കൊച്ചി നഗരത്തിനുള്ളിലെ കലാ സാംസ്കാരിക കേന്ദ്രമായ ചങ്ങമ്പുഴ പാർക്ക് നവീകരണത്തിനായി തയാറെടുക്കുകയാണ്.

നവീകരണ സംരംഭം, ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയും (ജിസിഡിഎ) കൊച്ചിൻ സ്മാർട്ട് മിഷൻ ലിമിറ്റഡും (സിഎസ്എംഎൽ) സംയുക്തമായാണ് നടത്തുന്നത്. 4 കോടി രൂപ ചെലവ് വരുന്ന നവീകരണ പ്രവർത്തനങ്ങൾക്ക് സെപ്തംബർ 1 ന് തുടക്കമിട്ടു കഴിഞ്ഞു.

വർഷം മുഴുവനും പാർക്കിൽ കലാ സാംസ്കാരിക പരിപാടികൾ
ഇടപ്പള്ളിയിൽ ജനിച്ച ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ പേരിലുള്ള ഈ പാർക്ക് അന്നത്തെ കേരള മുഖ്യമന്ത്രിയായിരുന്ന അച്യുതമേനോനാണ് ഉദ്ഘാടനം ചെയ്തത്. പാർക്കിന് 12 ലക്ഷം രൂപയാണ് വാർഷിക അറ്റകുറ്റപ്പണി ചെലവ് ജിസിഡിഎ കണക്കാക്കുന്നത്.ചങ്ങമ്പുഴ കൾച്ചറൽ സെന്റർ (CSK) ആണ് ചങ്ങമ്പുഴ പാർക്ക് ഇപ്പോൾ പരിപാലിക്കുന്നത്. അറ്റകുറ്റപ്പണികൾക്കുള്ള ഗ്രാന്റായി ജിസിഡിഎ ഒരു നിശ്ചിത തുക നൽകുന്നുണ്ട്.

കാലാനുസൃതമായ മാറ്റങ്ങൾ അവതരിപ്പിച്ചു കൊണ്ടുള്ള നവീകരണമാണ് പാർക്കിൽ നടത്തുന്നത്. കൂടുതൽ പ്രേക്ഷകരെ ഉൾക്കൊള്ളുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കും.. ജിസിഡിഎ സ്ഥലം ഏറ്റെടുത്ത് 1977-ൽ സ്ഥാപിതമായതാണ് പാർക്ക്.