തിരുവനന്തപുരം ലുലു മാളിലെ (Lulu Mall) ഗ്രാന്‍ഡ് എട്രിയത്തില്‍ സ്ഥാപിച്ചിരിയ്ക്കുന്ന ഫ്ലോര്‍ മാപ്പില്‍ വിരലോടിച്ച് വഴുതയ്ക്കാട് സര്‍ക്കാര്‍ ബ്ലൈന്‍ഡ് സ്കൂളിലെ വിദ്യാര്‍ത്ഥിയായ അമീന് കൂട്ടുകാരോട് പറഞ്ഞു – “ലുലു മാള്‍ ഞാന്‍ കണ്ടു”.
തൊട്ടുപിന്നാലെ അമീനിന്റെ കൂട്ടുകാരും സ്കൂളിലെ മറ്റ് വിദ്യാര്‍ത്ഥികളും ആകാംക്ഷയോടെ മാപ്പില്‍ വിരലോടിച്ച് ഇതേ അനുഭവം പങ്കുവെച്ചതോടെ കണ്ടുനിന്നവര്‍ ഒരു നിമിഷം ആശ്ചര്യപ്പെട്ടു.

ഫ്ലോര്‍ മാപ്പ് മനസ്സിലാക്കിയ ശേഷം കാര്യമായ പരസഹായമില്ലാതെ മാളില്‍ ഷോപ്പിംഗ് നടത്താന്‍ കുട്ടികള്‍ LuLu Hypermarketന് മുന്നില്‍ ഒത്തുചേര്‍ന്നു. ചില കുട്ടികള്‍ ഇഷ്ടമുള്ള സാധനങ്ങള്‍ ഓരോന്നായി ചോദിച്ച് വാങ്ങിയപ്പോള്‍, മറ്റു ചിലര്‍ റാക്കുകളില്‍ സ്വയം തിരഞ്ഞ് ട്രോളിയില്‍ സാധനങ്ങള്‍ എടുത്ത് വെച്ചു. ബില്ലിംഗ് പൂര്‍ത്തിയാക്കി മടങ്ങുമ്പോള്‍ എല്ലാവരുടെയും മുഖത്ത് ആത്മവിശ്വാസം.

വിനോദ കേന്ദ്രമായ ഫണ്‍ടൂറയിലും braile mapping സഹായം ഏര്‍പ്പെടുത്തിയിരുന്നു. വിദ്യാര്‍ത്ഥികളെല്ലാവരും കാര്യമായ പരസഹായം ഇല്ലാതെ മാളില്‍ സ്വയം ഷോപ്പിംഗ് നടത്തുകയും, മാളിലെ വിനോദ കേന്ദ്രമായ funturaയില്‍ റൈഡുകള്‍ ആസ്വദിയ്ക്കുകയും കൂടി ചെയ്തതോടെ സംസ്ഥാന ചരിത്രത്തില്‍ തന്നെ പുതു മാതൃക കുറിയ്ക്കപ്പെട്ട ദിനമായി അത് മാറി.
അങ്ങനെ വിശാലമായ ഒരു മാളിനുള്ളിലെ ഷോപ്പിംഗ് തങ്ങൾക്കും അനായാസമെന്ന് കാഴ്ച പരിമിതരായ കുട്ടികളും തെളിയിച്ചു. ബ്രെയിലി മാപ്പും സ്പർശന സഹായിയും കൊണ്ട് കാഴ്ച പരിമിതർക്കും സ്വന്തം നിലയിൽ ഷോപ്പിംഗ് നടത്താനുള്ള സംവിധാനവും സാഹചര്യവുമുണ്ടെന്നു തെളിയിക്കുകയായിരുന്നു രാജ്യത്തിതാദ്യമായി ലുലു മാൾ (LuLu Mall)


കാഴ്ച പരിമിതരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം Lulu Mall, Ether India, വഴുതയ്ക്കാട് ബ്ലൈന്‍ഡ് സ്കൂൾ എന്നിവർ സംയുക്തമായാണ് “Taare Zameen Par” എന്ന പേരില്‍ പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ തുടക്കമിട്ടത്. ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്.ബിന്ദു, കടകംപള്ളി സുരേന്ദ്രന് എംഎല്‍എ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്കായി ഒരുക്കിയ മാള്‍ വിവരങ്ങളുള്ള മാപ്പ് പ്രകാശനം ചെയ്തു. ജ്യോതിര്‍ഗമയ ഫൗണ്ടേഷന് സ്ഥാപക ടിഫാനി ബ്രാര്‍ ഷോപ്പിംഗ് ഫ്ലാഗ് ഓഫ് ചെയ്തു.

പരിസ്ഥിതി സൗഹൃദം, സ്ത്രീ സൗഹൃദം തുടങ്ങി നിരവധി അഭിനന്ദനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ LuLu Mall വൈകാതെ ഭിന്നശേഷി സൗഹൃദവുമായി മാറുന്നതിന്റെ തുടക്കം കൂടിയായി വിദ്യാര്‍ത്ഥികളുടെ ഈ സന്ദര്‍ശനം.