എന്തുകൊണ്ട് ബ്രഹ്മപുരത്തു മാത്രം തീ?

എന്തുകൊണ്ട് കേരളത്തിലെ മറ്റ് 29 ലെഗസി ഡംപിഗ് യാർഡുകളിൽ മാലിന്യം കത്തുന്നില്ല?

ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാൻ കേരളത്തിനു കഴിയണം. ഒത്തുപിടിച്ചാൽ ഒരുവർഷംകൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാം. കേരളത്തിൽ ആലപ്പുഴ മോഡൽ മാലിന്യ സംസ്കരണത്തിന് ചുക്കാൻ പിടിച്ച മുൻ ധനമന്ത്രി ഡോ തോമസ് ഐസക് കുറിക്കുന്നു.

എന്തുകൊണ്ട് ബ്രഹ്മപുരത്തു മാത്രം തീ എന്നതിന് കാരണം വളരെ വ്യക്തമാണ്. ഈ 29 ഡംപിഗ് യാർഡുകളിലേക്കുള്ള വേർതിരിക്കാത്ത മാലിന്യ നീക്കം 10 വർഷം മുമ്പ് കേരളം അവസാനിപ്പിച്ചു. അവിടങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ഉറവിട മാലിന്യസംസ്കരണരീതി അവലംബിച്ചു.

എന്നാൽ ബ്രഹ്മപുരത്ത് വേർതിരിക്കാത്ത മാലിന്യങ്ങൾ കൊണ്ടുപോയി ഡംപ് ചെയ്യുന്ന പതിവ് തുടർന്നു..

കൊച്ചി കോർപ്പറേഷൻ മാത്രമല്ല, സമീപപ്രദേശത്തെ മുനിസിപ്പാലിറ്റികളും മാലിന്യങ്ങൾ ഇങ്ങോട്ടുതന്നെ കൊണ്ടുവന്നു. അതും വേർതിരിക്കാൻ മിനക്കെടാത്ത  മാലിന്യം.  ബ്രഹ്മപുരത്തു വരാൻ പോകുന്ന വേസ്റ്റ് എനർജി പ്ലാന്റിനെക്കുറിച്ചുള്ള അതിമോഹമാണ് ഇതിനു കാരണം.

ബ്രഹ്മപുരത്തെ മാലിന്യകൂമ്പാരത്തിലെ തീപിടിത്തം കേരളത്തിലെ മാലിന്യസംസ്കരണ തന്ത്രങ്ങളെ വീണ്ടും ചർച്ചാവിഷയമാക്കിയിട്ടുണ്ട്. കേരളത്തിലെ മുപ്പതോളം നഗരയാർഡുകളിൽ ബ്രഹ്മപുരത്തിന്റെ അത്രയും ഇല്ലായെങ്കിലും പതിറ്റാണ്ടുകളുടെ മാലിന്യം കുന്നുകൂടി കിടപ്പുണ്ട്. ആലപ്പുഴയിലെ സർവ്വോദയപുരത്തുമുണ്ട്. അവിടെയെങ്ങും ബ്രഹ്മപുരത്തെപ്പോലെ ഒരു പ്രതിസന്ധി ഉണ്ടായിട്ടില്ല.

എന്താണ് ഈ വ്യത്യാസത്തിനു കാരണം?

എല്ലാ കേന്ദ്രങ്ങളിലെയും ലഗസിവേസ്റ്റ് വേർതിരിച്ചു നീക്കം ചെയ്യാൻ ടെണ്ടറുകൾ വിളിച്ചിട്ടുണ്ട്. കൊല്ലം പോലുള്ള നഗരങ്ങളിൽ ഇത് പൂർത്തിയാക്കി. ബാക്കിയുള്ള ഇടങ്ങളിൽ പ്രവർത്തനം പല ഘട്ടങ്ങളിലാണ്. ബ്രഹ്മപുരത്തും ഈ പ്രവർത്തനം തൃപ്തികരമല്ലെങ്കിലും നടന്നുവരുന്നു.

പക്ഷേ, ബ്രഹ്മപുരവും ബാക്കി കേന്ദ്രങ്ങളും തമ്മിൽ ഒരു വ്യത്യാസമുണ്ട്. ബാക്കിയുള്ളിടങ്ങളിലെല്ലാം വികേന്ദ്രീകൃത ഉറവിട മാലിന്യസംസ്കരണ രീതികൾ  ഏറിയും കുറഞ്ഞും അവലംബിക്കുന്നതുകൊണ്ട് ലഗസിവേസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള മാലിന്യനീക്കം 5-10 ആണ്ടുകളായി ഇല്ല. കൊച്ചിയിൽ വികേന്ദ്രീകൃത മാലിന്യസംസ്കരണം ഗൗരവമായി എടുത്തില്ല. തുടക്കംകുറിച്ചിടത്തു തന്നെ  അവസാനിപ്പിച്ചു. എന്നുമാത്രമല്ല, വേർതിരിക്കാത്ത മാലിന്യം മുഴുവൻ ബ്രഹ്മപുരത്തേക്ക് കൊണ്ടുവന്നു. പോരാത്തതിന് തൃക്കാക്കര പോലുള്ള സമീപപ്രദേശങ്ങളിലെ വേസ്റ്റും ഇങ്ങോട്ടുകൊണ്ടുവന്നു. വരാൻ പോകുന്ന വേസ്റ്റ് ടു എനർജി ഭീമൻ പ്ലാന്റിന്റെ മായാമോഹത്തിലായിരുന്നു എല്ലാവരും. പുതിയ പ്ലാന്റ് വരുമ്പോൾ അതിന് ഉറവിട മാലിന്യസംസ്കരണം തടസമാകും. ഈ ഭ്രാന്തൻ നടപടിയാണ് കൊച്ചിയിലെ മാലിന്യ പ്രതിസന്ധിക്കു കാരണം.

ഇനി എന്തുചെയ്യാം?

ഉറവിട മാലിന്യസംസ്കരണമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല. ബ്രഹ്മപുരത്ത് മാലിന്യം ഡംപ് ചെയ്യുന്നത് എന്നത്തേക്കുമായി അവസാനിപ്പിക്കണം. മറ്റു പ്രദേശങ്ങളിലെപ്പോലെ ഉറവിട മാലിന്യസംസ്കരണരീതി യുദ്ധകാലാടിസ്ഥാനത്തിൽ കൊച്ചിയിലും നടപ്പാക്കണം.

ഉറവിട മാലിന്യ സംസ്കരണം ലളിതമാണ്. അതിനെ അതിലളിതവൽക്കരിച്ച് വക്രീകരിക്കുന്ന സമീപനമാണ് ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നത്  എന്ന് പറയാതെ വയ്യ.

ആദ്യത്തെ പ്രശ്നം എല്ലാ മാലിന്യങ്ങളും അതായത് അജൈവ മാലിന്യങ്ങൾ ഉറവിടത്തിൽതന്നെ സംസ്കരിക്കാനാകുമോ എന്നുളളതാണ്. ആവില്ല എന്നു വ്യക്തമാണ്. ഉറവിട മാലിന്യ സംസ്കരണം അതിനു ശ്രമിക്കുന്നുമില്ല. ഉറവിട മാലിന്യ സംസ്കരണം എന്നാൽ മൂന്ന് കാര്യങ്ങളാണ്.

  1. ഉറവിടത്തിൽ തന്നെ മാലിന്യം വേർതിരിക്കുക.
  2. ജൈവ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുക.
  3. അജൈവ മാലിന്യം ഇനം തിരിച്ച് പുനരുപയോഗത്തിനോ പുനചംക്രമണത്തിനോ അല്ലെങ്കിൽ ലാന്റ് ഫില്ലിംഗിനോ ആയി നീക്കം ചെയ്യുക.

രണ്ടാമത്തെ പ്രശ്നം ബയോഗ്യാസുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളാണ്. അവ സങ്കീർണ്ണമാണെന്ന് ആർക്കെങ്കിലും തോന്നുന്നുവെങ്കിൽ ബയോഗ്യാസ് വേണ്ട. അതിലളിതമായ കമ്പോസ്റ്റിംഗ് രീതികളുണ്ട്. അതിനുള്ള ഒട്ടനവധി വ്യത്യസ്ത മാതൃകകൾ ഇന്നു ലഭ്യമാണ്.

Related Article: പാചക വാതകത്തിൽ കൈ പൊള്ളിയോ ?

മൂന്നാമത്തെ പ്രശ്നം ഇങ്ങനെ കേരളത്തിലെ ഭൂരിപക്ഷം ആളുകളും ഇതു ചെയ്യാൻ തയ്യാറാകുമോ എന്നുള്ളതാണ്.

കേരളത്തിലെ എല്ലാ വീടുകളും അവരുടെ മലവിസർജ്ജ്യം വീടുകൾക്കുള്ളിലോ സമീപപ്രദേശങ്ങളിലോ ആണ് സംസ്കരിക്കുന്നത്. പിന്നെ ഇത്തിരിപോന്ന അടുക്കള മാലിന്യത്തിന്റെ കാര്യത്തിൽ എന്തിനാണ് അറയ്ക്കുന്നത്. ഇതെല്ലാം മൈൻഡ് സെറ്റിന്റെ പ്രശ്നമാണ്. അത് മാറ്റാവുന്നതേയുള്ളൂ.

കൂടുതൽ ഗൗരവമായ പ്രശ്നം വേസ്റ്റ് റ്റു എനർജി പ്ലാന്റുകളുടെ സാമ്പത്തികമാണ്. 15 രൂപ ഒരു യൂണിറ്റ് എനർജിക്ക് വേണ്ടിവരും. ശരാശരി വേണ്ടിവരുന്ന ചെലവിനേക്കാൾ 10 രൂപയെങ്കിലും കൂടുതൽ വേണ്ടിവരും. ഈ നഷ്ടം എല്ലാ കാലത്തും സഹിക്കണം. അതേസമയം ഒരു കിലോ കമ്പോസ്റ്റ് ഉൽപ്പാദിപ്പിക്കുമ്പോൾ 10 രൂപയെങ്കിലും ഓരോ കിലോയ്ക്കും ലാഭംകിട്ടും. ഇത്തരമൊരു നേട്ട-കോട്ട വിശ്ലേഷണം അനിവാര്യമാണ്.

വേസ്റ്റ് റ്റു എനർജി പ്ലാന്റുകൾ പ്രവർത്തിക്കാൻ മിനിമം മാലിന്യം ഉറപ്പുവരുത്തിയേ തീരൂ. അത് ഉറപ്പുവരുത്തുന്നതിനുള്ള തന്ത്രപ്പാടാണ് ബ്രഹ്മപുരത്തേക്ക് മാലിന്യങ്ങൾ വേർതിരിക്കാതെ കൊണ്ടുപോകുന്നതിനു പ്രേരകമായത്. കൊച്ചിയിലെ മാത്രമല്ല, സമീപപ്രദേശത്തെ മുനിസിപ്പാലിറ്റികളിലെല്ലാം ഉറവിട മാലിന്യ സംസ്കരണ രീതികൾ അവസാനിപ്പിച്ചത് വരാൻ പോകുന്ന എനർജി പ്ലാന്റിൽ ആവശ്യത്തിനു മാലിന്യം ലഭിക്കുമെന്ന് ഉറപ്പുവരുത്താനാണ്. പാരിസ്ഥിതികമായി നോക്കുമ്പോൾ മാലിന്യം കുറയ്ക്കാനാണു നമ്മൾ നോക്കേണ്ടത്. എന്നാൽ എനർജി പ്ലാന്റിന്റെ ദർശനം മാലിന്യം വർദ്ധിപ്പിക്കുകയാണ്.

ഇതൊക്കെയാണെങ്കിലും ചില സവിശേഷ സാഹചര്യങ്ങളിൽ ചിലപ്പോൾ വേസ്റ്റ് എനർജി പ്ലാന്റുകൾ അനിവാര്യമായി തീരാം. അതിനെ എതിർക്കുന്നില്ല. പക്ഷേ, എറണാകുളം ജില്ലയിലെയും അതുപോലെ കേരളത്തിലെ മുഴുവനും ജൈവ മാലിന്യം എനർജിയാക്കി മാറ്റാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ അത് അപകടകരമാണ്. മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയ്ക്കുന്നതിനും കാർഷിക പ്രതിസന്ധിക്കും ഇടവരുത്തും.

മണ്ണിൽ നിന്നും നാം എടുക്കുന്ന ഫലങ്ങളുടെ അവശിഷ്ടങ്ങൾ മണ്ണിലേക്കു തന്നെ തിരിച്ച് ഏൽപ്പിക്കണം. ഇത് സുപ്രധാനമായ ഒരു പ്രകൃതി സന്തുലനചക്രമാണ്. ഈ പാരസ്പര്യത്തിന്റെ തകർച്ച സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധിയെക്കുറിച്ച് മാർക്സ് തന്നെ സവിസ്തരം പ്രതിപാദിക്കുന്നു.

മാർക്സിന്റെ ചിന്താ പദ്ധതിയിലെ ഇക്കോളജിക്കൽ സമീപനം ഇന്ന് ആഴത്തിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. പ്രകൃതിയെ മാറ്റുന്നവരാണ് മനുഷ്യരെങ്കിലും അവർ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയും മനുഷ്യനും തമ്മിലുണ്ടാകേണ്ടുന്ന പാരസ്പര്യം ഇല്ലായ്മ ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമായി മാർക്സ് ചൂണ്ടിക്കാണിക്കുന്ന ഒന്ന് മണ്ണിന്റെ ഫലഭൂയിഷ്ഠതയിൽ വരുന്ന തകർച്ചയാണ്. മണ്ണിന്റെ ഫലങ്ങളെല്ലാം നഗരങ്ങളിലേക്കു പോയി. അവയുടെ അവശിഷ്ഠങ്ങൾ മണ്ണിലേക്കു തിരിച്ചു വരുന്നില്ല. മറിച്ച്, നഗരത്തെ മലിനീകരിക്കുന്നു. മാർക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം ഈ സമസ്യയുടെ ചർച്ചയിൽ നിന്നാണ് ആരംഭിക്കുന്നത്. താൽപ്പര്യമുള്ളവർക്ക് മന്തിലി റിവ്യു പ്രസാദകശാല പുറത്തിറക്കിയിട്ടുള്ള മാർക്സിസവും ഇക്കോളജിയും സംബന്ധിച്ച ഗ്രന്ഥങ്ങൾ വായിച്ചുനോക്കാവുന്നതാണ്.

കേരളത്തിൽ കേന്ദ്രീകൃത മാലിന്യ സംസ്കരണവും ഉറവിട മാലിന്യ സംസ്കരണവും ഒരുപോലെ പരാജയപ്പെട്ടുവെന്ന ചിലരുടെ  നിലപാടിനോടും യോജിപ്പില്ല. ഉറവിട മാലിന്യ സംസ്കരണം വിജയകരമായി നടപ്പാക്കുന്ന നിരവധി തദ്ദേശഭരണസ്ഥാപനങ്ങളെ കാണിച്ചുതരാനാകും. ഇന്ന് കേരളത്തിൽ ഏതാണ്ട് 20 ലക്ഷം ആളുകളെങ്കിലും തങ്ങളുടെ വീടുകളിൽ തന്നെ അല്ലെങ്കിൽ തൊട്ടടുത്ത പ്രദേശത്ത് ജൈവമാലിന്യം സംസ്കരിക്കുന്നവരാണ്.

ബ്രഹ്മപുരത്തെ ഈ ആപത്ത് ഒരു അവസരമാക്കി മാറ്റാൻ കേരളത്തിനു കഴിയണം. ഉറവിട മാലിന്യ സംസ്കരണം തികച്ചും ലളിതമാണ്. ഒത്തുപിടിച്ചാൽ ഒരുവർഷംകൊണ്ട് കേരളത്തെ ശുചിത്വ സംസ്ഥാനമാക്കി മാറ്റാം.

ആലപ്പുഴ മോഡൽ വികേന്ദ്രികൃത ഉറവിട മാലിന്യ സംസ്കരണം

വികേന്ദ്രീകൃത ഉറവിടമാലിന്യസംസ്കരണം  ഫലപ്രദമായി നടപ്പിലാക്കിയ കേരളത്തിലെ ആദ്യ നഗരസഭകളിലൊന്നാണ് ആലപ്പുഴ. ഒരു ദശാബ്ദത്തിലേറെയായി സർവ്വോദയപുരം മാലിന്യ കേന്ദ്രത്തിലേക്ക് നഗരത്തിൽ നിന്നു വേസ്റ്റ് കൊണ്ടുപോകുന്നില്ല. പകരം വീടുകളിലോ സമീപത്തുള്ള കമ്മ്യൂണിറ്റി എയ്റോബിൻ കേന്ദ്രങ്ങളിലോ ആണ് സംസ്കരിക്കുക. ഇതുവരെ 15 വാർഡുകളെ സമ്പൂർണ്ണ ശുചിത്വ വാർഡുകളായി മാറിയിട്ടുള്ളൂ. എന്നിട്ടുപോലും നഗരത്തിൽ അതു വരുത്തിയ മാറ്റം വളരെ വലുതായിരുന്നു.
ആലപ്പുഴ  നഗരത്തെ സമ്പൂർണ്ണ ശുചിത്വ പദവിയിലേക്ക് എങ്ങനെ ഉയർത്താം? ഇതായിരുന്നു രണ്ട് ദിവസം കിലയിൽ വച്ചുനടന്ന ശില്പശാലയുടെ ഉള്ളടക്കം. പകുതിയോളം കൗൺസിലർമാരും പ്രധാന ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരം ഉൾപ്പെടെ 50 ഓളം പേർ ഉണ്ടായിരുന്നു. കിലയിൽ വച്ചു ശില്പശാല നടത്തിയതിനു പ്രത്യേക ഉദ്ദേശമുണ്ടായിരുന്നു. ആലപ്പുഴയിൽ ഇനി ചെയ്യേണ്ടുന്ന ചില നൂതനകാര്യങ്ങൾ കണ്ടുപഠിക്കാൻ ഏറെയുള്ള രണ്ട് നഗരസഭകളാണ് ഗുരുവായൂരും കുന്നംകുളവും.

കില ശില്പശാലയുടെ അജണ്ടയിൽ ഈ നഗരസഭകളിലേക്കുള്ള പഠനസന്ദർശനവും ഉൾപ്പെടുത്തിയിരുന്നു.
ആലപ്പുഴയിലെ ഹരിതകർമ്മസേനാ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം. മാർക്കറ്റ്, സദ്യാലയങ്ങൾ എന്നിവിടങ്ങളിലെ മാലിന്യവും സാമൂഹ്യ ചെറുകിട കമ്പോസ്റ്റിംഗ് കേന്ദ്രങ്ങളിലെ അധിക വേസ്റ്റും സംസ്കരിക്കാൻ വിൻഡ്രോ കമ്പോസ്റ്റിംഗ് കേന്ദ്രം ഉണ്ടാക്കണം. ഇത്രനാളായിട്ടും വളം വികേന്ദ്രീകൃതാടിസ്ഥാനത്തിൽ വിതരണം ചെയ്യാത്തത് ആലപ്പുഴയിലെ മറ്റൊരു പോരായ്മയാണ്. ഇങ്ങനെയുള്ള പല കാര്യങ്ങളുടെയും ചില പ്രധാന ഉൾക്കാഴ്ചകൾ ഗുരുവായൂരിൽ നിന്നുും കുന്നംകുളത്തു നിന്നും ലഭിച്ചു.
ശില്പശാലയിൽവച്ച് ഒരു സമയബന്ധിത പരിപാടിക്ക് രൂപം നൽകിയിട്ടുണ്ട്. ആലപ്പുഴ ശുചിത്വ പരിപാടിയുടെ മൂന്നാംഘട്ടമെന്നാണ് ഇതിനെ വിശേഷിപ്പിക്കുക. ഈ ഘട്ടത്തിലെ പ്രവർത്തനങ്ങളുടെ ലക്ഷ്യം സമ്പൂർണ്ണ ശുചിത്വ വാർഡുകളുടെ എണ്ണം 15-ൽ നിന്ന് 30 എങ്കിലുമായി ഉയർത്തുകയെന്നതാണ്. അതോടൊപ്പം കനാൽ ശുചീകരണവും നവീകരണവും ഊർജ്ജിതപ്പെടുത്തും

Why has fire erupted only in Brahmapuram? Why is garbage not burning in other 29 legacy dumping yards in Kerala? Kerala should be able to turn this danger into an opportunity. If we agree we can make Kerala a clean state in one year. Former Finance Minister Dr Thomas Isaac, who spearheaded the Alappuzha model of waste management in Kerala, states.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version