2014-ൽ ലിങ്ക്ഡ്ഇന്നിലെ ജോലി ഉപേക്ഷിച്ച് നേഹയും രണ്ട് സഹപ്രവർത്തകരും കൺഫ്ലൂയന്റ് സ്ഥാപിക്കാൻ ഇറങ്ങിത്തിരിക്കുമ്പോൾ അവർക്ക് യാതൊരു കൺഫ്യൂഷനും ഉണ്ടായിരുന്നില്ല. ആരാണ് നേഹ നർഖഡെ? സിലിക്കൺ വാലി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഡാറ്റാ സ്ട്രീമിംഗ് കമ്പനിയായ കോൺഫ്ലുവന്റിന്റെ സഹസ്ഥാപക. ഗവേഷണ സ്ഥാപനമായ ഹുറൂണിന്റെ 2021ലെ സമ്പന്ന വനിതകളുടെ പട്ടികയിൽ 13,380 കോടി രൂപയുടെ ആസ്തിയുമായി എട്ടാം സ്ഥാനത്ത് ഇടംപിടിച്ചിരിക്കുകയാണ് ഈ 38കാരി.
തുടർച്ചയായി രണ്ടാം വർഷവും ഹുറൂൺ പട്ടികയിൽ ഒന്നാമതെത്തിയ എച്ച്‌സിഎൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്ര, FSN ഇ-കൊമേഴ്‌സിന്റെ പ്രൊമോട്ടറായ ഫാൽഗുനി നയ്യാർ, ബയോകോണിലെ കിരൺ മജുംദാർ-ഷാ എന്നിവർക്കിടയിൽ ഇപ്പോൾ നേഹയുമുണ്ട്. മഹാരാഷ്ട്രയിലെ പൂനെയിൽ നിന്ന് ബിസിനസ്സ് കേന്ദ്രമായ സിലിക്കൺ വാലിയിലേക്കുള്ള നേഹയുടെ യാത്ര അത്ഭുതാവഹമാണ്. SCTRS പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പ്യൂട്ടർ ടെക്‌നോളജിയിൽ നിന്ന് എഞ്ചിനീയറിംഗിൽ സയൻസ് ബിരുദം നേടി. 2006-ൽ ജോർജിയ ടെക്കിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടുന്നതിനായി നേഹ ഇന്ത്യ വിട്ടു. 2007ൽ തികച്ചും പുരുഷ മേധാവിത്വം നിറഞ്ഞ സാങ്കേതിക മേഖലയിലേക്ക് ആത്മവിശ്വാസത്തിന്റെ കരുത്തോടെ നേഹ ചുവടുവെച്ചു. ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് കമ്പനികളിലൊന്നായ ഒറാക്കിളിൽ ജോലി ആരംഭിച്ചു. ഒറക്കിളിന് ശേഷം, നർഖെഡെ ലിങ്ക്ഡ്ഇനിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലി ചെയ്തു, അവിടെ നെറ്റ്‌വർക്കിംഗ് സൈറ്റിന്റെ വലിയ ഡാറ്റ ഇൻപുട്ട് കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്ത ഓപ്പൺ സോഴ്‌സ് സന്ദേശമയയ്‌ക്കൽ സംവിധാനമായ അപ്പാച്ചെ കാഫ്കയുടെ വികസനത്തിലും നേഹ പങ്കാളിയായിരുന്നു.