ഹരിയാനയിൽ പുതിയ പ്ലാന്റ്
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ (MSI) നിർമാണ മേഖലയിൽ11,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഹരിയാനയിലെ സോനിപത്തിൽ സ്ഥാപിക്കുന്ന പുതിയ നിർമ്മാണ കേന്ദ്രത്തിനായി ആദ്യ ഘട്ടത്തിൽ 11,000 കോടി രൂപ നിക്ഷേപിക്കും.സോനിപത് ജില്ലയിലെ IMT ഖാർഖോഡയിൽ 800 ഏക്കർ സ്ഥലം അനുവദിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു. പ്രതിവർഷം 2.5 ലക്ഷം യൂണിറ്റ് ഉൽപ്പാദന ശേഷിയുള്ള പുതിയ പ്ലാന്റിന്റെ ആദ്യ ഘട്ടം ഭരണാനുമതിക്ക് വിധേയമായി 2025 ഓടെ കമ്മീഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.ഭാവിയിൽ കൂടുതൽ ഉൽപ്പാദന പ്ലാന്റുകൾ ഉൾപ്പെടുത്തുന്നതിന് ശേഷി വിപുലീകരണത്തിന് സൈറ്റിന് ഇടമുണ്ടാകുമെന്ന് MSI അഭിപ്രായപ്പെട്ടു.
നിക്ഷേപം ഇനിയും വരും
ഭൂമിയുടെ ചിലവ്, പ്രാരംഭ ഉൽപ്പാദന ലൈനുകൾ സ്ഥാപിക്കൽ, പുതിയ പ്ലാന്റിലെ മറ്റെല്ലാ അനുബന്ധ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും11,000 കോടി രൂപ വഹിക്കുമെന്ന് എംഎസ്ഐ ചെയർമാൻ ആർ സി ഭാർഗവ പറഞ്ഞു. മുന്നോട്ട് പോകുന്തോറും കൂടുതൽ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന് ഭാർഗവ പറഞ്ഞു.തുടർന്നുള്ള ഡിമാൻഡിലെ വർധനയെ നേരിടാൻ ഈ സൗകര്യം കമ്പനിയെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഭാവിയിലെ വിപണി വളർച്ചയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ കാരണം ദീർഘകാല പദ്ധതികൾ പങ്കിടുന്നത് പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എൻട്രി ലെവൽ കാറുകളുടെ ഡിമാൻഡ് കുറയുകയാണെന്നും ഭാവിയിൽ ഇത് എങ്ങനെ മാറുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും നിലവിലെ വിപണി സാഹചര്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു.പുതിയ പ്ലാന്റ് ഇലക്ട്രിക് വാഹന നിർമ്മാണത്തിന് ഉപയോഗിക്കാമോ എന്ന ചോദ്യത്തിന് സാധ്യതയുണ്ടെന്ന് ഭാർഗവ പ്രതികരിച്ചു.നിലവിൽ, ഹരിയാനയിലെ ഗുഡ്ഗാവ്, മനേസർ പ്ലാന്റുകളിലും ഗുജറാത്തിലെ സുസുക്കി മോട്ടോറിന്റെ നിർമാണകേന്ദ്രത്തിലുമായി പ്രതിവർഷം 22 ലക്ഷം യൂണിറ്റുകളുടെ സഞ്ചിത ഉൽപ്പാദന ശേഷി മാരുതി സുസുക്കിക്കുണ്ട്. സുസുക്കി മോട്ടോർ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ യൂണിറ്റുകളും എംഎസ്ഐക്ക് വിതരണം ചെയ്യുന്നു.