ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ഒരു ഓൾ ഇലക്ട്രിക്ക് കാർ വാങ്ങുന്നതിനെക്കുറിച്ച് എന്താ നിങ്ങളുടെ അഭിപ്രായം? എന്നാലങ്ങനെയൊരു കാർ ടാറ്റ പുറത്തിറക്കിയിട്ടുണ്ട്…. ടാറ്റ ടിയാഗോ ഇവി. വെറും 8.49 ലക്ഷം എക്സ് ഷോറൂം വിലയ്ക്ക് വാഹനം സ്വന്തമാക്കാം. ഫുൾ ചാർജിൽ 300 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്ന വാഹനം, 19.2 കിലോവാട്ട്, 24 കിലോവാട്ട് എന്നിങ്ങനെ രണ്ട് തരം ലിഥിയം അയേൺ ബാറ്ററി ഓപ്ഷനുകളാണ് നൽകുന്നത്. ആവശ്യങ്ങളും ബജറ്റും അനുസരിച്ച് ഈ ഓപ്ഷനുകളിൽ അനുയോജ്യമായത് ഉപയോക്താവിന് തെരഞ്ഞെടുക്കാം. ആദ്യത്തേതിന് പരമാവധി 252 കിലോമീറ്റർ പരിധിയും, രണ്ടാമത്തേതിന് 315 കിലോമീറ്റർ പരിധിയും കമ്പനി വാഗ്ദാനം ചെയ്യുന്നു.
ടാറ്റ ടിയാഗോയുടെ ഏറ്റവും ഉയർന്ന വേരിയന്റിന് 11.79 ലക്ഷമാണ് വില വരുന്നത്. ടിയാഗോ ഇവിയ്ക്ക് ഏഴ് വ്യത്യസ്ത മോഡലുകളുണ്ട്. 19.2 കിലോവാട്ട് ബാറ്ററിയോടുകൂടിയ വേരിയന്റിൽ, 3.3 കിലോവാട്ട് AC ഓപ്ഷൻ മാത്രമേ ലഭ്യമാകൂ, അത് ഫാസ്റ്റ് ചാർജറായിരിക്കും. അതിനാൽ ബാറ്ററി വേർപെടുത്താനും കഴിയില്ല. അതേസമയം, 24 കിലോവാട്ട് ബാറ്ററിയുള്ള വാഹനത്തിന് രണ്ട് ചാർജ്ജിംഗ് ഓപ്ഷനുകളുണ്ട്. 3.3 കിലോവാട്ട് , 7.2 കിലോവാട്ട് എന്നീ എസി ചാർജിംഗ് ഓപ്ഷനുകളാണ് അവ.
19.2 കിലോവാട്ട് ബാറ്ററി ശേഷിയുള്ള രണ്ട് ഇവി വേരിയന്റുകളിൽ XE യുടെ എക്സ് ഷോറൂം വില 8.49 ലക്ഷം രൂപയും, XT വേരിയന്റിന്റെ വില 9.09 ലക്ഷം രൂപയുമാണ്. 24 കിലോവാട്ട് ബാറ്ററിയിൽ 5 വേരിയന്റുകളാണ് ലഭ്യമാകുന്നത്. 3.3 കിലോവാട്ട് എസി ചാർജറിന് കീഴിൽ, 9.99 ലക്ഷം രൂപയുടെ XT, 10.79 ലക്ഷം രൂപ വില വരുന്ന XZ+, 11.29 ലക്ഷം രൂപയുടെ XZ+tech LUX എന്നിങ്ങനെ മൂന്നു വേരിയന്റുകളാണുള്ളത്. 7.2 കിലോവാട്ട് എസി ചാർജറിൽ, XZ+ എന്ന രണ്ട് ഓപ്ഷനുകൾ ലഭ്യമാണ്, ഇതിന് 11.29 ലക്ഷം രൂപയും XZ+tech LUX-ന് 11.79 ലക്ഷം രൂപയും വിലവരും. വാട്ടർ പ്രൂഫും ഡസ്റ്റ് പ്രൂഫുമായ ടാറ്റ ടിയാഗോയ്ക്ക് 8 വർഷത്തെ വാറന്റിയാണ് കമ്പനി അവകാശപ്പെടുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്കായിരിക്കും ഈ വിലയ്ക്ക് കാർ ലഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കുന്നു. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ 5.7 സെക്കൻഡ് മതിയാകും. എട്ട് സ്പീക്കർ ഹർമൻ സൗണ്ട് സിസ്റ്റം, റെയിൻ സെൻസറിംഗ് വൈപ്പർ കണക്ടഡ് കാർ ടെക്നോളജി എന്നിവയും സവിശേഷതകളാണ്. 2022 ഒക്ടോബർ 10-ന് വാഹനത്തിന്റെ ബുക്കിംഗുകളും, 2023 ജനുവരിയിൽ ഡെലിവറിയും ആരംഭിക്കും.