❝പ്ലാസ്റ്റിക് മനുഷ്യനെ കീഴടക്കിയ കാലഘട്ടമാണ് കടന്നുപോകുന്നത്. പ്ലാസ്റ്റിക് ഒഴിവാക്കി, പ്രകൃതി സൗഹൃദ ഉല്പന്നങ്ങളിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ് ഏവരും.❞
ചിത്രകാരിയും IT പ്രൊഫഷണലുമായിരുന്ന ഹർഷ പുതുശ്ശേരി സംരംഭകയാകുന്നതും അങ്ങനെയാണ്. ചണവും പേപ്പറും മുളയും കോട്ടനും തുടങ്ങി പ്രകൃതിദത്തമായ അസംസ്‌കൃത വസ്‌തുക്കളിൽ നിന്നും നൂതനമായ പ്രോഡക്റ്റുകൾ നിർമ്മിക്കുകയാണ് 28-കാരിയായ ഹർഷ.
സഹോദരൻ നിതിൻ രാജിന്റെ പിന്തുണയോടെ 2019-ലാണ് ‘Iraa loom’ എന്ന സ്റ്റാർട്ടപ്പ് തുടങ്ങുന്നത്.
പരിസ്ഥിതിക്കൊപ്പം എന്നതാണ് Iraa loom മുന്നോട്ടുവയ്ക്കുന്ന ആശയം. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതും പ്ലാസ്റ്റിക് മലിനീകരണ പ്രശ്‌നം കൈകാര്യം ചെയ്യുന്നതും എളുപ്പമല്ലെന്നും എന്നാൽ കൃത്രിമ ഉൽപന്നങ്ങളേക്കാൾ മികച്ചത് ജൈവ ഉൽപന്നങ്ങളാണെന്നും ഹർഷ വ്യക്തമാക്കുന്നു.
പരിസ്ഥിതി സൗഹൃദ സാമഗ്രികൾ ഉപയോഗിച്ച് ഓഫീസ് സ്റ്റേഷനറി ഉണ്ടാക്കുകയാണ് Iraa loom ആദ്യം ചെയ്തത്. ചില വൻകിട ഡിപ്പാർട്ട്‌മെന്റൽ സ്റ്റോറുകൾ പ്ലാസ്റ്റിക് ബാഗുകൾക്ക് പണം ഈടാക്കാൻ തുടങ്ങിയതോടെ ഉപഭോക്താക്കൾ ക്യാരി ബാഗുകൾ കൊണ്ടുവരാൻ നിർബന്ധിതരായി. ഈ ഘട്ടത്തിലാണ് ഹർഷ ചണം കൊണ്ട് ക്യാരി ബാഗ് നിർമ്മിക്കുന്നത്.
❞വലിയ നഗരങ്ങളിൽ ഇതിനകം തന്നെ ചണബാഗുകൾ ഹിറ്റായിട്ടുണ്ട്. വിവാഹങ്ങളിൽ ഗിഫ്റ്റിനായി ചെറിയ ചണച്ചാക്കുകൾ നൽകുന്നത് ഇന്നത്തെ ഒരു ട്രെൻഡാണ്. ചണം എല്ലായ്പ്പോഴും സുരക്ഷിതമാണ്, ശരീരത്തിന് ഒരു ദോഷവും വരുത്തുന്നില്ല.
സംരംഭം വിപുലീകരിച്ചപ്പോൾ കണ്ണൂരിലെ സ്ത്രീ നെയ്ത്തുകാരേയും ഒപ്പം ചേർത്തു. ചണ ബാഗുകൾ നിർമിച്ചു തുടങ്ങിയ Iraa loom മുള കൊണ്ടുള്ള പേനകൾ, കൂടകൾ, ചണം കൊണ്ടുള്ള മറ്റു നിത്യോപയോഗ സാധനങ്ങൾ, കരകൗശല വസ്‌തുക്കൾ തുടങ്ങിവയെല്ലാം വിപണിയിലെത്തിക്കുന്നു.
പരിസ്ഥിതി സൗഹൃദ കരകൗശല വസ്തുക്കളും കൈത്തറി ഉൽപന്നങ്ങളും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജുമായി അടുത്തിടെ സ്റ്റാർട്ടപ്പ് ധാരണാപത്രം ഒപ്പുവച്ചിരുന്നു. കരാർ പ്രകാരം കോവളത്തെ കേരള ആർട്‌സ് ആൻഡ് ക്രാഫ്റ്റ് വില്ലേജിന്റെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന ആദ്യ വിപണന കേന്ദ്രമാണ് Iraaloom.
നിലവിൽ തദ്ദേശീയരായ കരകൗശല വിദഗ്ധരുടെ തനതായ ഉൽപ്പന്നങ്ങൾ സ്റ്റാർട്ടപ്പിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ നിരവധി കരകൗശല, കൈത്തറി യൂണിറ്റുകളുമായി Iraaloom സഹകരിക്കുന്നു. ടെക്‌നോപാർക്കിലും ആലുവയിലും സ്റ്റാർട്ടപ്പിന് ഓഫീസുകളുണ്ട്. എളുപ്പത്തിൽ കമ്പോസ്റ്റ് ചെയ്യാനോ പുനരുപയോഗം ചെയ്യാനോ ബയോഡീഗ്രേഡ് ചെയ്യാനോ കഴിയുന്ന നൂതനമായ പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ മാത്രമാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. സസ്റ്റയിനബിൾ ബ്രാൻഡുകളുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായി മാറുകയാണ് ലക്ഷ്യമെന്ന്, ഹർഷ പറയുന്നു.
യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിലേക്ക് കേരളത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 11 സ്റ്റാർട്ടപ്പുകളിൽ ഒന്നാണ് Iraa loom.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയുടെ (IIITM-K) വുമൺ ഇൻ സ്റ്റാർട്ടപ്പ് ആൻഡ് എന്റർപ്രണർഷിപ്പ് (WISE) പ്രോഗ്രാമിലേക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ലൈവ് പ്രോഗ്രാമിലേക്കും സ്റ്റാർട്ടപ്പ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ഒടുവിൽ പ്ലാസ്റ്റിക്കിനെതിരെ ലോകം ഒത്തു ചേർന്നിരിക്കുന്നു. ഏതൊക്കെ നിയന്ത്രങ്ങളിൽ പരസ്പരം ധാരണയുണ്ടാകുമെന്നു കണ്ടറിയണം. എന്നാലും ഈ നീക്കം നല്ലതിന് തന്നെയാണ്. നല്ലൊരു…