ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നതിന്റെ അവസാന ഘട്ടത്തിലാണിപ്പോൾ. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾക്കു റിസർവ് ബാങ്ക് അനുമതി നൽകിക്കഴിഞ്ഞു.

രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ജൂലൈ മുതൽ ഇന്ത്യൻ സർക്കാർ ഡോളറിന്റെ സാന്നിധ്യം കുറവുള്ള, തിരെഞ്ഞെടുത്ത രാജ്യങ്ങളെ രൂപ സെറ്റിൽമെന്റ് സംവിധാനത്തിലേക്ക് കൊണ്ടുവരാൻ ശ്രമം നടത്തുന്നുണ്ട്. ഈ സംവിധാനത്തിന് കീഴിൽ ഇറക്കുമതിയും കയറ്റുമതിയും രൂപയിലായിരിക്കും നടക്കുക. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടന്നുവരവെ, ഇന്ത്യ ഇതിനെ മികച്ച അവസരമാക്കി മാറ്റുകയാണ്.

ബ്രിട്ടൻ, റഷ്യ, ബോട്സ്വാന, ഫിജി, ജർമ്മനി, ഗയാന, ഇസ്രായേൽ, കെനിയ, മലേഷ്യ, മൗറീഷ്യസ്, മ്യാൻമർ, ന്യൂസിലാൻഡ്, ഒമാൻ, സീഷെൽസ്, സിംഗപ്പൂർ, ശ്രീലങ്ക, ടാൻസാനിയ, ഉഗാണ്ട തുടങ്ങി 18 രാജ്യങ്ങൾക്ക് രൂപയിൽ ഇടപാട് നടത്താൻ ആർബിഐ അനുമതി നൽകിയിട്ടുണ്ട്.
ഈ പണം ഇന്ത്യൻ കമ്പനികളിൽ നിക്ഷേപിക്കാനും ഇന്ത്യയിൽ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങാനും ഈ രാജ്യങ്ങൾ ഉപയോഗിക്കും. ഇത് വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടുകളുടെ ചെലവ് കുറയ്ക്കുകയും വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കുകയും ചെയ്യും. ചരക്ക് വ്യാപാര കമ്മി 2022 ഏപ്രിൽ മുതൽ 2023 ജനുവരി വരെ 233 ബില്യൺ ഡോളറായിരുന്നു. കൂടുതൽ രാജ്യങ്ങൾ രൂപയിൽ വ്യാപാരം ചെയ്യാൻ തയ്യാറായതിനാൽ ഇന്ത്യക്ക് കൂടുതൽ കയറ്റുമതി ചെയ്യാനും കഴിയും.

18 രാജ്യങ്ങളിൽ നിന്നുള്ള ബാങ്കുകൾക്ക് രൂപയിൽ പേയ്മെന്റുകൾ തീർപ്പാക്കാൻ പ്രത്യേക വോസ്ട്രോ റുപ്പി അക്കൗണ്ടുകൾ (SVRI) തുറക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അനുമതി നൽകിയതായി കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കിഷൻറാവു കരാഡ് ബുധനാഴ്ച പാർലമെന്റിനെ അറിയിച്ചു.
ഇത്തരത്തിലുള്ള 60 അംഗീകാരങ്ങൾ ആർബിഐ നൽകിയിട്ടുണ്ടെന്ന് രാജ്യസഭയിൽ സംസാരിക്കവെ കരാഡ് പറഞ്ഞു.
“വിദേശ രാജ്യങ്ങളിൽ നിന്നുള്ള 30 ബാങ്കുകൾ ഇന്ത്യയിലെ 30 ബാങ്കുകളുമായി സൈൻ അപ്പ് ചെയ്തിട്ടുണ്ട്, അതിനാൽ 30 അക്കൗണ്ടുകൾ വഴി ഇന്ത്യയുടെ രൂപയിൽ നേരിട്ടാകും ഇടപാടുകൾ. അവ ആരംഭിച്ചു കഴിഞ്ഞു” ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡിജിഎഫ്ടി) സന്തോഷ് കുമാർ സാരംഗി പറഞ്ഞു