ഇനി ഒരു രാജ്യം, ഒരു കാർഡ്. രാജ്യത്തെവിടെയും ഡിജിറ്റലായി യാത്ര ചെയാൻ ഒപ്പമുണ്ടാകും ഇനി എസ്ബിഐ ട്രാൻസിറ്റ് കാർഡ്.
ബസ്സ്, മെട്രോ തുടങ്ങിയ രാജ്യത്തെ പൊതു ഗതാഗത മാർഗങ്ങളിൽ പണം നൽകാതെ ഉപയോഗിക്കാവുന്ന ട്രാൻസിറ്റ് കാർഡ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) അവതരിപ്പിച്ചു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്യാം, ഒപ്പം റീട്ടെയിൽ പേയ്മെന്റും സാധ്യമാക്കാം എന്നതാണ് പ്രത്യേകത.
ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സഞ്ചാരികൾക്കായി രാജ്യത്തെ ആദ്യ ട്രാൻസിറ്റ് കാർഡ് SBI Transit Card അവതരിപ്പിച്ചു. ഇന്ത്യയിലെവിടെയുമുള്ള ഗതാഗതമാർഗങ്ങളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒറ്റ കാർഡ് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ബസ്, മെട്രോ, ജലയാത്രകൾ, പാർക്കിങ് എന്നിവയിലെല്ലാം പ്രയോജനപ്പെടുത്താവുന്ന കാർഡാണിത്. മെട്രോ യാത്രകളിൽ സ്കാൻ ചെയ്ത് യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന കാർഡുകൾക്ക് സമാനമാണിത്. ഈ ട്രാൻസിറ്റ് കാർഡുപയോഗിച്ച് റീട്ടെയിൽ , ഇ-കൊമേഴ്സ് പേയ്മെന്റുകളും നടത്താൻ സാധിക്കും. മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് വേദിയിലാണ് കാർഡ് പുറത്തിറക്കിയിത്.
രാജ്യത്തെ ആദ്യ ട്രാൻസിറ്റ് കാർഡ്, റുപേ, നാഷണൽ കോമൺ മൊബിലിറ്റികാർഡ് (NCMC) എന്നിവയുടെ സാങ്കേതിക പിന്തുണയോടു കൂടിയാണ് പുറത്തിറക്കിയിരിക്കുന്നത്. ‘ഒരു രാജ്യം, ഒരു കാർഡ്’ ‘One Nation One Card’ എന്ന ലക്ഷ്യത്തോടെയാണ് പുതിയ കാർഡ് അവതരിപ്പിച്ചിരിക്കുന്നത്.
രാജ്യത്തെ പല റീടെയിലർമാരും, ഇ-കൊമേഴ്സ് വെബ്സൈറ്റുകളും ഈ കാർഡിൽ നിന്നുള്ള പേയ്മെന്റ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. 2019 മുതൽ എൻസിഎംസിയുമായി സഹകരിച്ച് എസ്ബിഐ വിവിധ തരം കാർഡുകൾ അവതരിപ്പിച്ചിട്ടുണ്ട്. സിറ്റി വൺ കാർഡ്, മുംബൈ വൺ കാർഡ്, നാഗ്പൂർ മെട്രോ മഹാ കാർഡ്, സിംഗാര ചെന്നൈ കാർഡ്, ഗോ സ്മാർട്ട് കാർഡ് തുടങ്ങി വിവിധ തരം കാർഡുകളാണ് ഇതുവരെ SBI പുറത്തിറക്കിയിട്ടുള്ളത്. ഇവയുടെ സേവനങ്ങൾ എല്ലാം ഒരുമിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ ഒരൊറ്റ കാർഡ് ഇന്ത്യക്കായി പുറത്തിറക്കിയിരിക്കുന്നത്.
ഇന്ത്യ മുഴുവൻ ഉപയോഗിക്കാവുന്ന കാർഡുകൾക്ക് വിവിധ ഗതാഗത വകുപ്പുകൾ എൻസിഎംസിയിൽ അംഗങ്ങളാകേണ്ടതാണ്. ഇത്തരത്തിൽ ലിങ്ക് ചെയ്തിരിക്കുന്ന ഗതാഗത മാർഗങ്ങളിലായിരിക്കും ഈ കാർഡ് ഉപയോഗിക്കാൻ സാധിക്കുക.
തങ്ങളുടെ ഉപഭോക്താക്കളുടെ ബാങ്കിങ് അനുഭവവും, നിത്യജീവിതത്തിലെ വിവിധ കാര്യങ്ങളും ലളിതമാക്കാൻ എസ്ബിഐ പ്രതിജ്ഞാബദ്ധമാണെന്ന് എസ്ബിഐ ചെർമാൻ ദിനേഷ് കുമാർ ഖാര പറഞ്ഞു.