തദ്ദേശീയ വിമാനവാഹിനിക്കപ്പലായ INS Vikrant ഓഗസ്റ്റ് 15-ന് കമ്മീഷൻ ചെയ്തേക്കും. കൊച്ചിൻ ഷിപ്പ്യാർഡ് നിർമിച്ച വിക്രാന്ത് കഴിഞ്ഞ ദിവസമാണ് നാവികസേനയ്ക്ക് കൈമാറിയത്. നാവികസേനയുടെ ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈൻ രൂപകൽപ്പന ചെയ്തതാണ് വിക്രാന്ത്. 1971ലെ യുദ്ധത്തിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ നേവൽ ഷിപ്പ് വിക്രാന്ത് എന്ന ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പലിന്റെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. പ്രതിരോധ മന്ത്രാലയവുമായുളള കരാർ പ്രകാരം മൊത്തം ഏകദേശം 20,000 കോടി രൂപ ചെലവിൽ നിർമ്മിച്ചതാണ് വിക്രാന്ത്.
88 മെഗാവാട്ട് ശക്തിയുള്ള നാല് ഗ്യാസ് ടർബൈനുകളാണ് വിമാന വാഹിനിക്കപ്പ ലിന് ഊർജം നൽകുന്നത്. 262 മീറ്റർ നീളമുള്ള കാരിയറിന് പരമാവധി വേഗത 28 നോട്ട്സ് ആണ്. അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററുകൾ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റുകൾ എന്നിവയ്ക്കൊപ്പം ഫൈറ്റർ ജെറ്റുകൾ, മൾട്ടി റോൾ ഹെലികോപ്റ്ററുകൾ എന്നിവ ഉൾപ്പെടെ 30 വിമാനങ്ങളുളള എയർ വിംഗ് പ്രവർത്തിപ്പിക്കാൻ കഴിയും. 76 ശതമാനം തദ്ദേശീയമായ ഈ വിമാനവാഹിനി ക്കപ്പൽ ആത്മ നിർഭർ ഭാരതിന്റെ ഉദാഹരണമാണെന്നും മെയ്ക്ക് ഇൻ ഇന്ത്യ സംരംഭത്തിന് ഊന്നൽ നൽകുമെന്നും നാവികസേന അഭിപ്രായപ്പെട്ടു. വിക്രാന്തിലൂടെ തദ്ദേശീയമായി ഒരു വിമാനവാഹിനിക്കപ്പൽ രൂപകല്പന ചെയ്യാനും നിർമ്മിക്കാനും കഴിവുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയും ചേർന്നു.