രജൻ, ഫ്യൂവൽ സെല്ലുകൾ എന്നിങ്ങനെ ഓരോന്നിലും തന്റെ പദ്ധതികൾ വെളിപ്പെടുത്തി അംബാനി റിലയൻസിനെ മുൻ നിരയിൽ നിറുത്തി. കാലക്രമേണ ഫോസിൽ ഇന്ധന ബിസിനസിൽ ക്ലീൻ എനർജിയിലേക്കുളള റിലയൻസിന്റെ പരിവർത്തനം പിന്നീട് പല വേദികളിലും മുകേഷ് അംബാനി വിശദീകരിച്ചു.
രണ്ട് സൂപ്പർസ്റ്റാർ ബിസിനസ് ഗ്രൂപ്പുകൾ നേരിട്ട് മത്സരിക്കുമ്പോൾ വിശാലമായ സമ്പദ്വ്യവസ്ഥയിലെ ചെറുതും ദുർബലവുമായ സ്ഥാപനങ്ങളെ വിഴുങ്ങിക്കൊണ്ട് മത്സരം മുഖാമുഖമാക്കുകയാണ്. ഇന്ത്യയിലെ ഉപഭോക്തൃ ഡാറ്റയുടെ രാജാവായി ഉയർന്നുവരാൻ അംബാനി സ്വീകരിച്ച വഴി ടെലികോം വഴി ആയിരുന്നു. ഗ്രീൻ എനർജി ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്റ്റോറേജ് സേവനങ്ങൾ നൽകിക്കൊണ്ട് മറുവശത്ത് അദാനിയും ഒരു വൻമരമാകാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ റീട്ടെയ്ൽ വിപണിയുടെ നിയന്ത്രണം കയ്യടക്കാൻ Amazon.com മായി അംബാനി കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. സർക്കാർ നിയന്ത്രണത്തിലുളള ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയ്ക്കായി അദാനി വെയർഹൗസ് പ്രവർത്തിക്കുന്നു. കൂടാതെ രാജ്യത്തെ ഒന്നാം നമ്പർ ഭക്ഷ്യ എണ്ണ ബ്രാൻഡിന്റെ ഉടമയുമാണ് അദാനി ഗ്രൂപ്പ്. രണ്ട് ശതകോടീശ്വരന്മാരും തങ്ങളുടെ മത്സര ലക്ഷ്യങ്ങൾക്കനുസരിച്ച് നയങ്ങൾ രൂപപ്പെടുത്താനും രാഷ്ട്രീയത്തെ സ്വാധീനിക്കാനും ശ്രമിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. എന്തായാലും ഒരു ഏറ്റുമുട്ടൽ ഉറപ്പാണെന്ന് തന്നെയാണ് ബിസിനസ് ലോകത്തിന്റെ പക്ഷം.
