ലയനം ഉറപ്പായി
- രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയർ.
- രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനി.
എയർ ഇന്ത്യ- വിസ്താര ലയനം പ്രഖ്യാപിച്ചിരിക്കുകയാണ് സിംഗപ്പൂർ എയർലൈൻസും, ടാറ്റ സൺസും. എയർപോർട്ട് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതികൾക്ക് വിധേയമായി, 2024 മാർച്ചോടെ ലയനം പൂർത്തിയാക്കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. ഇടപാടിന്റെ ഭാഗമായി, സിംഗപ്പൂർ എയർലൈൻസ് എയർ ഇന്ത്യയിൽ 2,059 കോടി രൂപ നിക്ഷേപിക്കും. ലയനം പൂർത്തിയാകുന്നതോടെ, എയർ ഇന്ത്യ ഗ്രൂപ്പിൽ, സിംഗപ്പൂർ എയർലൈൻസിന് 25.1 ശതമാനം ഓഹരി ലഭിക്കും.
ടാറ്റ സൺസ്-സിംഗപ്പൂർ എയർലൈൻസ് സംയുക്തസംരംഭമായ വിസ്താര, 2013ലാണ് സ്ഥാപിതമായത്. നിലവിൽ വിസ്താരയിൽ ടാറ്റയ്ക്ക് 51 ശതമാനം ഓഹരികളും, സിംഗപ്പൂർ എയർലൈൻസിന് 49 ശതമാനം ഓഹരികളുമാണുള്ളത്.
ഏകീകരണത്തോടെ, 218 വിമാനങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര കാരിയറും, രണ്ടാമത്തെ വലിയ ആഭ്യന്തര വിമാനക്കമ്പനിയുമായി എയർ ഇന്ത്യ മാറും.
എയർ ഇന്ത്യയുടെ തലവര മാറ്റുമോ ടാറ്റ?
ഒരു വർഷം മുൻപാണ് 18,000 കോടി രൂപയുടെ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി സർക്കാരിൽ നിന്ന് എയർ ഇന്ത്യ ടാറ്റ സ്വന്തമാക്കിയത്. എയർ ഇന്ത്യയെ ഒരു യഥാർത്ഥ ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റുന്നതിനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് വിസ്താരയുടെയും എയർ ഇന്ത്യയുടെയും ലയനമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു. വിസ്താരയുടെയും എയർ ഇന്ത്യയുടെയും ലയനം സംബന്ധിച്ച് ടാറ്റ ഗ്രൂപ്പുമായി രഹസ്യ ചർച്ചയിലാണെന്ന് 2022 ഒക്ടോബർ 13ന് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിരുന്നു.
വിസ്താരയും നിസ്സാരക്കാരനല്ല
- 2013ൽ സ്ഥാപിതമായ വിസ്താര മിഡിൽ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലും സാന്നിധ്യമുള്ള മുൻനിര ഫുൾ ടൈം സർവ്വീസ് കാരിയറാണ്.
- നിലവിൽ വിസ്താരയ്ക്ക് 41 എയർബസ് എ320, അഞ്ച് എയർബസ് എ321നിയോ, അഞ്ച് ബോയിംഗ് 737-800എൻജി, രണ്ട് ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ എന്നിവയുൾപ്പെടെ 53 വിമാനങ്ങളുണ്ട്.
- പ്രവർത്തനം ആരംഭിച്ചതിന് ശേഷം എയർലൈൻ 35 ദശലക്ഷത്തിലധികം യാത്രക്കാരെ വിസ്താര ലക്ഷ്യസ്ഥാനത്തെത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
- 2015 ജനുവരിയിലാണ് വിസ്താര സർവ്വീസ് ആരംഭിച്ചത്. ഓൺ-ടൈം പെർഫോമൻസിന്റെ (OTP) കാര്യത്തിൽ, 90.8 ശതമാനവുമായി എയർ ഇന്ത്യ ഒന്നാമതാണ്.
Air India and Vistara ink a merger deal to be completed by March 2024. Air India and Vistara to merge. The deal would give Singapore Airlines (SIA) a 25.1 per cent stake in the Air India group.