ഇന്ത്യയുടെ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ യാഥാർഥ്യമാകുകയാണ്. 2022-ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ മൺസൂൺ സെഷനിൽ അവതരിപ്പിക്കുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി ഏപ്രിൽ 11ന് സുപ്രീം കോടതിയെ അറിയിച്ചു.
ഉപയോക്തൃ ഡാറ്റയുടെയും ഓൺലൈൻ സ്വകാര്യതയുടെയും സംരക്ഷണം ഉറപ്പാക്കുകയാണ് ബിൽ ലക്ഷ്യമിടുന്നത്. ഇത് ഉപയോക്തൃ ഡാറ്റ ശേഖരിക്കുന്ന എന്റിറ്റികളെ ഡാറ്റയുടെ സംരക്ഷണത്തിന് ഉത്തരവാദിത്തമുള്ളവരാക്കുകയും ഉപയോക്താക്കളുടെ വ്യക്തിഗത ഡാറ്റ ദുരുപയോഗം ചെയ്യുന്നത് തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനത്തിന് കനത്ത പിഴയും ബിൽ നിർദ്ദേശിക്കുന്നു.
കേന്ദ്രത്തിനും അതിന്റെ ഏജൻസികൾക്കുമുള്ള വ്യാപകമായ ഇളവുകൾ, നിർദിഷ്ട ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ സ്വാതന്ത്ര്യം കുറയ്‌ക്കുന്ന ഇളവുകൾ ഒക്കെ അവതരിപ്പിക്കാനിരിക്കുന്ന ഡാറ്റാ ബില്ലിൽ വിദഗ്ധർ ചൂടികാട്ടുന്ന ആശങ്കകളാണ്.
പുതിയ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ കരട് 2022 നവംബർ 18 നാണു പുറത്തിറക്കിയത്. വ്യക്തിഗത ഡാറ്റയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നിയമനിർമ്മാണത്തിന്റെ പുനർനിർമ്മിച്ച പതിപ്പ് വൻകിട ടെക് കമ്പനികൾക്ക് ആശ്വാസം നൽകുന്ന തരത്തിൽ ക്രോസ്-ബോർഡർ ഡാറ്റ ഫ്ലോകളുടെ നിയമങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്, കൂടാതെ സ്റ്റാർട്ടപ്പുകൾ പാലിക്കേണ്ട ആവശ്യകതകൾക്കുള്ള വ്യവസ്ഥയും ഉണ്ട്.
ബിൽ ഉറപ്പാക്കുന്നത് ന്യായമായ നിയന്ത്രണങ്ങളാണെന്നും, ഡാറ്റാ ലോകത്ത് സന്തുലിതാവസ്ഥയും സുരക്ഷയും ഉറപ്പാക്കുന്നുവെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിലെ (MeitY) ഉദ്യോഗസ്ഥർ പറഞ്ഞു.