ലോകത്തിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സമ്മേളനമായ ദുബായ് ജൈടെക്സ് എക്സ്പോയില്‍ (Gitex) തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുള്ള 50 സ്റ്റാര്‍ട്ടപ്പുകള്‍. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ തിങ്കളാഴ്ച ആരംഭിച്ച നാല് ദിവസത്തെ ജൈടെക്സ് നോര്‍ത്ത് സ്റ്റാര്‍ എന്ന സ്റ്റാര്‍ട്ടപ്പ് പരിപാടിയിലാണ് കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നത്.

ജൈടെക്സ് നോര്‍ത്ത് സ്റ്റാറിന്‍റെ ഭാഗമായി നടക്കുന്ന സൂപ്പര്‍നോവ ചലഞ്ചിലും കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്നുണ്ട്.

സംരംഭകര്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന സൂപ്പര്‍നോവ ചലഞ്ചിന്‍റെ സെമിഫൈനലിലേക്ക് കേരളത്തില്‍ നിന്നുള്ള 8 സ്റ്റാര്‍ട്ടപ്പുകള്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജെന്‍ റോബോട്ടിക്സ്, ബ്രെയിന്‍വയേര്‍ഡ്, ഹൈപ്പര്‍ക്വാഷ്യന്‍റ്, അകുട്രോ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്, ഐറോവ്, നോവല്‍ സസ്റ്റെയ്നബിലിറ്റി, ടുട്ടിഫ്രൂട്ടി, ഇസ്ട്രോടെക് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് സൂപ്പര്‍നോവ ചലഞ്ചിന്‍റെ സെമിഫൈനലിലേക്ക് എത്തിയത്.

ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജൈടെക്സ് നോര്‍ത്ത് സ്റ്റാര്‍ അവസരമൊരുക്കും. ജൈടെക്സിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും ഇത്രയധികം കമ്പനികള്‍ ഈ മേളയില്‍ പങ്കെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വിവര സാങ്കേതികവിദ്യ, റോബോട്ടിക്സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, സോഫ്റ്റ് വെയര്‍, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയ മേഖകളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകളാണ് ജൈടെക്സില്‍ കേരളത്തില്‍ നിന്നും പങ്കെടുക്കുന്നത്. ആഗോള തലത്തിലെ വിപുലമായ സാങ്കേതിക ഉല്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ജൈടെക്സിലൂടെ കേരളത്തില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ്- നിക്ഷേപക സാധ്യതകള്‍ തുറക്കാനുള്ള അവസരം ലഭിക്കും.  
 
ജൈടെക്സിലെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ പവലിയന്‍ ഫാത്തിമ ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കെ.പി.ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. ദുബായ് ജൈടെക്സിന്‍റെ നാല്പത്തി മൂന്നാമത് പതിപ്പില്‍ നൂറ്റി എഴുപത് രാജ്യങ്ങളില്‍ നിന്നായി അയ്യായിരത്തില്‍ പരം കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വാണിജ്യ-നിക്ഷേപ അവസരങ്ങള്‍ നേടുന്നതിന് പുറമെ സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും ജൈടെക്സിലൂടെ സാധിക്കുമെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. സ്വന്തം ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഗള്‍ഫിലെ നിക്ഷേപകരുമായി ബന്ധമുറപ്പിക്കാന്‍ ഇത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version