ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് എമിറേറ്റ് നഗരങ്ങളായ അബുദാബി, അജ്മാൻ, ദുബായ്.
സുരക്ഷയുടെയും സ്ഥിരതയുടെയും അടിസ്ഥാനത്തിൽ ജോലി ചെയ്യാനും ജീവിക്കാനും അനുയോജ്യമായ സ്ഥലമെന്ന നിലയിലാണ് റാങ്കിംഗ്.
ലോകത്തിലെ ഏറ്റവും വലിയ cost of living database ആയ നംബിയോ (Numbeo) പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗോളതലത്തിൽ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബി ഒന്നാം സ്ഥാനത്തെത്തി.
അജ്മാൻ രണ്ടാം സ്ഥാനവും ദുബായ് അഞ്ചാം സ്ഥാനവും നേടി, ദോഹയും തായ്പേയിയും മൂന്നും നാലും സ്ഥാനങ്ങൾ നേടിയപ്പോൾ മസ്കറ്റ് എട്ടാം സ്ഥാനത്താണ്. ജീവിത നിലവാരം, കുറ്റകൃത്യം, ആരോഗ്യ സംരക്ഷണം, മലിനീകരണം, ട്രാഫിക് എന്നിവ ഉൾപ്പെടെ നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ്.
സുരക്ഷിതത്വത്തിൽ യുഎഇ നഗരങ്ങളുടെ ഉയർന്ന റാങ്കിംഗ് അതിന്റെ നിവാസികൾക്ക് ഗുണം ചെയ്യുക മാത്രമല്ല കാര്യമായ വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം, ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പുറത്തിറക്കിയ ഒരു സർവേയിൽ അബുദാബി നിവാസികളിൽ 93 ശതമാനത്തിലധികം പേരും രാത്രിയിൽ ഒറ്റയ്ക്ക് നടക്കുമ്പോഴും സുരക്ഷിതരാണെന്ന് വെളിപ്പെടുത്തിയിരുന്നു. കുറ്റകൃത്യങ്ങൾ കുറയ്ക്കുന്നതിനും റോഡ് ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്നതിനും ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിനുമായി നിരവധി പദ്ധതികളും സുരക്ഷാ സംരംഭങ്ങളും എമിറേറ്റ് ഭരണകൂടം ആവിഷ്കരിച്ചിട്ടുണ്ട്. 2022 മുതൽ അബുദാബി തുടർച്ചയായി ചാർട്ടിൽ ഒന്നാം സ്ഥാനത്താണ്.
ലോകമെമ്പാടുമുള്ള ബിസിനസുകളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിൽ സുരക്ഷിതമായ അന്തരീക്ഷത്തിന്റെ ഉറപ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. സുരക്ഷിതത്വത്തോടുള്ള യുഎഇയുടെ പ്രതിബദ്ധത പകർന്നുനൽകുന്ന ആത്മവിശ്വാസം, സാമ്പത്തിക വളർച്ചയ്ക്കും സമൃദ്ധിക്കുമുള്ള വിശ്വസനീയവും സുരക്ഷിതവുമായ ലക്ഷ്യസ്ഥാനമെന്ന നിലയിൽ എമിറേറ്റിന്റെ ആഗോള പ്രശസ്തി വർദ്ധിപ്പിക്കുന്നു.