അത്ര സുഖകരമല്ല ഇന്ത്യയിലെ ഏവിയേഷൻ മേഖലയിൽ നിന്നുള്ള വാർത്തകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിൽ അടച്ചു പൂട്ടിയത് ഏഴ് എയർലൈനുകൾ.
സക്സസ്, എയർ ഒഡീഷ ഏവിയേഷൻ എന്നിവയുൾപ്പെടെ അഞ്ച് വർഷത്തിനിടെ 7 എയർലൈനുകൾ അടച്ചുപൂട്ടിയതായാണ് കണക്കുകൾ. നിലവിൽ രാജ്യത്ത് 11 ഷെഡ്യൂൾഡ് ഓപ്പറേറ്റർമാരും 5 ഷെഡ്യൂൾഡ് കമ്മ്യൂട്ടർ ഓപ്പറേറ്റർമാരുമുണ്ടെന്ന് ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ സിവിൽ ഏവിയേഷൻ സഹമന്ത്രി വി കെ സിംഗ് വ്യക്തമാക്കി. 2023 ജൂലൈ 21 വരെ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏഴ് എയർലൈനുകൾ അടച്ചുപൂട്ടിയിട്ടുണ്ട്.
- 2019-ൽ ജെറ്റ് എയർവേസ് (ഇന്ത്യ) ലിമിറ്റഡും ജെറ്റ് ലൈറ്റ് (ഇന്ത്യ) ലിമിറ്റഡും അടച്ചുപൂട്ടിയതായി കണക്കുകൾ വ്യക്തമാക്കുന്നു.
- സക്സസ് എയർ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഡെക്കാൻ ചാർട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, എയർ ഒഡീഷ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്നീ മൂന്ന് വിമാനക്കമ്പനികൾ 2020-ൽ അടച്ചുപൂട്ടി.
- ജെറ്റ് എയർവേയ്സ് സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2019 ഏപ്രിൽ 17-ന് സർവീസ് നിർത്തി. അടച്ചുപൂട്ടലിനുശേഷം, ജെറ്റ് എയർവേസ് പാപ്പരത്വ നടപടികൾക്ക് വിധേയമായിരുന്നു.
- എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് 2022 മെയ് 20 ന് വീണ്ടും ഇഷ്യൂ ചെയ്തെങ്കിലും എയർലൈൻ അതിന്റെ പ്രവർത്തനം ആരംഭിച്ചില്ല. ഈ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് 2023 മെയ് 19 ന് കാലഹരണപ്പെട്ടു.
- പ്രാറ്റ് ആൻഡ് വിറ്റ്നി വിമാന കമ്പനിയുടെ എൻജിനുകൾ സമയത്തിന് ലഭിക്കാത്തതു കാരണം ഗോ ഫസ്റ്റ് എയർ ലൈൻ നിലത്തിറക്കിയിട്ട് മാസങ്ങളായി.
ഉടൻ പറക്കാമെന്ന പ്രതീക്ഷയിൽ ഗോ ഫസ്റ്റ്
വിമാനത്തിന്റെ എൻജിൻ ലഭ്യമാക്കുന്നതിൽ അമേരിക്കൻ കമ്പനിയായ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ ഇന്റർനാഷണൽ എയ്റോ എൻജിൻ വീഴ്ചവരുത്തിയതാണ് ഗോ ഫസ്റ്റ് വിമാനക്കമ്പനിയെ വലിയ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോര്ട്ടുകള്. 61 വിമാനങ്ങളുള്ള കമ്പനിയുടെ 28 വിമാനങ്ങൾ പറക്കല് നിര്ത്തിവെച്ചിരിക്കുകയാണ്. ഇതിൽ 25 എണ്ണവും എൻജിനില്ലാത്തതുകൊണ്ടാണ് സർവീസ് നിർത്തിയത്. അതേസമയം, വിവിധ ബാങ്കുകൾ ഫണ്ടിംഗ് നൽകാമെന്ന് സമ്മതിച്ചതോടെ വീണ്ടും പരീക്ഷണ പറക്കൽ നടത്തിയതായി ഗോ ഫസ്റ്റ് അറിയിച്ചു. ഏതു നിമിഷവും തങ്ങളുടെ സർവീസുകൾ പുനരാരംഭിക്കാമെന്ന പ്രതീക്ഷയിലാണിവർ.
മുമ്പ് ഗോ എയർ എന്നറിയപ്പെട്ടിരുന്ന ഗോ ഫസ്റ്റ്, ഇന്ത്യൻ ആഭ്യന്തര വ്യോമമേഖലയിൽ ഒമ്പത് ശതമാനം വിപണി വിഹിതം കൈവശം വച്ചിട്ടുണ്ട്.
11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളിൽ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികൾ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു.
ഇടക്കാല ധനസഹായത്തിന്റെ പിന്തുണയിലാണ് ഗോ ഫസ്റ്റ് പ്രവർത്തനമാരംഭിക്കുക. ജൂൺ 28-ന് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതി ഡിജിസിഎയ്ക്ക് സമർപ്പിച്ചിരുന്നു. തുടർന്ന്, ഡിജിസിഎ മുംബൈയിലെയും ദില്ലിയിലെയും കാരിയറിന്റെ സൗകര്യങ്ങളെക്കുറിച്ച് പ്രത്യേക ഓഡിറ്റ് നടത്തി. ശേഷം ഡിജിസിഎ നിർദേശങ്ങൾ പരിഗണിച്ച് ഗോ ഫസ്റ്റ് പുനരാരംഭിക്കൽ പദ്ധതിയിൽ ഭേദഗതി വരുത്തി.
അനുസരണക്കേടു ശീലമാക്കി ഇൻഡിഗോ
ഇൻഡിഗോ എയർലൈൻസിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പിഴയിട്ടത് 30 ലക്ഷം രൂപ. ആവർത്തിച്ചു ടെയിൽ സ്ട്രൈക്കുകൾ നടത്തിയതിനെത്തുടർന്നാണീ നടപടി. ഒപ്പം കഴിഞ്ഞ ആറുമാസത്തിനിടെ നാലുതവണ വാലറ്റം നിലത്തുരഞ്ഞതു ചൂണ്ടിക്കാട്ടിയാണ് പിഴയിട്ടത്. ഒപ്പം വൈമാനികരുടെ ലൈസൻസും സസ്പെൻഡ് ചെയ്തു. ജൂൺ 15ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ ഇൻഡിഗോ വിമാനത്തിന് ടൈയിൽ സ്ട്രൈക്ക് സംഭവിച്ചിരുന്നു. ഈ സംഭവത്തിൽ ഇൻഡിഗോ ക്യാപ്റ്റന്റെയും സഹപൈലറ്റിന്റെയും ലൈസൻസ് ഡിജിസിഎ റദ്ദാക്കി. ക്യാപ്റ്റന്റെ ലൈസൻസ് മൂന്ന് മാസത്തേക്കും പൈലറ്റിന്റേത് ഒരു മാസത്തേക്കുമാണ് റദ്ദാക്കിയത്.
പ്രത്യേക ഓഡിറ്റ് പരിശോധനയിൽ ഡിജിസിഎ, ഇൻഡിഗോ ഏയർലൈൻസിന്റെ രേഖകളും, പരിശീലനങ്ങളും, ഫ്ലൈറ്റ് ഡേറ്റാ മോണിറ്ററിങ് പരിപാടികളും വിലയിരുത്തിയിരുന്നു. ഇതിൽ ചില പാളിച്ചകൾ കണ്ടെത്തിയതിനാൽ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടി തൃപ്തികരമല്ലാത്തിനാലാണ് പിഴ ചുമത്തിയത്. വിമാനങ്ങളുടെ ലാൻഡിംഗ് സമയത്തോ ടേക്ക് ഓഫ് സമയത്തോ വിമാനത്തിന്റെ വാൽ ഭാഗം നിലത്ത് മുട്ടുന്നതിനെയാണ് ‘ടെയിൽ സ്ട്രൈക്ക്’ എന്ന് പറയുന്നത്. ടെയിൽ സ്ട്രൈക്കിൽ അപകടം സംഭവിക്കില്ലെങ്കിലും ഇത് കാരണം വിമാനത്തിന് കേടുപാടുകൾ ഉണ്ടാകാം. പിന്നീടുള്ള പറക്കലിൽ അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതിനാൽ ടെയിൽ സ്ട്രൈക്ക് സംഭവിച്ചാൽ കൃത്യമായി പരിശോധിച്ച് അറ്റകുറ്റപ്പണികൾ നടത്തിയതിന് ശേഷം മാത്രമേ വിമാനങ്ങൾ സർവീസ് നടത്താൻ പാടുള്ളു. ഇത് തുടർച്ചയായി സംഭവിച്ചതിനാണ് പിഴയിട്ടത്.
കോക്ക്പിറ്റിലേക്ക് ആളുകൾ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ബോധവത്ക്കരണം നൽകാനും നിയമങ്ങൾ കർശനമായി പാലിക്കാനും എയർലൈനുകളോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതീക്ഷയോടെ എയർ ഇന്ത്യ
എയര് ഇന്ത്യയുടെ സബ്സിഡിയറിയായ എയര് ഏഷ്യ ഇന്ത്യയ്ക്ക് എയര് ഇന്ത്യ എക്സ്പ്രസ് എന്ന ബ്രാന്ഡില് വിമാന സര്വീസ് നടത്താന് റഗുലേറ്ററി സ്ഥാപനങ്ങളുടെ അംഗീകാരം ലഭിച്ചു. എയര് ഇന്ത്യ എക്സ്പ്രസിനും എയര് ഏഷ്യ ഇന്ത്യയ്ക്കും നിയമപരമായ ലയനത്തിനു മുന്നോടിയായി വിമാന സര്വീസുകള് എയര് ഇന്ത്യ എക്സ്പ്രസ് എന്ന പൊതു ബ്രാന്ഡില് നടത്താന് ഈ അംഗീകാരം അനുമതി നല്കും.
ഇരു എയര്ലൈനുകളുടെയും കസ്റ്റമര് ടച്ച് പോയിന്റുകള്, ഉല്പന്നങ്ങള്, സേവനങ്ങള് തുടങ്ങിയവ ഒരുമിപ്പിക്കുന്നത് ഉള്പ്പെടെയുള്ള സംയോജന നീക്കങ്ങള് വേഗത്തിലാക്കുന്നതാണ് ഈ നടപടി.
സംയോജനവുമായി ബന്ധപ്പെട്ട നിരവധി നിര്ണായക ചുവടു വെപ്പുകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളില് എയര് ഇന്ത്യ എക്സ്പ്രസും എയര് ഏഷ്യ ഇന്ത്യയും നടത്തിയത്. മാര്ച്ച് മാസത്തില് സംയോജിത വെബ്സൈറ്റ് അവതരിപ്പിച്ച് ഇരു എയര്ലൈനുകളുടേയും സേവനങ്ങള് ഒറ്റ സംവിധാനത്തിലൂടെ നല്കാൻ തുടങ്ങി. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി എക്സ്പ്രസ് എഹെഡ് മുന്ഗണന സേവനങ്ങള് ഇരു എയര്ലൈനുകളിലേക്കും വിപുലമാക്കിയിരുന്നു. മുന്ഗണനാ ചെക് ഇന്, ബോര്ഡിങ്, ലഗേജ് തുടങ്ങിയവയാണ് ഇതിലൂടെ നല്കുക. മറ്റു നിരവധി സേവനങ്ങളും പൊതു സബ് ബ്രാന്ഡുകളും ഇരു എയര്ലൈനുകളും സംയോജിപ്പിക്കും. എയര് ഇന്ത്യ എക്സ്പ്രസ് 20 ഇന്ത്യന് നഗരങ്ങളില് നിന്ന് 14 അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്കാണ് സര്വീസ് നടത്തുന്നത്. എയര് ഏഷ്യ ഇന്ത്യ 19 ആഭ്യന്തര കേന്ദ്രങ്ങളിലേക്കും സർവീസ് നടത്തുന്നു.