സ്ത്രീകൾക്ക് വേണ്ടി മാത്രമായി യാത്രകൾ ഒരുക്കുകയാണ് എറണാകുളം ആസ്ഥാനമായുള്ള എസ്കേപ് നൗ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. യാത്രകളെ ഒരുപാടിഷ്ടപ്പെടുന്ന ഇന്ദു കൃഷ്ണയാണ് കമ്പനിയുടെ ഫൗണ്ടർ.
2016 മാർച്ച് 8 നാണ് എസ്കേപ് നൗ എന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ യാത്ര ആരംഭിക്കുന്നത്. യാത്രകൾ, സ്ത്രീകൾക്ക് കൂടുതൽ ആത്മവിശ്വാസവും,സ്വയം പര്യാപ്തത കൈവരിക്കാൻ അവസരവും നൽകുമെന്ന് ഇന്ദു കൃഷ്ണ പറയുന്നു. സ്റ്റ്റ്റീരിയോടൈപ് ജീവിതശൈലിയിൽ നിന്ന് എസ്കേപ് ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് സുരക്ഷിതമായൊരു യാത്രയാണ് എസ്കേപ് നൗ വിലൂടെ സാധ്യമാകുന്നത്. പുതിയ നാടും, നാട്ടുകാരും, അവിടുത്തെ ആഹാരവുമൊക്കെ ആസ്വദിച്ചുള്ള ഈ പെൺ യാത്രാകൂട്ടായ്മയുടെ യാത്രകൾ ആറു വർഷം പിന്നിട്ടിരിക്കുകയാണ്.
ലഡാക്കിലേക്ക് സ്ത്രീകൾ മാത്രമുള്ള യാത്രയുടെ അന്വേഷണത്തിൽ നിന്നാണ് എസ്കേപ് നൗ എന്ന യാത്രാ സംരംഭത്തിന്റെ തുടക്കം. കേരളത്തിനകത്തും, പുറത്തും ഇന്ത്യയ്ക്ക് പുറത്തുമായി ഇരുനൂറിലധികം യാത്രകളാണ് എസ്കേപ് നൗ ഇതുവരെ നടത്തിയത്. ആറു വർഷം മുമ്പ് ഇങ്ങനൊരു കമ്പനി തുടങ്ങുമ്പോൾ നേരിടേണ്ടി വന്ന വെല്ലുവിളി യാത്രികരുടെ സേഫ്റ്റിയും സെക്യൂരിറ്റിയുമായിരുന്നു. പൈലറ്റ് യാത്രകൾ നടത്തി ആ പ്രശ്നം പരിഹരിച്ചു. അതുകൊണ്ടു തന്നെ
കമ്പനി തുടങ്ങുമ്പോൾ 25ഓളം സ്ഥലങ്ങൾ സ്പോട്ടുചെയ്തിരുന്നെന്നും ഇന്ദു കൃഷ്ണ പറയുന്നു.
ട്രിപ്പ് തീരുമാനിച്ചു കഴിഞ്ഞാൽ ഇൻസ്റ്റഗ്രാമിലൂടെയും, ഫെസ്ബുക്കിലൂടെയും ട്രിപ്പ് അനൗൺസ് ചെയ്യും. ബുക്കിംഗ് നടപടികൾ പൂർത്തിയാകുന്നതോടെ ഒരു വാട്സപ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്യും. ഈ ഗ്രൂപ്പിലൂടെയാണ് പിന്നീട് യാത്രാ വിവരങ്ങൾ കൈമാറുന്നത്. ഈ വാട്സ്ആപ് ഗ്രൂപ്പ് യാത്രക്ക് മുമ്പ് തന്നെ യാത്രികർ തമ്മിൽ പരിചയപ്പെടാനും വഴിയൊരുക്കും. ഒരു യാത്രയ്ക്ക് മിനിമം ആറു പേരും പരമാവധി 20 പേരെയുമാണ് ഉൾക്കൊള്ളിക്കുന്നത്. കൊറോണ യാത്രയെ വഴിമുട്ടിച്ചെങ്കിലും പൂർവ്വാധികം ശക്തിയോടെ യാത്രകളാരംഭിച്ചിരിക്കുകയാണ് എസ്കേപ് നൗവും, പെൺയാത്രികരും. പാഷൻ പ്രൊഫഷനാകുമ്പോൾ അത് കൂടുതൽ ആസ്വാദ്യകരമാകുമെന്ന് തെളിയിക്കുകയാണ് ഇന്ദു കൃഷ്ണ.