ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പെൻസിൽ നിർമ്മാതാക്കളായ DOMS ഇൻഡസ്ട്രീസ്, 1,200 കോടി രൂപയുടെ ഇനിഷ്യൽ പബ്ലിക് ഓഫറിംഗിന് ഒരുങ്ങുന്നു. ഐപിഒ ഡ്രാഫ്റ്റ് പേപ്പറുകൾ ആഗസ്റ്റ് രണ്ടാം വാരത്തിൽ സെബിയിൽ ഫയൽ ചെയ്യും. ജെഎം ഫിനാൻഷ്യൽ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ ലിമിറ്റഡ്, ബിഎൻപി പാരിബാസ് എന്നിവയെ കമ്പനി ബാങ്കർമാരായി നിയമിച്ചിട്ടുണ്ട്.
DOMS-ൽ 51% ഓഹരിയുള്ള ഇറ്റലിയിലെ F.I.L.A ഗ്രൂപ്പ് ഇഷ്യൂവിൽ 800 കോടി രൂപയുടെ ഓഹരികൾ വാഗ്ദാനം ചെയ്യാൻ പദ്ധതിയിടുന്നു. കമ്പനിയുടെ ഇന്ത്യൻ പ്രൊമോട്ടർമാരിൽ രവേഷിയ, രജനി ഫാമിലിയും ഉൾപ്പെടുന്നു.

ഏഷ്യാ പസഫിക് മേഖലയിലുടനീളമുള്ള സ്റ്റേഷനറി വ്യവസായത്തിൽ ഏറ്റവും വലിയ ഒറ്റ-ലൊക്കേഷൻ നിർമ്മാണ സൗകര്യം സ്ഥാപിക്കാൻ കമ്പനി ഈ വരുമാനം ഉപയോഗിക്കും. നിലവിലെ പ്ലാന്റിനെ പാട്ടഭൂമിയിൽ നിന്ന് ഉടമസ്ഥതയിലുള്ള സൗകര്യങ്ങളിലേക്ക് മാറ്റുക, നിർമാണ ശേഷി വർധിപ്പിക്കുക, പുതിയ ഉൽപ്പന്നങ്ങൾക്കായി പ്ലാന്റുകൾ സ്ഥാപിക്കുക, പഴയ യന്ത്രസാമഗ്രികൾ നവീകരിക്കുക എന്നിവയാണ് നിക്ഷേപം ലക്ഷ്യമിടുന്നത്.
കോവിഡ് -19 ന് ശേഷം സ്റ്റേഷനറി വിപണി കുതിച്ചുയർന്നതോടെ DOMSന്റെ വരുമാനത്തിൽ 77% വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

ഇത് 2022 ലെ 683 കോടി രൂപയിൽ നിന്ന് 1,212 കോടി രൂപ വരുമാനവുമായി 2023 സാമ്പത്തിക വർഷം നേട്ടം കൊയ്യാനിടയാക്കി. ഈ വളർച്ച പ്രധാനമായും അവരുടെ പെൻസിൽ വിഭാഗത്തിനുള്ള ശക്തമായ ഡിമാൻഡാണ്. DOMS-ന് നിലവിൽ പ്രതിദിനം 6.5 ദശലക്ഷം പെൻസിലുകളുടെ നിർമാണ ശേഷിയുണ്ട്. നടരാജ്, അപ്സര പെൻസിലുകളുടെ നിർമ്മാതാവായ ഹിന്ദുസ്ഥാൻ പെൻസിൽസ് പ്രൈവറ്റ് ലിമിറ്റഡാണ് നിലവിൽ ഒന്നാമതുളളത്.
ഈ വർഷം ആദ്യം, DOMS കളിപ്പാട്ട നിർമ്മാതാക്കളായ Clapjoy-ൽ 30% ഓഹരികൾ സ്വന്തമാക്കി പുതിയ സെഗ്‌മെന്റുകളിലേക്ക് അതിന്റെ സാന്നിധ്യം വിപുലീകരിച്ചിരുന്നു. കമ്പനിക്ക് 100-ലധികം സൂപ്പർ സ്റ്റോക്കിസ്റ്റുകൾ, 3,500 ഡീലർമാർ, കൂടാതെ 100,000-ലധികം മൊത്തവ്യാപാരികളുടെയും ചില്ലറ വ്യാപാരികളുടെയും ശൃംഖലയുണ്ട്. പ്രീമിയം, ഇക്കോണമി വിഭാഗങ്ങലിൽ DOMS, C3 എന്നീ രണ്ട് ബ്രാൻഡുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നു.

സ്റ്റേഷനറി വ്യവസായത്തിൽ നിന്ന് അടുത്തിടെ ഐപിഒ ഫയൽ ചെയ്യുന്ന രണ്ടാമത്തെ കമ്പനിയാണ് DOMS. ഈ മാസം ആദ്യം, പേന നിർമ്മാതാക്കളായ ഫ്ലെയർ റൈറ്റിംഗ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഐപിഒ വഴി 745 കോടി രൂപ സമാഹരിക്കാൻ സെബിയിൽ പ്രാഥമിക രേഖകൾ സമർപ്പിച്ചിരുന്നു.