ഒരാഴ്ചയ്ക്കുള്ളിൽ ഓഡിറ്ററെയും മൂന്ന് ബോർഡ് അംഗങ്ങളെയും നഷ്ടപ്പെട്ട ഇന്ത്യൻ എഡ്ടെക് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് നേരിടുന്നത്.
ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ നൽകുന്നതിൽ കാലതാമസം നേരിട്ടതിന്റെ പേരിൽ ബൈജൂസുമായുള്ള ബന്ധം വിച്ഛേദിക്കുകയാണെന്ന് ഓഡിറ്റർ ഡിലോയിറ്റ് (Deloitte Haskins & Sells) അറിയിച്ചിരുന്നു. നിരവധി തവണ അറിയിച്ചിട്ടും ബൈജൂസിൽ നിന്ന് സാമ്പത്തിക രേഖകൾ ലഭിക്കാത്തതിനാലാണ് പിന്മാറ്റമെന്ന് ഡിലോയിറ്റ് വ്യക്തമാക്കിയിരുന്നു. ഇതോടെ 2022-ലെ ഓഡിറ്റഡ് വരുമാനം സെപ്റ്റംബറിലും 2023-ലെ റിസൾട്ട് ഡിസംബറിലും ഫയൽ ചെയ്യുമെന്ന് നിക്ഷേപകരോട് വ്യക്തമാക്കിയിരിക്കുകയാണ് എഡ്ടെക് കമ്പനി. ബൈജൂസിന്റെ പുതിയ ഓഡിറ്ററായി ബിഡിഒയെ (MSKA & Associates) നിയമിച്ചിട്ടുണ്ട്.
അതേസമയം കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി ബൈജൂസിന്റെ നേതൃത്വം 75 ഓളം ഓഹരി ഉടമകളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സ്ഥാപകൻ ബൈജു രവീന്ദ്രൻ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ അജയ് ഗോയൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച്ച. ബൈജൂസിന്റെ 2021-22 ഓഡിറ്റ് ചെയ്ത ഫലങ്ങൾ സെപ്തംബറോടെ ഇന്ത്യൻ റെഗുലേറ്റർമാർക്ക് സമർപ്പിക്കുമെന്നും വർഷാവസാനത്തോടെ 2022-23 വരുമാനം നൽകുമെന്നും അജയ് ഗോയൽ നിക്ഷേപകരോട് പറഞ്ഞു. ബോർഡിലേക്ക് പുതിയ സ്വതന്ത്ര ഡയറക്ടർമാരെ നിയമിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കമ്പനി നിക്ഷേപകരോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
മൂന്ന് ബോർഡ് അംഗങ്ങളോട് രാജി പുനഃപരിശോധിക്കാൻ ബൈജൂസ് ആവശ്യപ്പെട്ടതായും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നേരത്തെ സെക്വോയ ക്യാപിറ്റൽ ഇന്ത്യ എന്നറിയപ്പെട്ടിരുന്ന Peak XV Partners, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് എന്നിവയെ പ്രതിനിധീകരിക്കുന്ന ബോർഡംഗങ്ങൾ തങ്ങളുടെ കാരണങ്ങൾ പരസ്യമായി പ്രകടിപ്പിക്കാതെ പടിയിറങ്ങിയിരുന്നു. ഓഡിറ്റ് കാലതാമസത്തെക്കുറിച്ചും വായ്പ നൽകുന്നവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബൈജൂസ് എങ്ങനെ കൈകാര്യം ചെയ്തെന്നതിനെക്കുറിച്ചും നേതൃത്വവുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ചാണ് അവർ കൂട്ടത്തോടെ രാജിവെക്കാൻ തീരുമാനിച്ചതെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഡയറക്ടർമാരായ ജിവി രവിശങ്കർ, പീക്ക് എക്സ്വി പാർട്ണേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ, പ്രോസസ് എൻവി എക്സിക്യൂട്ടീവായ റസ്സൽ ഡ്രെസെൻസ്റ്റോക്ക്, ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവിന്റെ മാനേജിംഗ് പാർട്ണറായ വിവിയൻ വു എന്നിവരുടെ രാജി കമ്പനി സ്വീകരിച്ചുകഴിഞ്ഞാൽ, അതിന്റെ വിവരങ്ങൾ ബോർഡ് അംഗങ്ങളോട് അപ്ഡേറ്റ് ചെയ്യും. രാജിവച്ച മൂന്ന് ബോർഡ് അംഗങ്ങളും കോളിൽ സംസാരിച്ചു. ബോർഡ് പുനഃസംഘടിപ്പിക്കുന്നതിന് കമ്പനിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് അവർ നിക്ഷേപകർക്ക് ഉറപ്പ് നൽകിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം $22 ബില്യൺ മൂല്യമുള്ളതും നിക്ഷേപകരായ ജനറൽ അറ്റ്ലാന്റിക് പോലുള്ളവരുടെ പിന്തുണയുള്ളതുമായ ബൈജൂസിന്റെ ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നായിരുന്നു രാജി. ഇത് എഡ്-ടെക് സ്ഥാപനത്തിന്റെ കോർപ്പറേറ്റ് ഭരണത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തി. വിദേശനാണ്യ നിയമങ്ങളുടെ ലംഘനം ആരോപിച്ച് റെയ്ഡിന് ആഴ്ചകൾക്ക് ശേഷമായിരുന്നു പുതിയ സംഭവ വികാസങ്ങൾ.
രാജ്യത്തിന്റെ സാങ്കേതിക വളർച്ചയുടെ ഉന്നതിയിൽ ശതകോടികൾ സമാഹരിച്ച ഒരു സ്ഥാപനം എന്നാൽ അത് ഇപ്പോൾ കടക്കാരുമായി കടുത്ത തർക്കത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കോവിഡ് -19 നിയന്ത്രണങ്ങൾ ഒഴിവാക്കുകയും സ്കൂളുകൾ വീണ്ടും തുറക്കുകയും ചെയ്തതിനാൽ ഓൺലൈൻ ട്യൂട്ടോറിംഗിന്റെ ആവശ്യം കുറഞ്ഞതിനെത്തുടർന്ന് ചെലവ് കുറയ്ക്കുന്നതിനായി കമ്പനി ആയിരക്കണക്കിന് ജോലികൾ വെട്ടിക്കുറച്ചു. പാൻഡെമിക് സമയത്ത്, കുട്ടികൾക്കുള്ള ഓൺലൈൻ ട്യൂട്ടോറിയലുകൾ മുതൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കുളള ഓഫ്ലൈൻ കോച്ചിംഗ് വരെ നൽകി അഭൂതപൂർവമായ വളർച്ചയാണ് ബൈജൂസ് കാഴ്ച വെച്ചത്. കമ്പനി മൂല്യം 2020-ലെ 5 ബില്യൺ ഡോളറിൽ നിന്ന് 2022-ൽ 22 ബില്യൺ ഡോളറായി ഉയർന്നു. വിദേശത്തേക്കും വിവിധ വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ബില്യൺ കണക്കിന് ഡോളറിന്റെ ഏറ്റെടുക്കലുകളും ബൈജൂസ് നടത്തി. എന്നിരുന്നാലും, മൈനർ ഷെയർഹോൾഡറായ ബ്ലാക്ക് റോക്ക് ഈ വർഷം ആദ്യം കമ്പനിയുടെ മൂല്യം 8.4 ബില്യൺ ഡോളറായി കുറച്ചിരുന്നു. സമീപകാലത്ത്, കമ്പനി ഭരണപ്രശ്നങ്ങൾ, ഓഡിറ്റ് കാലതാമസം, ജീവനക്കാരെ പിരിച്ചുവിടൽ, നിയമപ്രശ്നങ്ങൾ എന്നിവയിലും അകപ്പെട്ടു.