
ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിന് (BSNL) കേന്ദ്ര മന്ത്രിസഭ 1.64 ട്രില്യൺ രൂപയുടെ പുനരുദ്ധാരണ പാക്കേജ് അനുവദിച്ചു.“ഈ പുനരുജ്ജീവന പദ്ധതി നടപ്പിലാക്കുന്നതോടെ, 2026-27 സാമ്പത്തിക വർഷത്തിൽ ബിഎസ്എൻഎൽ ലാഭം നേടുമെന്ന് പ്രതീക്ഷിക്കുന്നു,” ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പാക്കേജിൽ സാമ്പത്തിക പിന്തുണ, കടം പുനഃക്രമീകരിക്കൽ, വയബിലിറ്റി-ഗാപ്പ് ഫണ്ടിംഗ്, സ്പെക്ട്രത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് അലോട്ട്മെന്റ് എന്നിവ ഉൾപ്പെടുന്നു.ഇത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം സേവന ദാതാവിനെ അതിന്റെ ബാലൻസ് ഷീറ്റ് ക്രമീകരിക്കുന്നതിനും ലാൻഡ്ലൈൻ നെറ്റ്വർക്ക് മെച്ചപ്പെടുത്തുന്നതിനും 4G സേവനം ആരംഭിക്കുന്നതിനും സഹായിച്ചേക്കാം.ഇക്വിറ്റി ഇൻഫ്യൂഷൻ, അസറ്റ് മോണിറ്റൈസേഷൻ, എംടിഎൻഎല്ലുമായി ബിഎസ്എൻഎൽ ലയനം, വോളണ്ടറി റിട്ടയർമെന്റ് സ്കീം എന്നിവ ഉൾപ്പെടുന്ന 2019ലെ 69,000 കോടി രൂപയുടെ പദ്ധതിക്ക് ശേഷം മൂന്ന് വർഷത്തിനിടെ സർക്കാർ അനുവദിച്ച രണ്ടാമത്തെ പുനരുജ്ജീവന പാക്കേജാണിത്. ബിഎസ്എൻഎല്ലിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും ടെലിഫോണി സേവനങ്ങളെ പിന്തുണയ്ക്കുന്നതിനുമായി സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭാരത് ബ്രോഡ്ബാൻഡ് നെറ്റ്വർക്ക് ലിമിറ്റഡ് (BBNL) ലയിപ്പിക്കുന്നതിനും മന്ത്രിസഭ അംഗീകാരം നൽകി. കൂടാതെ, തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4G ടെക്നോളജി സ്റ്റാക്ക് ഉപയോഗിച്ച് 30,000 ഗ്രാമങ്ങളിൽ 4G മൊബൈൽ കവറേജ് നൽകുന്നതിനുള്ള 26, 316 കോടി രൂപയുടെ പദ്ധതിക്കും അനുമതി ലഭിച്ചു. ബിഎസ്എൻഎല്ലിന് കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 50,000 കോടി രൂപയിലധികം നഷ്ടവും വരുമാനത്തിലും ഉപഭോക്താക്കളിലും ഇടിവുണ്ടായിരുന്നു.