കേരളം തികച്ചും ഒരു MSME സൗഹൃദ സംസ്ഥാനമായി മാറിക്കഴിഞ്ഞു. സംരംഭകർ സംസ്ഥാനസർക്കാരിന്റെ MSME സമീപനത്തെ ഏറ്റെടുത്തു കഴിഞ്ഞു. വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾക്ക് വിവിധ വകുപ്പുകൾ കയറിയിറങ്ങാതെ കെ-സ്വിഫ്റ്റിലൂടെ ഇതുവരെ ക്ലിയറൻസ് നേടിയത് 36,713 എംഎസ്എംഇകൾ എന്നത് തന്നെ തെളിവ്. 63,263 സംരംഭകരാണ് ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേരളത്തിന് ഏറ്റവും അനുയോജ്യമായ മേഖലാണ് എം.എസ്.എം.ഇകളുടേത്. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയില്‍ പ്രധാന സംഭാവന നല്കാന് ഇതിനാകും എന്ന തിരിച്ചറിവാണ് സംസ്ഥാന വ്യവസായ വകുപ്പിനെ കെ സ്വിഫ്റ്റ് എന്ന ആരംഭ സഹായ സംവിധാനത്തിലേക്ക് നയിച്ചത്. ഇപ്പോളിതാ എം.എസ്.എം.ഇകളുടെ പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ അതതു സമയം തിരിച്ചറിഞ്ഞ് സഹായിക്കുന്ന സോഫ്റ്റ്വെയര് തയ്യാറാക്കുന്ന ശ്രമം നടക്കുകയാണ്. സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലിൽ കേരളത്തിന്റെ എം.എസ്.എം.ഇ മേഖലയില്‍ അഭിമാനകരമായ വര്‍ഷമാണ് കടന്നുപോയത്. 1,39,840 പുതിയ സംരംഭങ്ങള്‍ ഇതുവരെ തുടങ്ങാനായി.
എം.എസ്.എം.ഇകള്‍ക്ക് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്ന് തെളിയിക്കാന്‍ സംരംഭകവര്‍ഷത്തിലൂടെ സാധിച്ചു. ദേശീയ തലത്തില്‍ വരെ ഇത് അംഗീകരിക്കപ്പെട്ടു. കേരളത്തിന്റെ പരിമിതമായ സൗകര്യങ്ങള്‍ തിരിച്ചറിഞ്ഞ് വ്യവസായരംഗത്ത് നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കാനും നിക്ഷേപം കൊണ്ടുവരാനും സാധിച്ചത് വ്യവസായ വകുപ്പിന്റെ വിജയമാണെന്നാണ് വിലയിരുത്തൽ.
എം.എസ്.എം.ഇ മേഖലയിലെ കുതിപ്പിലൂടെ കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും 8000 കോടിയോളം നിക്ഷേപം കൊണ്ടുവരാനും സാധിച്ചു. കേരളത്തിൽ വേണ്ടത് എം.എസ്.എം.ഇ മേഖലയുടെ വളര്‍ച്ചയ്ക്ക് വിവിധ വകുപ്പുകളുടെ ഏകോപനം തന്നെയാണ്.
എം.എസ്.എം.ഇകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി
ഇക്കഴിഞ്ഞ MSME ദിനത്തിൽ സംസ്ഥാന വ്യവസായ മന്ത്രി നടത്തിയത് നിർണായകമായ ഒരു പ്രഖ്യാപനമാണ്. എം.എസ്.എം.ഇകള്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവരുമെന്നത്. പ്രീമിയത്തില്‍ പകുതി സര്‍ക്കാര്‍ വഹിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതി എം.എസ്.എം.ഇകള്‍ക്കായി ആവിഷ്ക്കരിക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചുകഴിഞ്ഞു.
സംരംഭങ്ങളെ 100 കോടി വീതം ടേണോവർ ഉള്ള സ്ഥാപനങ്ങളാക്കി മാറ്റും
സംരംഭക വര്‍ഷത്തില്‍ പ്രഖ്യാപിച്ച വണ്‍ ലോക്കല്‍ ബോഡി വണ്‍ പ്രൊഡക്ട് (OLOP) പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് ഡിപിആര്‍ തയ്യാറാക്കുന്നതിനുള്ള സഹായമായി വ്യവസായ വകുപ്പ് 50,000 രൂപ നല്‍കും.
മൂന്ന് വര്‍ഷത്തിലധികമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന 1000 എം.എസ്.എം.ഇകള്‍ക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള പ്രൊജക്ട് തയ്യാറാക്കുന്നതിനായി ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കും.
അതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് രണ്ടു കോടി വരെ പ്രവര്‍ത്തന മൂലധനവും നല്‍കും. ഇതിനു പുറമേ വർക്കിംഗ് ക്യാപിറ്റൽ ആയി ലോൺ പലിശയുടെ 50 ശതമാനം (പരമാവധി 50 ലക്ഷം) സർക്കാർ വഹിക്കും.
അഞ്ച് ഏക്കര്‍ സ്ഥലമുള്ള എന്‍ജിനീയറിംഗ് കോളേജുകള്‍ക്ക് കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദവി നൽകും, ഇതിന് നിശ്ചിത ഇന്‍സെന്റീവ് അനുവദിക്കും. മുഖ്യമന്ത്രി തത്വത്തില്‍ അംഗീകാരം നല്കിയ ഈ പദ്ധതി തുടര്‍ നടപടിക്കായി ഉന്നത വിദ്യഭ്യാസ വകുപ്പുമായി ചര്‍ച്ച നടത്തി ജൂലായില്‍ പ്രഖ്യാപിക്കും.
ഏറ്റവും മികച്ച പ്രകടനം നടത്തുന്ന എം.എസ്.എം.ഇ യൂണിറ്റിനും തദ്ദേശ സ്ഥാപനത്തിനും എല്ലാ വര്‍ഷവും അവാര്‍ഡ് നൽകും.
വ്യവസായ മന്ത്രി പി രാജീവ് :
“കഴിഞ്ഞ ഒറ്റ വർഷം 1,39,840 പുതിയ എംഎസ്എംഇ സംരംഭങ്ങൾ സംസ്ഥാനത്ത് തുടങ്ങിയത് ഏതു മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.
സംരംഭകത്വ വർഷം ആചരിക്കുമ്പോൾ സർക്കാർ കണ്ടിരുന്നത് സംരംഭക സമൂഹത്തിൽ ആത്മവിശ്വാസം ഉണ്ടാക്കുക എന്നതായിരുന്നു. അത് സാധിച്ചു. ഈ സാമ്പത്തിക വർഷം ഇതേവരെ 4,184 പുതിയ സംരംഭങ്ങൾ തുടങ്ങിക്കഴിഞ്ഞു.”
എങ്ങിനെ സഹായിക്കും കെ സ്വിഫ്റ്റ് ?
വകുപ്പിൽ നിന്നുള്ള വിവിധ അനുമതിക്കായി സമർപ്പിച്ച 5,469 അപേക്ഷകളിൽ 3,431 അപേക്ഷകൾക്ക് ഇതുവരെ അനുമതി നൽകി. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ സജ്ജമാക്കിയിട്ടുള്ള ഏകജാലക ക്ലിയറൻസ് വെബ് പോർട്ടലായ കെ-സ്വിഫ്റ്റിലൂടെ, സർക്കാരിന് കീഴിലുള്ള 21 വകുപ്പുകളിൽ നിന്നുള്ള 85ലേറെ അനുമതികൾ ഒരൊറ്റ വെബ് പോർട്ടലിലൂടെ നേടിയെടുക്കാം.
ആവശ്യമായ വിവരങ്ങളും രേഖകളുമടക്കം ശരിയായ രീതിയിൽ അപേക്ഷ സമർപ്പിച്ചാൽ സംസ്ഥാന നിയമങ്ങളുടെ കീഴിലുള്ള അനുമതികളെല്ലാം 30 ദിവസത്തിനുള്ളിൽ കെ-സ്വിഫ്റ്റ് വഴി തീർപ്പുകൽപ്പിക്കും. 30 ദിവസത്തിനുള്ളിൽ അനുമതി ലഭ്യമായില്ലെങ്കിൽ കൽപ്പിത അനുമതികൾ നൽകുന്നതിന് പോർട്ടലിൽ സംവിധാനമുണ്ട്.
www.kswift.kerala.gov.in എന്ന കെ-സ്വിഫ്റ്റ് പോർട്ടൽ വഴി ഏതൊരാൾക്കും അപേക്ഷ നൽകാം. ആദ്യം ഇ-മെയിലും മൊബൈൽ നമ്പറും നൽകി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തണം.
വിവിധ വകുപ്പുകളുടെ അനുമതി നേടാനും ലഭിച്ച അനുമതികൾ പുതുക്കാനും File common application form (CAF) for approvals ക്ലിക്ക് ചെയ്യണം.