ഇറക്കുമതി, കയറ്റുമതി വിശകലനം സമഗ്രമായി കൈകാര്യം ചെയ്യുന്ന NIRYAT പോർട്ടൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ആത്മനിർഭർ ഭാരത് ദൗത്യത്തെ ഉത്തേജിപ്പിക്കുന്നതും വ്യാപാര-വാണിജ്യ മേഖലയിൽ എംഎസ്എംഇകൾക്കടക്കം ഗുണകരമാകുന്നതുമാണ് പോർട്ടലെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന എല്ലാവർക്കും തത്സമയ വിവരങ്ങൾ നൽകുന്നതിനായുള്ള പോർട്ടലാണ് NIRYAT അഥവാ National Import- export record for yearly analysis of trade.
ഇന്ത്യയുടെ വിദേശവ്യാപാരവുമായി ബന്ധപ്പെട്ട നിർണ്ണായക വിവരങ്ങൾ നിര്യാതിലൂടെ എളുപ്പത്തിൽ ആക്സസ് ചെയ്യാം. ഉപയോക്താക്കൾക്ക് അവരുടെ ഉപയോക്തൃനാമം, പാസ്വേഡ് എന്നിവ ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ തേടാം. ലോകത്തെ 200-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന 30-ലധികം ചരക്ക് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പോർട്ടലിൽ നിന്ന് ലഭ്യമാകും. ഭാവിയിൽ ജില്ല തിരിച്ചുള്ള കയറ്റുമതിവിവരങ്ങളും നിര്യാത് പോർട്ടലിൽ ലഭ്യമാകും.