സ്റ്റാർട്ടപ്പ് സംരംഭമായ ഓർബിസ് ഓട്ടോമോട്ടീവ്സിനു തുണയായി ഒടുവിൽ കേരള ഹൈക്കോടതി. അതീവ സുരക്ഷാ നമ്പർപ്ലേറ്റുകൾ നിർമിക്കാൻ ഓർബിസിനു കേരള സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും അവർക്കു നിലവിൽ കേന്ദ്ര സർക്കാരിന്റെ അംഗീകാരമുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.
സംസ്ഥാന സർക്കാരിന്റെ അംഗീകാരമില്ലെന്നു പറഞ്ഞു ഓർബിസിന്റെ നമ്പർപ്ലേറ്റുകൾക്കു സംസ്ഥാന സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു.
അതിസുരക്ഷാനമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കാന്‍ അംഗീകാരമുള്ള കേരളത്തിലെ ഏക സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഓര്‍ബിസ് ഓട്ടോമോട്ടീവ്സ്.
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നടപ്പാക്കാത്ത നടപടി നീതീകരിക്കാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനാനുമതി ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്ന മലപ്പുറത്തെ ഓര്‍ബിസ് ഓട്ടോമോട്ടീവ്സിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസ് രാജാ വിജയരാഘവന് വിയുടെ സിംഗിള്‍ ബഞ്ച് ഈ ഉത്തരവിട്ടത്.
2001 ലെ മോട്ടോര്‍വാഹന ഭേദഗതി നിയമപ്രകാരമാണ് രാജ്യത്ത് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയത്. തുടര്‍ന്ന് രാജ്യത്തെ എല്ലാ വാഹനങ്ങളിലും അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കി 2018 ലും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി. ഇതിന്റെ ചുവടുപിടിച്ച് 2019 മേയില്‍ അന്നത്തെ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര് ജ്യോതിലാല്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ വാഹനങ്ങളിലും അടിയന്തരമായി അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമില്ലെന്ന കാരണത്താല്‍ മലപ്പുറത്തെ ഓര്‍ബിസ് കമ്പനിക്കെതിരെ എടുത്ത നടപടിക്കെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കോടതി കണ്ടെത്തി. അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍മ്മിക്കുന്നതിനും അത് വാഹനങ്ങളില്‍ ഫിറ്റ് ചെയ്യുന്നതിനും ഓണ്‍ലൈനിലോ നേരിട്ടോ വില്പന നടത്തുന്നതിനും ഡെലിവറി സെന്ററുകള്‍ നടത്തുന്നതിനും ഇവരെ വിലക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് കോടതി വിധിച്ചു. എന്നാല്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകളുടെ വില്പന നടത്തിയാല്‍ ഡീലര്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണെന്നും കോടതി വ്യക്തമാക്കി.
എത്ര ദിവസത്തിനുള്ളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കാനാകുമെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് നിര്‍മ്മാതാക്കളെ തെരഞ്ഞെടുക്കാന്‍ മൂന്നുമാസത്തെ സമയം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരമുള്ള ഏജന്‍സിക്ക് സംസ്ഥാനസര്‍ക്കാരിന്റെ അനുമതി കൂടാതെ തന്നെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നല്‍കാവുന്നതാണെന്ന് കോടതി പറഞ്ഞു. ആവക്യമെങ്കില് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് വിവരങ്ങള്‍ വാഹന്‍ പോര്‍ട്ടലുമായി ബന്ധിപ്പിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.
ഒരേ നമ്പറിലുള്ള നമ്പര്‍ പ്ലേറ്റ് ദുരുപയോഗം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ അതിസുരക്ഷാ നമ്പരിലൂടെ സാധിക്കും.