കൊച്ചി റിഫൈനറി പിപി പ്ലാന്റിൽ 5,044 കോടി രൂപയുടെ നിക്ഷേപം നടത്താൻ ഭാരത് പെട്രോളിയം.
രാജ്യത്തിന്റെ വർധിച്ചു വരുന്ന പെട്രോകെമിക്കൽ ആവശ്യങ്ങൾക്ക് മുന്നിൽ കണ്ടാണ് കൊച്ചി റിഫൈനറിയിൽ പോളിപ്രൊപ്പിലിൻ നിർമാണ യൂണിറ്റ് പണിയാൻ നിക്ഷേപം നടത്തുന്നതെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പറഞ്ഞു. വർഷത്തിൽ 400,000 ടൺ നിർമാണ ശേഷിയുള്ള ഫാക്ടറിയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിന് അനുമതി ലഭിച്ച് കഴിഞ്ഞാൽ രണ്ടര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുഖഛായ മാറും
ദിവസവും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിർമാണത്തിന് ആവശ്യമായ രാസവസ്തുവാണ് പോളിപ്രൊപ്പിലിൻ.
ഫിലിം പാക്കേജിംഗ്, ഷീറ്റ്, ബോക്സ്, കണ്ടെയ്നർ, ബാഗ്, ഹോം കെയർ, പേഴ്സണൽ കെയർ തുടങ്ങിയ വ്യവസായ മേഖലകളിൽ പോളിപ്രൊപ്പിലിൻ അത്യാവശ്യഘടകമാണ്.
സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള തങ്ങൾക്കുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമാണ് കൊച്ചി റിഫൈനറിയിലെ പോളിപ്രൊപ്പിലിൻ നിർമാണ യൂണിറ്റെന്ന് ബിപിസിഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി. കൃഷ്ണകുമാർ പറഞ്ഞു. രാജ്യത്തിന്റെ വ്യവസായിക മേഖലയെ രൂപാന്തരപ്പെടുത്താൻ കൊച്ചിയിലെ യൂണിറ്റിന് സാധിക്കും.
65:35 എന്ന ഡെബ്റ്റ്-ഇക്വിറ്റി അനുപാതത്തിലാണ് നിക്ഷേപം നടത്തുന്നത്. പിപി യൂണിറ്റിന് വേണ്ടി കമ്പനിയുടെ ഡയറക്ടർ ബോർഡ് അനുമതി നൽകി. ബിപിസിഎല്ലിന്റെ ഫാക്ടറി വരുന്നതോടെ പോളിപ്രൊപ്പിലിൻ ഹബ്ബായി മാറാനുള്ള സംസ്ഥാനത്തിന്റെ സാധ്യതകൾ തെളിഞ്ഞു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാനും പദ്ധതി ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.