2022-23 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്വ്യവസ്ഥ 7.1 മുതൽ 7.6 ശതമാനം വരെ വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യ 2022-23 വർഷത്തിൽ 7.1 മുതൽ 7.6 ശതമാനവും 2023-24 സാമ്പത്തിക വർഷത്തിൽ 6 മുതൽ 6.7 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അടുത്ത കുറച്ച് വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2023 മാർച്ചിൽ അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തിൽ 7.2 ശതമാനം ജിഡിപി വളർച്ചയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രവചിക്കുന്നത്.
ഒമൈക്രോൺ വ്യാപനം, റഷ്യയുടെ ഉക്രൈൻ അധിനിവേശം, ചരക്കുകളുടെ വിലക്കയറ്റം, കുതിച്ചുയരുന്ന പണപ്പെരുപ്പം, വിതരണ ദൗർലഭ്യം തുടങ്ങിയ നിരവധി കാരണങ്ങൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പിന്നോട്ടടിച്ചുവെങ്കിലും അവയെയെല്ലാം സമ്പദ് വ്യവസ്ഥ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.