കാശ്മീർ ആവശ്യപ്പെട്ടു, ആപ്പിൾ ഇറക്കുമതിക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി.
വിഷമിക്കേണ്ട. വിലക്ക് ആപ്പിൾ മൊബൈൽ ഫോണിനല്ല, മറിച്ച് നല്ല മധുരമുള്ള ആപ്പിൾ ഫ്രൂട്ടിനാണ്. ഇൻഡ്യയിൽ വിളയുന്ന ആപ്പിളിന്റെ ഡിമാൻഡ് കുറയുന്നു എന്ന് കണ്ടതിനെ തുടർന്നാണ് ഇറക്കുമതി ചെയ്യുന്ന ആപ്പിളിന് വിലക്കേർപ്പെടുത്താൻ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (DGFT) തീരുമാനിച്ചത്.
ഇറാനില്‍ നിന്നും മറ്റും വിലകുറഞ്ഞ ആപ്പിള്‍ ഇന്ത്യയിലെ മൊത്ത വ്യാപാര കച്ചവടക്കാർ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര ആപ്പിളിന്റെ വിലകുറയാൻ ഇടയാക്കുന്നെന്നും ഇറക്കുമതിക്ക് നിയന്ത്രണം വേണമെന്നും കാശ്മീരിലെ ആപ്പിള്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.
അയല്‍ രാജ്യമായ ഭൂട്ടാനില്‍ നിന്നുള്ള ഇറക്കുമതിക്ക് വിലക്ക് ബാധകമല്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി) വ്യക്തമാക്കി.
അടിസ്ഥാനവില, ഇന്‍ഷ്വറന്‍സ്, ചരക്കുകൂലി (Cost, Insurance, Freight/CIF) എന്നിവ ചേർത്തുള്ള ഇറക്കുമതി വില 50 രൂപയ്ക്കും അതിനും താഴെയുള്ള ആപ്പിളുകള്‍ക്കാണ് വിലക്ക്.
2021-22ല്‍ 3,158 കോടി രൂപക്കായിരുന്നു ഇന്ത്യ ആപ്പിള്‍ ഇറക്കുമതി ചെയ്തത്. . 2022-23ല്‍ ഏപ്രില്‍-ഫെബ്രുവരി വരെയുള്ള കണക്കുപ്രകാരം ഇന്ത്യയുടെ ആപ്പിൾ ഇറക്കുമതി 26.03 കോടി ഡോളറിന്റേതാണ് (2,134 കോടി രൂപ).
നേരത്തേയും ഇന്ത്യയിൽ ആപ്പിള്‍ ഇറക്കുമതിക്ക് കേന്ദ്രം നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പിനീട് 2018ല്‍ ആ വിലക്ക്ഭാഗികമായി നീക്കി. കൊച്ചി, കൊല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നീ തുറമുഖങ്ങള്‍ വഴിയും ന്യൂഡല്‍ഹി വിമാനത്താവളം വഴിയും കരമാർഗവും ഇറക്കുമതി ചെയ്യാനാണ് അതിനു ശേഷം മൊത്ത വ്യാപാരികളെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് അനുവദിച്ചത്.
ഇറാന്‍, ചിലി, ടര്‍ക്കി, ഇറ്റലി, അമേരിക്ക, ബ്രസീല്‍, യു.എ.ഇ അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, പോളണ്ട് എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് കൂടുതലും ആപ്പിൾ ഇറക്കുമതി.